Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പേരിൽ കാമറോൺ രാജിവെച്ചപ്പോൾ ഇടക്കാല പ്രധാനമന്ത്രിയായി; റേറ്റിംഗിൽ മുന്നിലെത്തിയെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഭൂരിപക്ഷം കുറഞ്ഞു; ബ്രക്‌സിറ്റ് ബിൽ പാസാക്കാൻ പ്രയത്‌നിച്ച് മൂന്നു കൊല്ലം തികയും മുമ്പ് രാജി; തെരേസ മേ രാജി പ്രഖ്യാപിച്ചത് വിതുമ്പിക്കരഞ്ഞ്

ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പേരിൽ കാമറോൺ രാജിവെച്ചപ്പോൾ ഇടക്കാല പ്രധാനമന്ത്രിയായി; റേറ്റിംഗിൽ മുന്നിലെത്തിയെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഭൂരിപക്ഷം കുറഞ്ഞു; ബ്രക്‌സിറ്റ് ബിൽ പാസാക്കാൻ പ്രയത്‌നിച്ച് മൂന്നു കൊല്ലം തികയും മുമ്പ് രാജി; തെരേസ മേ രാജി പ്രഖ്യാപിച്ചത് വിതുമ്പിക്കരഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മൈക്കിന് മുന്നിൽ കണ്ണീരണിഞ്ഞ് ഒരു പ്രധാനമന്ത്രി. ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് പുകൾപെറ്റ ബ്രിട്ടന്റെ പ്രധാനമന്ത്രി തന്റെ സ്ഥാനത്യാഗം പ്രഖ്യാപിക്കുമ്പോൾ കണ്ണീരണിഞ്ഞതും വാക്കുകൾ ഇടറിയതും ഒരു ജനതയുടെ ദീർഘകാല അഭിലാഷം പൂർത്തിയാക്കാനാകാതെ പോയതിന്റെ വിഷമത്തിൽ. പ്രധാനമന്ത്രി പദവിയിലേക്ക് തെരേസ മേയെ കൈപിടിച്ചു നടത്തിയ അതേ ബ്രക്‌സിറ്റിൽ തന്നെ കാലിടറി ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്ന തീരുമാനം മൈക്കിനു മുന്നിൽ വിങ്ങിപ്പൊട്ടിയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്.

'ബ്രെക്സിറ്റ് നടപ്പാക്കാൻ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,' തെരേസ മെയ് പറഞ്ഞു. 'ഞാൻ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. പക്ഷേ, അവസാനത്തെയാളല്ലെന്നു തീർച്ച': ഇത്രയും പറഞ്ഞതും കണ്ഠമിടറി. രാജ്യത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞവസാനിച്ച്, ഉപചാരവാക്കുകളില്ലാതെ പത്താം നമ്പർ വസതിക്കുള്ളിലേക്കു തിരിഞ്ഞു നടക്കുമ്പോൾ തെരേസ മേ പൊട്ടിക്കരയുകയായിരുന്നു. 2016ൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ മേ 2 വർഷവും 315 ദിവസവും പൂർത്തിയാക്കിയാണ് പദവിയൊഴിയുന്നത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു ഹിതപരിശോധനയിൽ ജനങ്ങൾ വിധിയെഴുതിയതോടെയാണ് അതിനോട് വിയോജിപ്പുണ്ടായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചത്. ബ്രെക്‌സിറ്റിനോടു കടുത്ത എതിർപ്പുണ്ടായിട്ടും തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധയാണെന്നു പ്രഖ്യാപിച്ച തെരേസ മേക്ക് പക്ഷേ ആ പ്രഖ്യാപനം നടപ്പിലാക്കാനായില്ല.

സർക്കാരിലെ മുതിർന്ന മന്ത്രി ആൻഡ്രിയ ലീഡ്സവും നേരത്തേ രാജി വച്ചിരുന്നു. ക്യാബിനറ്റിലുള്ള സഹപ്രവർത്തകരുടെ അച്ചടക്കമില്ലാത്ത പ്രവർത്തനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്സൺ രാജിവെച്ചത്. എങ്ങിനെയാണ് ബ്രക്സിറ്റ് കരാർ നടപ്പാക്കാൻ പോകുന്നത് എന്ന് പാർലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് രാജി. ബ്രെക്സിറ്റ് കരാറിന്മേൽ മെയ് കൊണ്ടുവരുന്ന വിട്ടുവീഴ്ചകളോടും ഒത്തു തീർപ്പുകളോടുമുള്ള വിയോജിപ്പായിരുന്നു ആൻഡ്രിയ ലീഡ്സത്തിന്റെ രാജിക്ക് കാരണം. ജനങ്ങൾ ആഗ്രഹിച്ച കരാറല്ലെന്നാണ് കടുത്ത ബ്രെക്സിറ്റ് പക്ഷവാദിയായ ആൻഡ്രിയ പറയുന്നത്. ഈ രാജിയോടെ തെരേസ മന്ത്രിസഭയിലെ പ്രധാന നേതാക്കൾ എല്ലാം പ്രധാനമന്ത്രി രാജിവക്കണമെന്നുള്ള ആവശ്യം ശക്തമാക്കിയിരുന്നു.

പ്രധാനമന്തി രാജി വക്കുന്നില്ലെങ്കിൽ സ്വന്തം പാർട്ടിയിലെ നിയമം ഭേദഗതി ചെയ്തു തെരേസ മെയ്‌‌നെ പാർട്ടി ലീഡർ സ്ഥാനത്തു നിന്നും പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേർന്ന എം പി മാരുടെ യോഗം തീരുമാനിച്ചിരുന്നു. തെരേസാ മേയുടെ ബ്രെക്‌സിറ്റ് നടപടികളിൽ മനം മടുത്ത ബ്രിട്ടീഷ് ജനത പാർട്ടിയെ നാലാം സ്ഥാനത്തേക്ക് തള്ളിയെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ രാജിക്കായുള്ള സമ്മർദം ശക്തമായത്. ഈ യോഗതീരുമാനാം കമ്മിറ്റി ചെയർമാൻ ഗ്രഹാം ബ്രായ്ടി തെരേസ മേയെ കണ്ട് അറിയിച്ചതോടെയാണ് തെരേസ മേ രാജി പ്രഖ്യാപനം നടത്തിയത്.

നേരത്തെ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട മെയ്‌-യുടെ ബിൽ ചർച്ചചെയ്യാൻ ട്രോയ് എംപിമാർ യോഗം ചേർന്നിരുന്നു. നാടകീയമായ പല സംഭവങ്ങൾക്കുമൊടുവിൽ ബ്രെക്‌സിറ്റ് ബിൽ പിൻവലിക്കാനും രാജിവെച്ച് പുറത്തുപോകാനും അവർ മെയ്-യോട് ആവശ്യപ്പെട്ടിരുന്നു.

ഡേവിഡ് കാമറോണിനു ശേഷം പ്രധാനമന്ത്രി ആകാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് തെരേസ. സർക്കാരിലെ ഉന്നത പദവികൾ വഹിച്ച് പരിചയമുള്ള തെരേസ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. മാർഗരറ്റ് താച്ചർ 1990 ൽ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മേ.

ജൂൺ ഏഴിനു തെരേസ മേ സ്ഥാനമൊഴിയുന്നതോടെ ബ്രിട്ടീഷ് രാഷ്ട്രീയം വീണ്ടും സങ്കീർണമാകും. പാർട്ടിയെ ഏകോപിപ്പിക്കാൻ കഴിവുള്ള ഒരു നേതാവ് ഇല്ലെന്നതാണ് കൺസർവേറ്റീവ് പാർട്ടി നേരിടുന്ന പ്രതിസന്ധി. ബോറിസ് ജോൺസൺ, ആണ്ട്രിയ ലെടസം അടക്കം 15 ൽ അധികം നേതാക്കൾ ആണ് പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ഹാർഡ് കോർ ബ്രെസ്‌കിറ്റ് അനുകൂലികളായ ഇവർ പ്രധാനമന്ത്രിയായാൽ ഒരു കരാർ പോലും ഇല്ലാതെ ബ്രെക്‌സിറ്റ് നടക്കാനുള്ള സാധ്യതയിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പൊതുവെയും ഭരണ പാർട്ടിയിൽ പ്രത്യേകിച്ചും കൂടുതൽ അനിശ്ചിതത്വത്തിനു വഴിവക്കും.

എന്താണ് ബ്രെക്സിറ്റ് ?

യൂറോപ്യൻ യൂണിയനിൽ നിന്ന് യു.കെ സ്വതന്ത്രമാകുന്നതിനെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ബ്രെക്സിറ്റ്. ബ്രെക്സിറ്റ് എന്ന വാക്ക് ഉണ്ടായത് BRITANലെ BRഉം EXITഉം ചേർന്നാണ്.

ബ്രിട്ടൺ എന്തുകൊണ്ട് യൂറോപ്യൻ യൂണിയൻ വിടുന്നു?

2016 ജൂൺ 23ന് ബ്രിട്ടണിൽ ഒരു ഹിത പരിശോധന നടന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമോ വേണ്ടയോ എന്ന പരിശോധനയായിരുന്നു നടന്നത്. 'യൂറോപ്യൻ യൂണിയനിൽ അംഗമായി ബ്രിട്ടൻ തുടരണം എന്നാണോ അതോ പിൻവാങ്ങണം എന്നാണോ നിങ്ങളുടെ അഭിപ്രായം?' എന്നത് മാത്രമായിരുന്നു ചോദ്യം. പ്രായപൂർത്തിയായ മുഴുവൻ ബ്രിട്ടൻകാർക്കും വോട്ട് ചെയ്യാമായിരുന്നു. 71.8ശതമാനം പോളിങ് രേഖപ്പെടുത്തി. 48.1ശതമാനം നോ വോട്ടുകൾക്കെതിരെ 51.9ശതമാനം യെസ് വോട്ടുകൾ ബ്രെക്സിറ്റിന് അനുകൂല സാഹചര്യമൊരുക്കി.

ഹിതപരിശോധനാഫലം

ഇംഗ്ലണ്ട്, വെയിൽസ് എന്നീ മേഖലകൾ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്‌കോട്ട്ലന്റ്, അയർലൻഡ് എന്നീ മേഖലകൾ ബ്രെക്സിറ്റിനെ എതിർത്തു. കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ വിടണമെങ്കിൽ രണ്ട് വർഷത്തെ സാവകാശം ഇരു വിഭാഗങ്ങളും പാലിക്കണം. യൂറോപ്യൻ യൂണിയൻ വിടാനുള്ള യു.കെയുടെ നടപടിക്രമം പ്രധാനമന്ത്രി തെരേസ മേ തുടങ്ങുന്നത് 2017 മാർച്ച് 29നാണ്. അതിനാൽ 2019 മാർച്ച് 29ന് 11 മണിക്ക് യു.കെ യൂറോപ്യൻ യൂണിയൻ വിടേണ്ടതായിരുന്നു. യൂറോപ്യൻ യൂണിയനുമായി തെരേസ മേ ഒപ്പുവെച്ച കരാർ പാർലമെന്റിൽ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മെയ്‌ 24-ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടതായിരുന്നു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിന് ഇക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിയാതെവന്നതോടെ ഒക്ടോബർ 31 വരെ യൂറോപ്യൻ യൂണിയൻ സമയപരിധി നീട്ടിനൽകിയിരുന്നു.

എന്താണ് യൂറോപ്യൻ യൂണിയൻ?

യൂറോപ്യൻ വൻകരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വരുന്നത്. 1951 മുതലുള്ള ശ്രമങ്ങളുടെ ഫലമാണ് യൂറോപ്യൻ യൂണിയൻ എന്ന വേദി. യൂറോപ്യൻ വൻകരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാർഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ സവിശേഷതകൾ.

1950കളിൽ യൂറോപ്യൻ യൂണിയൻ എന്ന സങ്കല്പം ആരംഭിച്ചതു മുതൽ ബ്രിട്ടൻ അക്കാര്യത്തിൽ അസ്വസ്ഥരായിരുന്നു. 1975ൽ ഇതേപോലെ ബ്രിട്ടൻ ജനഹിതപരിശോധന നടത്തിയെങ്കിലും അന്ന് യൂറോപ്യൻ യൂണിയനിൽ തുടരണം എന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. അന്നുമുതൽ തന്നെ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിൽ ബ്രിട്ടന് അത്ര താൽപര്യമൊന്നും ഇല്ലായിരുന്നു. 2000മാണ്ടിന്റെ തുടക്കത്തിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് ആളുകളുടെ വലിയ ഒഴുക്കുണ്ടായി. ഇത് ബ്രിട്ടനിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

പബ്ലിക്ക് സർവീസ് മുതൽ തങ്ങളുടെ തനത് പാരമ്പര്യം വരെ ഇതുകാരണം പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് വലിയൊരു വിഭാഗം ആളുകൾ വാദിച്ചു. 2004ൽ പത്ത് രാജ്യങ്ങൾ കൂടി യൂറോപ്യൻ യൂണിയനിൽ ചേർന്നു. 2007ൽ രണ്ടു രാജ്യങ്ങൾ കൂടി ചേർന്നതോടെ കൂടുതൽ രാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം കിട്ടി. അതോടെ അത്രയും ജനങ്ങൾക്ക് പരസ്പരം സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുകയും ചെയ്തു. 2015 തിരഞ്ഞടുപ്പിൽ താൻ ജയിക്കുകയാണെങ്കിൽ ജനഹിതപരിശോധന നടത്തുമെന്ന് 2013ൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞിരുന്നു.

തെരേസ മേക്ക് വഴി തുറന്നതും അടച്ചതും ബ്രെക്‌സിറ്റ്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വാതിൽ തെരേസ മേക്ക് തുറന്നുകൊടുത്തത് ബ്രക്സിറ്റായിരുന്നു.അതേ ബ്രക്സിറ്റിൽ കുടുങ്ങിത്തന്നെ ഇപ്പോൾ പുറത്തേക്ക് പോകാനുള്ള വഴിയും ഒരുങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി പദം എന്നത് തെരേസ മേയുടെ സ്വപ്‌നമായിരുന്നു. തന്റെ സ്വപ്‌നം യാഥാർത്ഥ്യമാകാൻ വഴിയൊരുക്കിയത് ബ്രെക്‌സിറ്റ് ഹിതപരിശോധനയായിരുന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണം എന്ന ഹിതപരിശോധനാ ഫലം വന്നതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ രാജി വെച്ചതോടെയാണ് തെരേസ മെയ്‌ക്ക് പ്രധാനമന്ത്രി പതത്തിലേക്കുള്ള വഴി തെളിഞ്ഞത്. 2017 മാർച്ച് 21 നായിരുന്നു തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങിയത്. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി 19 മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നവംബറിൽ കരാർ രൂപവൽക്കരിച്ചത്.

ബ്രക്‌സിറ്റ് കരാർ

കരാർ അനിസരിച്ച് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും. എന്നാൽ, വടക്കൻ അയർലൻഡിന്റെ അതിർത്തിയിൽ പട്ടാളത്തെയും പൊലീസിനെയും വിന്യസിച്ച് സങ്കീർണമാക്കില്ല. ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും പൗരന്മാർക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും താമസിക്കാനും തൊഴിൽചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനിൽക്കും. യൂറോപ്യൻ യൂണിയനുമായുള്ള സാമ്പത്തികബാധ്യത ബ്രിട്ടൻ തീർക്കും എന്നും ബ്രിട്ടൻ പാസാക്കിയ കരാറിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സമവായത്തിലെത്താൻ തരേസ മേക്ക് കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP