Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ 1200 ഓളം കെയർ ഹോമുകൾ കൊറോണക്ക് ശേഷം അടച്ചുപൂട്ടും; തൊഴിൽ രഹിതരാവുന്നത് മലയാളികൾ അടക്കം അനേകം കെയറർമാർ; നഴ്സുമാരെ കൊത്തിയെടുക്കാൻ കാത്ത് എൻ എച്ച് എസും

ബ്രിട്ടനിലെ 1200 ഓളം കെയർ ഹോമുകൾ കൊറോണക്ക് ശേഷം അടച്ചുപൂട്ടും; തൊഴിൽ രഹിതരാവുന്നത് മലയാളികൾ അടക്കം അനേകം കെയറർമാർ; നഴ്സുമാരെ കൊത്തിയെടുക്കാൻ കാത്ത് എൻ എച്ച് എസും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണയുടെ ആക്രമണം ലോകമെമ്പാടുമുള്ള പല മേഖലകളേയും വിപരീതമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല ബിസിനസ്സ് സ്ഥാപനങ്ങളും ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയിട്ടു തുറക്കാനാകാത്ത സ്ഥിതിയിലുമാണ്. ആരോഗ്യ സംരക്ഷണ മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. പത്തിൽ ഒരുഭാഗം കെയർഹോമുകൾ വീതം പൂട്ടേണ്ടിവരും എന്നാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഇവയിൽ താമസിക്കുന്ന പ്രായമായവരെ മറ്റ് കെയർ ഹോമുകളിലേക്ക് മാറ്റേണ്ടതായും വരും.എജൻസി സ്റ്റാഫ്, സംരക്ഷണ കവചങ്ങൾ എന്നിവയിൽ വന്ന ഭീമമായ ചെലവാണ് പല കെയർഹോമുകളും അടച്ചുപൂട്ടൽ ഭീതിയിൽ ആകുവാൻ കാരണം.

ആയിരത്തിൽ അധികം കെയർഹോമുകൾ അടച്ചുപൂട്ടേണ്ടതായി വരും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതായത്, അടുത്ത് മറ്റ് കെയർ ഹോമുകൾ ലഭ്യമല്ലെങ്കിൽ ഇതിൽ പലതിലേയും അന്തേവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും ദൂരേക്ക് മാറേണ്ടതായി വരും. യു കെ യിൽ മൊത്തമുള്ള 11,293 കെയർ ഹോമുകളിൽ 1200 ഓളം കെയർ ഹോമുകൾ കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാൽ അടച്ചുപൂട്ടേണ്ടിവരും എന്നാണ് ഓപ്പസ് ബിസിനസ് സർവീസസ് സീനിയർ അഡൈ്വസർ നിക്ക് ഹുഡ് പറയുന്നത്. ഇത് ഒരു പ്ക്ഷെ ഇരട്ടിയാകാമെന്നും അദ്ദേഹം പറയുന്നു.

കെയർ ഹോമുകളുടെ വായ്പ പുനർഘടന ചെയ്യുന്നതിൽ വിദഗ്ദനായ ഹുഡ്പറയുന്നതനുസരിച്ചാണെങ്കിൽ നല്ല സമയത്ത് പോലും മിക്ക കെയർ ഹോമുകളും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല. അപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചു നിൽക്കുക എന്നതുപോലും ദുഷ്‌ക്കരമായേക്കും.കെയർ ഹോം അന്തേവാസികളിൽ എത്രപേർ ഇനിയും കോവിഡിന് ഇരയാകുമെന്നത് ഇപ്പോൾ പറയാനാകില്ല. മാത്രമല്ല, കെയർ ഹോമുകളിൽ കുടുംബത്തിലെ മുതിർന്നവരെ ചേർക്കുന്നതിൽ ആളുകൾക്ക് ഇപ്പോഴുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇനി എത്രനാളുകൾ കൂടി വേണമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

കോവിഡ് മരണങ്ങൾ മൂലം അന്തേവാസികളുടെ എണ്ണം കുറഞ്ഞതും വർദ്ധിച്ചുവരുന്ന ചെലവുകളും ധാരാളം കെയർ ഹോമുകൾ അടച്ചുപൂട്ടാൻ കാരണമായേക്കാം എന്ന് ഒരു കെയർ ആൻഡ് ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒഴിഞ്ഞ കിടക്കകൾ വരുമാനത്തിൽ കാര്യമായ കുറവുവരുത്തുമ്പോൾ, ഈ മഹാവ്യാധി ഇനിയും എത്രനാൾ കൂടി നീണ്ടുനിൽക്കും എന്നതറിയാതെ മിക്കവരും പുതിയ അന്തേവാസികളെ ഏറ്റെടുക്കാൻ മടിക്കുകയുമാണ്. രോഗവ്യാപനത്തിന്റെ സാദ്ധ്യത ശക്തമായി നിലനിൽക്കുന്നതിനാൽ കുടുംബാംഗങ്ങളും വീട്ടിലെ പ്രായമായവരെ കെയർ ഹോമുകളിൽ ചേർക്കുന്നതിന് വിസമ്മതിക്കുന്നു.

നോർത്ത് ലണ്ടനിലെ ഫ്രിയറി ലോഡ്ജ് ജീവനക്കാരുടെ പ്രശ്നവും കൊറോണ വ്യാപനം മൂലമുള്ള മറ്റ് പ്രവർത്തന പ്രശ്നങ്ങളും കാരണം ഈ മാസം അടച്ചുപൂട്ടിയിരുന്നു. അവിടെയുള്ള അന്തേവാസികളോട് മറ്റിടങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെയർ ഹോം മേഖലയിലെ പ്രശ്നങ്ങൾ പ്രായമായവരെ ഗുരുതരമായി ബാധിക്കുമെന്ന് വിവിധ സന്നദ്ധസംഘടനകളും എം പി മാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്രനാളും സ്വന്തം കുടുംബം പോലെ കരുതിയിരുന്ന ഒരിടം അടച്ചുപൂട്ടുകയും അവിടെയുണ്ടാക്കിയ സൗഹൃദങ്ങൾ ഉപേക്ഷിച്ച് പുതിയൊരിടത്തേക്ക് ചേക്കേറേണ്ടി വരുന്നതുമായ ഒരു അവസ്ഥ തീർച്ചയായും അവരിൽ കടുത്ത മാനസിക സംഘർഷത്തിനിടയാക്കും. മാത്രമല്ല, ഒരു പരിധിക്കപ്പുറം കെയർ ഹോമുകൾ അടച്ചുപൂട്ടുകയാണെങ്കിൽ മുതിർന്നവരെ സംരക്ഷിക്കുവാൻ വേറെ വഴികൾ അന്വേഷിക്കേണ്ടതായും വരും.

ഇത്തരം കെയർ ഹോമുകളിലെ അന്തേവാസികൾ അനുഭവിക്കുവാൻ പോകുന്ന മറ്റൊരു പ്രശ്നം അവരുടെ പ്രിയപ്പെട്ടാവരിൽ നിന്നും ദൂരേക്ക് പോവുക എന്നതാണ് ഇതും കടുത്ത മാനസിക സമ്മർദ്ദത്തിനും വിഷാദരോഗത്തിനും വരെ കാരണമായേക്കാം എന്നും വിലയിരുത്തപ്പെടുനുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി 3,2 ബില്ല്യൺ പൗണ്ടിന്റെ ധനസഹായം സർക്കാർ തദ്ദേശ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ട്. കെയർ ഹോമുകളിലെ രോഗവ്യാപനം തടയുന്നതിനായി മാത്രം 600 മില്ല്യൺ പൗണ്ട് വേറെയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് ലഭിക്കുവാൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നാണ് പല കെയർഹോം നടത്തിപ്പുകാരും പറയുന്നത്. പ്രാദേശിക ഭരണകൂടങ്ങൾ ഈ ധനസഹായം അർഹിക്കുന്നവർക്ക് നൽകാതെ കൈവശം വച്ചിരിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഈ മേഖലയിൽ പ്രതിസന്ധി രാജ്യത്തെ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ ഇടയാക്കും എന്നതുമൊരു വാസ്തവം തന്നെയാണ് മലയാളികൾ ഉൾപ്പടെ നിരവധിപേരാണ് കെയറർമാരായും മറ്റും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. കെയർ ഹോമുകൾ അടച്ചുപൂട്ടുന്നതോടെ ഇവർക്ക് തൊഴിൽ നഷ്ടമാകും. എന്നാൽ, നഴ്സ്മാർക്ക് അത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ധാരാളം ഒഴിവുകളുള്ള എൻ എച്ച് എസ്, കെയർ ഹോമുകളിൽ പ്രവർത്തിപരിചയം നേടിയ നഴ്സുമാരെജോലിയിലേക്കെടുക്കാൻ താത്പര്യം കാണിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP