Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും പറയുന്നത് കേൾക്കാതെ ബജറ്റ് അവതരിപ്പിച്ചു; ആകെ കുഴപ്പത്തിലായിരുന്ന ബ്രിട്ടൻ എരിതീയിൽ വീണു; അടിയന്തര യോഗം വിളിച്ച് ലിസ് ട്രസ്സ്; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ടോറികൾക്ക് കിട്ടുക വെറും മൂന്ന് സീറ്റ്

ആരും പറയുന്നത് കേൾക്കാതെ ബജറ്റ് അവതരിപ്പിച്ചു; ആകെ കുഴപ്പത്തിലായിരുന്ന ബ്രിട്ടൻ എരിതീയിൽ വീണു; അടിയന്തര യോഗം വിളിച്ച് ലിസ് ട്രസ്സ്; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ടോറികൾക്ക് കിട്ടുക വെറും മൂന്ന് സീറ്റ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പ്രധാനമന്ത്രി പദത്തിലേക്ക് മത്സരം നടക്കുന്നതിനിടയിൽ നടന്ന ഡിബേറ്റുകളിൽ എല്ലാം തന്നെ, സ്ഥാനാർത്ഥിയായിരുന്ന ഋഷി സുനാക് ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്, നികുതിയിളവ് നൽകുന്നത് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയേയുള്ളു എന്നത്. ആ പ്രവചനം യാഥാർത്ഥ്യമാവുകയാണിപ്പോൾ. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നികുതിയിളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള മിനി ബജറ്റ് അവതരണ ശേഷം പൗണ്ടിന്റെ വില കുത്തനെ ഇടിയുകയായിരുന്നു.

ഇതോടെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന ആശങ്കയും സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ നികുതിയിളവുകൾ പാരയായി മാറിയ സാഹചര്യത്തിൽ ലിസ് ട്രസ്സ് ഒരു അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റീസ് ചെയർമാൻ റിച്ചാർഡ് ഹ്യുഗ്സിനെ അടുത്തയാഴ്‌ച്ച പ്രധാനമന്ത്രിയും ചാൻസലർ ക്വാസി ക്വാർട്ടെംഗും കാണും. മിനി ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് ഒ ബി ആറിന്റെ ഉപദേശം ലഭ്യമാക്കിയിരുന്നില്ല എന്നൊരു റിപ്പോർട്ടും വരുന്നുണ്ട്.

സമ്പദ്വ്യവസ്ഥയെ അതിന്റെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അടങ്ങിയ സാമ്പത്തിക സ്റ്റേറ്റ്മെന്റ് ഒക്ടോബർ അവസാനം തന്നെ പുറത്തുവിടാൻ ട്രസ്സിനും ക്വാർട്ടെംഗിനും മേൽ ടോറി എംപിമാരുടെ സമ്മർദ്ദം ഏറുകയാണ്. നവംബർ 23 ന് കൃത്യമായ പദ്ധതി രൂപ രേഖ പുറത്തുവിടുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ, അത് ധാരാളം വൈകുമെന്നും ഒക്ടോബർ അവസാനം തന്നെ രൂപ രേഖ തയ്യാറാക്കി പുറത്തു വിടണമെന്നുമാണ് എം പിമാരുടെ ആവശ്യം.

വറച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് ബ്രിട്ടനെ എത്തിച്ച മിനി ബജറ്റിനു ശേഷം പൊതുജനങ്ങൾക്കിടയിൽ കൺസർവേറ്റീവ് പാർട്ടിക്ക് പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകൾ പറയുന്നു. യൂ ഗവ് നടത്തിയ സർവ്വേയിൽ 33 പോയിന്റുകൾക്കാണ് ലേബർ പാർട്ടി ടോറികളുടെ മുന്നിലെത്തിയത്. 1990 കൾക്ക് ശേഷം ഏതൊരു സർവേയിലും ഏതൊരു പാർട്ടിയും നേടിയിട്ടുള്ളതിനേക്കാൾ വലിയ ലീഡാണ് ഇത്. ചാൻസലർ നൽകിയ നികുതി ഇളവുകളെ ന്യായീകരിക്കുകയും, പ്രശ്നങ്ങൾക്ക് ഉത്തരവാദി റഷ്യൻ -യുക്രെയിൻ യുദ്ധമാണെന്ന് ലിസ് ട്രസ്സ് പറഞ്ഞതിനു ശേഷമായിരുന്നു ഈ സർവേ നടന്നത്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ , കൺസർവേറ്റീവ് പാർട്ടിയുടെ പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാൻ എന്നാണ് വിവിധ സർവ്വേകൾ പറയുന്നത്. പരമാവധി അവർക്ക് നേടാനാവുക മൂന്ന് സീറ്റുകൾ മാത്രമായിരിക്കും എന്നും സർവെ പറയുന്നു. സാമ്പത്തിക പ്രതിസന്ധി തീർത്ത ജനരോഷത്തിൽ ലേബർ പാർട്ടി കൂറ്റൻ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. കൺസർവേറ്റീവ് പാർട്ടി എന്നൊരു പാർട്ടി പിന്നീട് ചരിത്രത്തിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് മുതിർന്ന ടോറി നേതാവ് സർ ചാൾസ് വാക്കർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP