Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കടലിനെ ഭയന്ന് അവൾ മക്കളുമായി ബോട്ട് കയറി; ജീവസറ്റ ശരീരങ്ങളുമായ് കടൽതീരത്ത് ഒലിച്ചടിഞ്ഞു; എല്ലാം തകർന്നവനെ പോലെ പിതാവും: ആ ചിത്രം ലോകത്തെ വേട്ടയാടികൊണ്ടേ ഇരിക്കട്ടെ

കടലിനെ ഭയന്ന് അവൾ മക്കളുമായി ബോട്ട് കയറി; ജീവസറ്റ ശരീരങ്ങളുമായ് കടൽതീരത്ത് ഒലിച്ചടിഞ്ഞു; എല്ലാം തകർന്നവനെ പോലെ പിതാവും: ആ ചിത്രം ലോകത്തെ വേട്ടയാടികൊണ്ടേ ഇരിക്കട്ടെ

നസാക്ഷിയില്ലാത്ത ലോകത്തെ രണ്ടാം ദിവസവും വേട്ടയാടുകയാണ് ആ തുർക്കി കടൽത്തീരത്ത് ഒലിച്ചെത്തിയ ആ കുരുന്നുകളുടെ ചിത്രം. പുതിയ ജീവിതം തേടി യുദ്ധ ഭൂമിയിൽ നിന്നും രക്ഷപെട്ട് കടലിലേക്ക് യാത്രയായത് കടലിനെ ഭയക്കുന്ന ഒരു വീട്ടമ്മ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഒടുവിൽ ആ അമ്മയും രണ്ട് കുരുന്നുകളും കടലിന്റെ സ്‌നേഹം ഏറ്റു വാങ്ങി നിത്യതയിലേക്ക് പോയപ്പോൾ ഹൃദയം പൊട്ടി തേങ്ങുന്നത് പുതിയ ജീവിതം മോഹിപ്പിച്ച് യാത്രക്കിറങ്ങിയ ആ പിതാവാണ്.

മനസാക്ഷിയില്ലാത്ത ലോകം വ്യാജ കണ്ണുനീർ ഒഴുക്കുമ്പോഴും മനുഷ്യ വേദനയുടെ ഭീതിതമായ ചിത്രങ്ങൾ ലോകത്തെ വേട്ടയാടി കൊണ്ടിരിക്കുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന ദൃശ്യമായി കുഞ്ഞുങ്ങളുടെ മൃതദേഹം തുർക്കി തീരത്തടിഞ്ഞിരുന്നത്. ഗാലിപ്, അയ്‌ലൻ എന്നീ പേരുകളുള്ള ആ കുട്ടികൾക്കു പുറമെ അവരുടെ അമ്മയടക്കം 13 പേരാണ് സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള ആ ചെറിയ ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരിക്കുകയായിരുന്നു. 

ഈ കുട്ടികളുടെ മാതാവായ സിറിയൻ വീട്ടമ്മ റെഹാൻ കുർദിക്ക് കടൽ യാത്ര വളരെ പേടിയായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിൽ അവർക്ക് തീരെ താൽപര്യമില്ലായിരുന്നുവത്രെ. എന്നാൽ ഭർത്താവായ അബ്ദുള്ള കുർദിയുടെ നിർബന്ധത്തിന് വഴങ്ങി അവർ പിഞ്ചു മക്കളെയും കൂട്ടി ഈ സാഹസത്തിനിറങ്ങി പുറപ്പെടുകയായിരുന്നുവെന്നാണ് അബ്ദുള്ളയുടെ സഹോദരിയായ ടിമ കുർദി വാൻകൂവറിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അവിടെ അവർ ഒരു ഹെയർ ഡ്രെസറായി ജോലി ചെയ്യുകയാണ്.

തന്റെ സഹോദരനെയും കുടുംബത്തെയും സ്‌പോൺസർഷിപ്പിലൂടെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവർ ഇത്തരത്തിൽ അപകടകരമായ ബോട്ടിൽ യൂറോപ്പിലേക്ക് കടക്കാൻ നിർബന്ധിതരായതെന്നും ടിമ കുർദി വെളിപ്പെടുത്തുന്നു.ഒരാഴ്ച മുമ്പ് ഫോൺ ചെയ്തപ്പോഴും തനിക്ക് വെള്ളത്തെ ഭയമാണെന്ന് സഹോദരന്റെ ഭാര്യ പറഞ്ഞിരുന്നതായി ടിമ വ്യക്തമാക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്താനറിയില്ലെന്നും അതിനാൽ തനിക്ക് പോകേണ്ടെന്നും റെഹാൻ പറഞ്ഞിരുന്നുവത്രെ.ഭാര്യയെയും മക്കളെയും അടക്കം ചെയ്യാനായി യുദ്ധമേഖലയായ സിറിയയിലെ കൊബാനിലേക്ക് പോകരുതെന്നാണ് ഇപ്പോൾ ടിമ സഹോദരനോട് അപേക്ഷിക്കുന്നത്.എന്നാൽ സഹോദരൻ ഇത് ചെവിക്കൊണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചോർത്ത് തനിക്ക് ഉത്കണ്ഠയുണ്ടെന്നും ടിമ പറയുന്നു.

തുർക്കി തങ്ങളുടെ മാതൃരാജ്യമല്ലെന്നും അതിനാൽ മൃതദേഹങ്ങളുമായി കൊബാനിലേക്ക് പോകണമെന്നുമാണ് അബ്ദുള്ള പറയുന്നത്. മക്കളെ അവിടെ അടക്കി അതിനടുത്ത് മരിക്കുവോളം ഇരിക്കുക മാത്രമെ ഇനി തനിക്ക് ലക്ഷ്യമുള്ളുവെന്നും അബ്ദുള്ള സിഎൻഎന്നിനോട് വ്യക്തമാക്കിയിരുന്നു.തന്റെ സഹോദരന്റെ പിഞ്ചോമനകൾ കടലിൽ പെട്ടു മരിച്ചുവെന്ന് വിശ്വസിക്കാൻ ഇനിയും ടിമയ്ക്കാവുന്നില്ല. തന്റെ മക്കളായ അലൻ, ഹാവർ എന്നിവരടക്കമുള്ള കുടുംബം സഹോദരന് സകല പിന്തുണയേകുമെന്നും ടിമ പറയുന്നു.

ബോട്ടപകടത്തിൽ മരിച്ച ഏവരുടെയും മൃതദേഹം കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു. അതിൽ ഗാലിപ്, അയ്‌ലൻ എന്നിവരുടെ മൃതദേഹങ്ങൾ കിടക്കുന്നത് കണ്ടാൽ ആരും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. പിന്നെ പിതാവായ അബ്ദുള്ളയുടെ കാര്യം പറയാനുണ്ടോ. അവരെ അപകടകരമായ ബോട്ടിൽ നിർബന്ധിച്ച് കയററിയ നിമിഷത്തെ ഓർത്ത് ആ പിതാവ് പൊട്ടിക്കരയുന്നത് കാണാമായിരുന്നു. മൂന്നും അഞ്ചും വയസുള്ള തന്റെ കുട്ടികൾ തന്റെ കൈയിൽ നിന്നും തെറിച്ച് കടലിന്റെ അഗാധതയിലേക്ക് പതിച്ചത് ഇയാൾക്ക് മറക്കാനാകുന്നില്ല. ബോട്ട ആടിയുലഞ്ഞപ്പോൾ താൻ ഭാര്യയെ ചേർത്ത് പിടിച്ചിരുന്നെങ്കിലും മക്കൾ വഴുതിപ്പോയെന്ന് ഹൃദയം പൊട്ടുന്ന വേദനയോടെ അബ്ദുള്ള വെളിപ്പെടുത്തുന്നു. അവരെ തിരയാൻ ശ്രമം നടത്തിയെങ്കിലും കട്ട പിടിച്ച ഇരുട്ടായതിനാൽ ഒന്നും നടന്നില്ലെന്നും ഏവരുടെയും കരച്ചിൽ മാത്രമെ കേൾക്കാനുണ്ടായിരുന്നുള്ളുവെന്നും അയാൾ പറയുന്നു.

യൂറോപ്പിലേക്ക് ബോട്ടിൽ സാഹസികമായി യാത്ര പുറപ്പെട്ടപ്പോഴുണ്ടായ സഹോദരന്റെ വെളിപ്പെടുത്തലുകൾ ടിമ കുർദി വേദനയോടെ ഓർത്തെടുത്ത് കരയുകയാണിപ്പോൾ. കടൽ ശാന്തമാണെന്നും വെള്ളത്തിന് നല്ല തെളിമയുണ്ടെന്നും അപ്പോൾ അബ്ദുള്ള തന്നോട് പറഞ്ഞിരുന്നുവെന്ന് ടിമ ഓർക്കുന്നു. ഈ പുതുമയുള്ള യാത്രയിൽ തന്റെ മകൻ അയ്‌ലാൻ വളരെ സന്തോഷവാനാണെന്നും അബ്ദുള്ള പറഞ്ഞിരുന്നുവത്രെ. എവിടേക്കാണ് പോകുന്നതെന്ന് അവൻ കൗതുകത്തോടെ ചോദിച്ചപ്പോൾ യൂറോപ്പിലേക്കാണെന്ന് പറയുകയും ചെയ്തു. 20 മിനുറ്റുകൾക്ക് ശേഷം ഒരു കൂറ്റൻ തിര ജെറ്റ് ബോട്ടിന് സമീപത്തേക്ക് വരുകയായിരുന്നുവെന്നാണ് അബ്ദുള്ള സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ബോട്ടിലുള്ളവരുമായി ആശങ്ക പങ്ക് വച്ചെങ്കിലും പേടിക്കാനില്ലെന്നും തങ്ങൾ ഇതെത്ര തവണ നേരിട്ടതാണെന്നുമായിരുന്നുവത്രെ അവർ പറഞ്ഞത്.എന്നാൽ ഭീമൻ തിര വന്ന ബോട്ടിനെ കീഴ്‌മേൽ മറിക്കുകയായിരുന്നു. തന്റെ മക്കളെ മുറുകെ പിടിക്കാൻ അബ്ദുള്ള കഠിന ശ്രമം നടത്തിയിരുന്നു. അവർ വെള്ളത്തിൽ മുങ്ങിത്താഴാതിരിക്കാൻ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ തന്റെ ഇടം കൈയിലുള്ള ഗാലിപ് അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീടാണ് അയ്‌ലനെ നോക്കിയത്. അപ്പോഴേക്കും അവന്റെ കണ്ണുകളിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു. അവനും നിത്യതയിലേക്ക് പോകാൻ തുടങ്ങിയിരുന്നു. തുടർന്ന് മകന്റെ കണ്ണുകൾ ചേർത്തടച്ച് സമാധാനത്തിൽ വിശ്രമിക്കാൻ അബ്ദുള്ള മന്ത്രിക്കുകയായിരുന്നു.

അപ്പോൾ തന്റെ ഭാര്യ ജലോപരിതലത്തിൽ ഒഴുകി നടക്കുന്നത് അബ്ദുള്ള കണ്ടിരുന്നെങ്കിലും അയാൾ അത് പരിഗണിക്കാവുന്ന അവസ്ഥയിലായിരുന്നില്ല.ഇപ്പോൾ തന്റെ മക്കളുടെ ദുരന്തത്തിൽ കരയാനും അനുശോചിക്കാനും ലോകം മുഴുവൻ തന്റെ കൂടെയുണ്ടെന്ന് സകലരും പറയുന്നു. എന്നാൽ തന്റെ മക്കൾക്ക് വിശന്നപ്പോഴും തനിക്ക് ജോലിയൊന്നുമില്ലാതായപ്പോഴും ഈ ലോകം എവിടെയായിരുന്നുവെന്നാണ് അബ്ദുള്ള ഹൃദയവേദനയോടെ ചോദിക്കുന്നത്.താനുമായി അവസാനമായി സംഭാഷണം നടത്തിയപ്പോൾ അബ്ദുള്ളയുടെ മക്കൾ തന്നോട് ഒരു സൈക്കിളിന് വേണ്ടിയായിരുന്നു ആവശ്യപ്പെട്ടതെന്നാണ് ടിമ കുർദി ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓർക്കുന്നു.

തുർക്കിയിൽ നിന്നും ഗ്രീസിലെത്തുന്നതിനുള്ള മൂന്ന് വട്ട ശ്രമങ്ങൾക്കിടെ അബ്ദുള്ള എന്ന ബാർബർ മനുഷ്യക്കടത്തുകാർക്ക് 2900 പൗണ്ടാണ് നൽകിയിരുന്നത്. തന്റെ കുടുംബത്തിന് മികച്ച ജീവിതമുണ്ടാവുകയെന്നത് അയാളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഗലിപിന്റെയും അയ്‌ലന്ററെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകമാകമാനം പങ്ക് വയ്ക്കപ്പെടുകയാണ്. സിറിയയിൽ നിന്ന് പലായനം ചെയ്യുന്നവരുടെ കാര്യത്തിൽ ഇനിയെങ്കിലും അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണീ ദുരന്ത ചിത്രങ്ങൾ ഓർമിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP