Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓരോ ദിവസവും ഇരട്ടിച്ചു കൊറോണ; ശനിയാഴ്‌ച്ചത്തെ ആഘോഷത്തിനു ശേഷം ഒരു ദിവസം പോലും രോഗം വളരാതിരുന്നിട്ടില്ല; എങ്ങനെയാണ് ബ്രിട്ടൻ വീണ്ടും കൊറോണയ്ക്ക് അടിമപ്പെട്ടത്

ഓരോ ദിവസവും ഇരട്ടിച്ചു കൊറോണ; ശനിയാഴ്‌ച്ചത്തെ ആഘോഷത്തിനു ശേഷം ഒരു ദിവസം പോലും രോഗം വളരാതിരുന്നിട്ടില്ല; എങ്ങനെയാണ് ബ്രിട്ടൻ വീണ്ടും കൊറോണയ്ക്ക് അടിമപ്പെട്ടത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സൂപ്പർ സാറ്റർഡേ ആഘോഷമാക്കിയവരാണ് ഇന്ന് ബ്രിട്ടൻ അഭിമുഖീകരിക്കുന്ന രണ്ടാം രോഗവ്യാപനത്തിന് കാരണമെന്ന് ഔദ്യോഗിക വിവരങ്ങളുടെ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ന്, ഓരോ ദിവസവും രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 54% കൂടുതലാണെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു. മാസങ്ങൾ അടച്ചിട്ടശേഷം വീണ്ടും തുറന്നപ്പോൾ ആയിരക്കണക്കിന് ആളുകളാണ് പബ്ബുകളിലും റെസ്റ്റോറന്റുകളിലും, ഹെയർ ഡ്രസ്സിങ് സലൂണുകളിലുമൊക്കെ തടിച്ചുകൂടിയത്. അന്നേ പല ശാസ്ത്രജ്ഞരും ഇത് അതീവ് ഗുരുതരമായ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മറ്റുചിലർ പറഞ്ഞിരുന്നത്, കൊറോണയോടൊപ്പം ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാനുള്ള ഒരു അവസരമാണിതെന്നായിരുന്നു.

മാധ്യമങ്ങൾക്ക് ലഭ്യമായ സർക്കാർ കണക്കുകൾ കാണിക്കുന്നത്, ഈ സ്വാതന്ത്ര്യാഘോഷം കഴിഞ്ഞ് ദിവസങ്ങൾക്കകം രോഗവ്യാപനം വർദ്ധിക്കുവാൻ തുടങ്ങി എന്നാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും, ലക്ഷണങ്ങൾ പ്രകടമാക്കുവാൻ രണ്ടാഴ്‌ച്ച വരെ സമയമെടുക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലായ് 9 ന് അവസാനിച്ച വാരത്തിലെ പ്രതിദിന രോഗബാധിതരുടെ ശരാശരി എണ്ണം 556 ആയിരുന്നു. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 32 ശതമാനം കുറവ്. എന്നാൽ അതിന് തൊട്ടുമുൻപത്തെ ആഴ്‌ച്ചയിൽ ഇത് 39 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, ഇതുമാത്രമല്ല, സൂപ്പർ സാറ്റർഡേയ്ക്ക് മേൽ കുറ്റം ചാർത്താനുള്ള കണക്ക്. ജൂലായ് 13 ന് അവസാനിച്ച ആഴ്‌ച്ചയിലെ പ്രതിദിന ശരാശരി 624 ആയിരുന്നു. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 6 ശതമാനം കൂടുതൽ ഈ ആഴ്‌ച്ചമുതൽക്കാണ് രോഗവ്യാപന തോത് ക്രമമായി വർദ്ധിക്കുവാൻ തുടങ്ങിയത്.എന്നിരുന്നാലും ഓഗസ്റ്റ് മദ്ധ്യത്തോടെ രോഗവ്യാപനത്തിൽ ഒരു കുറവ് കണ്ടു. ഇതിന്റെ കാരണം വ്യക്തമല്ല. പക്ഷെ അതൊരു താത്ക്കാലിക പ്രതിഭാസം മാത്രമായിരുന്നു. മാസാവസാനത്തോടെ രോഗവ്യാപനം വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങി. പിന്നീട് സെപ്റ്റംബർ ആദ്യത്തോടെ ലക്ഷക്കണക്കിന് കുട്ടികൾ സ്‌കൂളുകളിലേക്കും ആളുകൾ തൊഴിലിടങ്ങളിലേക്കും പോകാൻ തുടങ്ങിയതോടെ രോഗവ്യാപന നിരക്ക് കുത്തനെ കൂടാൻ തുടങ്ങി.

ഈ അവസരത്തിലാണ് റൂൾ ഓഫ് സിക്സ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -ചെയ്ത മൊത്തം പരിശോധനകളിൽ എത്ര എണ്ണത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടു എന്ന കണക്ക്- കാര്യമായി വർദ്ധിക്കാത്തതിനാൽ രോഗവ്യാപനം വർദ്ധിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നു പറയുന്നവരും ഉണ്ട്. പരിശോധനകളുടെ എണ്ണം കൂടിയതിനാൽ മാത്രമാണ് ഇപ്പോൾ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.

അതേസമയം സ്പെയിനിലും ഫ്രാൻസിലും സംഭവിക്കുന്നതിനോട് സമാനമായി ഓരോ ആഴ്‌ച്ചയിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് മുഖ്യ ശാസ്ത്രോപദേഷ്ടകരായ ക്രിസ് വിറ്റിയും പാട്രിക് വാലൻസും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് പഴയ കണക്കുകളാണെന്നും, നിലവിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഓരോ രണ്ടാഴ്‌ച്ചയും കൂടുമ്പോഴാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നുമാണ് മറ്റ് ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, നിലവിലുള്ള രോഗവ്യാപന നിരക്ക് കാണിക്കുന്നത് രോഗികളുടെ എണ്ണം 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇരട്ടിക്കുന്നു എന്നാണ്.

എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് ഡാറ്റാ വിവരങ്ങൾ കാണിക്കുന്നത് ടെസ്റ്റ് പോസിറ്റീവ് റേറ്റിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നാന്. ജൂലായ് 17 ന് അവസാനിക്കുന്ന ആഴ്‌ച്ചയിൽ, നടത്തിയ മൊത്തം പരിശോധനകളിൽ 1.12 ശതമാനം പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ നിലവിൽ ഇത് 3.28 ശതമാനമാണ്. അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 377 ശതമാനം വർദ്ധിച്ചു എന്നർത്ഥം. ഇത് തീർച്ചയായും ആശങ്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്.

അതേസമയം ബ്രിട്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വിഗാൻ, സ്റ്റോക്ക്പോർട്ട്, ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ ഇന്നുമുതൽ ലോക്ക്ഡൗൺ നിലവിൽ വരാനിരിക്കേ ലീഡ്സിൽ ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. അവസാനമായി ഒരു പെഗ്ഗ് ആസ്വദിക്കാൻ എത്തിയവരെ കൊണ്ട് പബ്ബുകളും ബാറുകളും നിറഞ്ഞു. ഇന്നുമുതൽ നഗരത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും. നഗരവാസികൾക്ക്, തങ്ങളുടെ കുടുംബത്തിന് വെളിയിൽ താമസിക്കുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ അനുവാദമില്ല. അതുപോലെ വെസ്റ്റ് യോർക്ക്ഷയറിലെ ചില വാർഡുകൾ നേരത്തേ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവയും ഇനിമുതൽ ലോക്ക്ഡൗൺ മേഖലക്ക് കീഴിൽ വരും.

അതുപോലെ നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ചില പട്ടണങ്ങളിലും വെയിൽസിന്റെ ചില ഭാഗങ്ങളിലും ഇന്ന് മുതൽ ലോക്ക്ഡൗൺ നിലവിൽ വരും. വിഗാനിലും സ്റ്റോക്ക്പോർട്ടിലും ഇപ്പോൾ ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വരും. ഇവിടങ്ങളിൽ നേരത്തേ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP