Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയം തേടി അലയുന്ന റോഹിങ്ക്യ മുസ്ലിംങ്ങളെ ആട്ടിയോടിക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി മുസ്ലിം ജനസംഖ്യയിൽ ഒന്നാമതായ ഇന്തോനേഷ്യ; അഭയാർത്ഥി ബോട്ടിൽ ഭക്ഷണത്തിന് വേണ്ടി തമ്മിലടിച്ച് നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; കടുത്ത ആശങ്ക രേഖപ്പെടുത്തി ലോക മനുഷ്യാവകാശ സംഘടന

അഭയം തേടി അലയുന്ന റോഹിങ്ക്യ മുസ്ലിംങ്ങളെ ആട്ടിയോടിക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി മുസ്ലിം ജനസംഖ്യയിൽ ഒന്നാമതായ ഇന്തോനേഷ്യ; അഭയാർത്ഥി ബോട്ടിൽ ഭക്ഷണത്തിന് വേണ്ടി തമ്മിലടിച്ച് നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; കടുത്ത ആശങ്ക രേഖപ്പെടുത്തി ലോക മനുഷ്യാവകാശ സംഘടന

ജക്കാർത്ത: നിലയുറപ്പിക്കാൻ ഒരു പിടി മണ്ണിന് വേണ്ടി കടലിൽ അലയുന്ന റോഹിങ്ക്യൻ മുസ്ലിംങ്ങളോട് കരുണയില്ലാത്ത നിലപാട് മുസ്ലിംരാജ്യങ്ങളും തുടരുന്നു. ബോട്ടുകളിലൂടെ കരതേടി എത്തുന്നവരുടെ ബോട്ടുകളെ തുരത്താൻ വേണ്ടി ഇന്തോനേഷ്യ സൈന്യത്തെ തന്നെ നിയോഗിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റോഹിങ്ക്യകളെ തുരത്താൻ വേണ്ടി നാല് പടക്കപ്പലുകളും ഒരു വിമാനവും വിന്യസിച്ചാണ് ഇന്തോനേഷ്യ അഭയാർത്ഥഇകളെ തുടരത്താൻ ഒരുങ്ങുന്നത്. അഭയാർത്ഥി പ്രവാഹു കൂടുന്നതിന് അനുസരിച്ച് അവരെ ആട്ടിയോടിക്കാനുള്ള ശ്രമവുമായാണ് ഇൻഡോനേഷ്യ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഒരു പടക്കപ്പലും വിമാനവും ഉണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം നാലായി ഉയർത്തിയത്. അഭയാർഥികൾക്ക് ഒരുകാരണവശാലും രക്ഷയൊരുക്കരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും ഇന്തോനേഷ്യ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം 300 ഓളം പേരടങ്ങിയ ബോട്ട് മുങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. അഭയാർഥികൾ തങ്ങളുടെ തീരങ്ങളിലത്തെുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യൻ സൈനിക വക്താവ് അറിയിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങൾ റോഹിങ്ക്യകൾക്കു മുന്നിൽ അതിർത്തികൾ കൊട്ടിയടച്ചതിനു പിന്നാലെയാണ് ഇന്തോനേഷ്യയും നടപടികൾ കർശനമാക്കിയത്. കഴിഞ്ഞയാഴ്ച 700 ഓളം പേരാണ് ഇന്തോനേഷ്യയിലെ ആച്ചേ തീരത്തത്തെിയത്. ഇതോടെ രാജ്യത്ത് അഭയംതേടിയവരുടെ എണ്ണം 3000 ആയി.

നൂറുകണക്കിന് അഭയാർഥികളുമായി നിരവധി ബോട്ടുകൾ ഇപ്പോഴും കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരുരാജ്യവും സ്വീകരിക്കാത്തതിനാൽ ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ നടുക്കടലിൽ കടുത്ത ദുരിതമനുഭവിക്കുന്നവരെ എന്തുചെയ്യാനാവുമെന്നതാണ് പുതിയ പ്രതിസന്ധി. മ്യാന്മർ സർക്കാറാണ് ഈ മാനുഷികദുരന്തത്തിന്റെ ഉത്തരവാദികളെന്ന് അയൽരാജ്യങ്ങൾ കുറ്റപ്പെടുത്തുന്നു.

അതേസയം ഇൻഡോനേഷ്യ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ അഭയാർഥിബോട്ടിൽ അവസാന ഭക്ഷണത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ നൂറുപേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. രക്ഷപ്പെടുത്തിയ അഭയാർഥികളെ ഉദ്ധരിച്ച് ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. ബോട്ടിലെ അതിഭീകരമായ അവസ്ഥയാണ് രക്ഷപ്പെട്ടവർ പറഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. കുത്തും വെട്ടുമുണ്ടായി. പലരെയും ജീവനോടെയും പരിക്കോടെയും കടലിൽ തള്ളിയതായും അവർ വെളിപ്പെടുത്തി.

റോഹിങ്ക്യകളുടെ വരവ് നിയന്ത്രിക്കാൻ വടക്കുകിഴക്കൻ മേഖലയിലെ ജലാതിർത്തികൾ മലേഷ്യ സമ്പൂർണമായി അടച്ചിട്ടുണ്ട്. ബോട്ടുകൾ കരക്കണയാതിരിക്കാൻ തായ്‌ലൻഡും ജാഗ്രത ശക്തമാക്കിയ നിലയിലാണ്. ഇതിനിടെയാണ് മുങ്ങുന്ന ബോട്ടുകളിലുള്ളവരെ പോലും രക്ഷപ്പെടുത്തരുതെന്ന് ഇന്തോനേഷ്യ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, സർക്കാർ ഭീഷണികൾ അവഗണിച്ചും നിർബന്ധിതഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മ്യാന്മറിലെ റഖൈൻ സംസ്ഥാനത്ത് പൗരത്വംപോലും നിഷേധിക്കപ്പെട്ട് തുല്യതയില്ലാത്ത ഭരണകൂട ഭീകരതകൾക്കു നടുവിൽ കഴിയുന്ന റോഹിങ്ക്യകൾ ഇപ്പോഴും നാടുവിടൽ തുടരുന്നുണ്ട്. മറ്റൊരു പോംവഴിയുമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നുവർഷങ്ങൾക്കിടെ 120,000 പേരാണ് ഇതുവരെയായി രാജ്യംവിട്ടത്. ഇവരെ ആദ്യം തായ്‌ലൻഡിലത്തെിച്ച് പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും എത്തിക്കലാണ് പതിവ്. തായ്‌ലൻഡ് നടപടി കർശനമാക്കിയതോടെ നേരിട്ട് കടൽവഴിയാണ് ഇപ്പോൾ കടത്ത്.

മാസങ്ങൾ കടലിൽ കഴിയുന്നതിനിടെ ഭക്ഷണമില്ലാതെയും ചെറിയപ്രശ്‌നങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിലേർപ്പെട്ടും നിരവധിപേർ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആച്ചെയിലാണ് ഏറ്റവുംകൂടുതൽ പേർ അവസാനമായി അഭയംതേടിയത്. ഇനിയും ഇവിടെ ആളുകളെ സ്വീകരിക്കാനാവില്ലെന്ന് മേഖലാ ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഭയം തേടിയവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഏറെക്കാലം ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, 6,000-8,000 പേർ ഇപ്പോഴും നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് സൂചന.

റോഹിങ്ക്യ അഭയാർഥി പ്രശ്‌നത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തും ആശങ്ക രേഖപ്പെടുത്തി. കടലിൽ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുവേണ്ടി മല്ലടിക്കുന്ന ആയിരക്കണക്കിന് അഭയാർഥികളെ രക്ഷപ്പെടുത്താൻ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ മുന്നോട്ടുവരാത്തത് കാടത്തമാണെന്ന് മനുഷ്യാവകാശവിഭാഗം വക്താവ് വിവിയൻ ടാൻ പറഞ്ഞു.

മനുഷ്യത്വരഹിതമായ സമീപനമാണ് നിർഭാഗ്യവശാൽ അഭയാർഥികളുടെ കാര്യത്തിൽ ചിലരാജ്യങ്ങളിൽ നിന്നുണ്ടാവുന്നത്. ബോട്ടിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടൽവരെ നടക്കുന്നതായി റിപ്പോർട്ടുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കയാണ്- ടാൻ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP