Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

ഫ്‌ളോറിഡ മുതൽ വിർജീനിയയും ഒഹിയോയും വരെ; 'കൈലാസ'വലയിൽ കുരുങ്ങിയത് മുപ്പത് യു.എസ് നഗരങ്ങൾ; സാങ്കൽപിക രാജ്യവുമായുള്ള 'സഹോദരി നഗര' കരാറിൽ നിന്നും പിന്മാറിയത് തട്ടിപ്പ് പുറത്തായപ്പോൾ; നിത്യാനന്ദയുടെ അന്താരാഷ്ട്ര തട്ടിപ്പ് വീണ്ടും വാർത്തകളിൽ

ഫ്‌ളോറിഡ മുതൽ വിർജീനിയയും ഒഹിയോയും വരെ; 'കൈലാസ'വലയിൽ കുരുങ്ങിയത് മുപ്പത് യു.എസ് നഗരങ്ങൾ; സാങ്കൽപിക രാജ്യവുമായുള്ള 'സഹോദരി നഗര' കരാറിൽ നിന്നും പിന്മാറിയത് തട്ടിപ്പ് പുറത്തായപ്പോൾ; നിത്യാനന്ദയുടെ അന്താരാഷ്ട്ര തട്ടിപ്പ് വീണ്ടും വാർത്തകളിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: സ്വയം പ്രഖ്യാപിത ആൾദൈവവും പീഡനക്കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യം 'കൈലാസ'യുമായി 'സഹോദര നഗര' കരാറിൽ 30ഓളം യു.എസ് നഗരങ്ങൾ ഒപ്പിട്ടിരുന്നതായി റിപ്പോർട്ട്. ദ്വീപ് രാജ്യമാണെന്ന് അവകാശപ്പെട്ട് കബളിപ്പിച്ചാണ് ഈ നഗരങ്ങളിൽനിന്ന് നിത്യാനന്ദ കരാർ ഒപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഫ്ളോറിഡ മുതൽ റിച്ച്മോണ്ട്, വിർജീനിയ, ഒഹിയോ ഉൾപ്പെടെയുള്ള നഗരങ്ങൾ കൂട്ടത്തിലുണ്ട്. യു.എസ് മാധ്യമമായ 'ഫോക്സ് ന്യൂസ്' ആണ് വാർത്ത പുറത്തുവിട്ടത്.

ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നിൽ സാങ്കൽപ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

ന്യൂജഴ്സിയിലെ നെവാർക്ക് നഗരം കഴിഞ്ഞ ദിവസം കൈലാസയുമായുള്ള 'സഹോദരി നഗര' കരാർ ഈ മാസമാദ്യം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാങ്കൽപിക രാജ്യവുമായി കരാർബന്ധമുള്ള മറ്റു നഗരങ്ങളുടെയും പട്ടിക പുറത്തുവന്നത്. ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് കൈലാസയുമായി നഗര ഭരണകൂടം കരാറിൽ ഒപ്പുവച്ചിരുന്നത്.

കരാറിൽ ഒപ്പുവച്ച ശേഷമാണ് കൈലാസയെക്കുറിച്ചുള്ള ദുരൂഹമായ വിവരങ്ങൾ അറിയുന്നതെന്ന് നെവാർക്ക് വാർത്താ വിനിമയ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസൻ ഗരോഫാലോ പ്രതികരിച്ചു. ഉടൻ തന്നെ നടപടി സ്വീകരിക്കുകയും കരാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാർ അസാധുവാണ്. എന്നാൽ, തുടർന്നും വിവിധ സാംസ്‌കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര സഹകരണം തുടരുമെന്നും ഗരോഫാലോ കൂട്ടിച്ചേർത്തു.

30ഓളം യു.എസ് നഗരങ്ങളുമായി കരാറിൽ ഒപ്പുവച്ച വിവരം കൈലാസ വെബ്സൈറ്റിലും നൽകിയിട്ടുണ്ട്. ഇക്കാര്യം വിവിധ നഗര ഭരണകൂടങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തതായി 'ഫോക്സ് ന്യൂസ്' റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുതിയ റിപ്പോർട്ടുകൾക്കു പിന്നാലെ ഇവയിൽ മിക്ക നഗരങ്ങളും കരാറിൽനിന്ന് പിന്മാറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭാ പൊതുയോഗത്തിൽ കൈലാസ പ്രതിനിധി പങ്കെടുത്തത് വലിയ വാർത്തയായത്. ഫെബ്രുവരി 22ന് നടന്ന സ്ത്രീവിവേചനം ഇല്ലാതാക്കാനുള്ള യു.എൻ സമിതി സംഘടിപ്പിച്ച പരിപാടിയിൽ വിജയപ്രിയ എന്നു പേരുള്ള വനിതയാണ് കൈലാസ പ്രതിനിധിയായി പങ്കെടുത്തത്. ഫെബ്രുവരി 24ന് നടന്ന യു.എൻ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ പൊതുചർച്ചയിലും അവർ സംസാരിച്ചു.

ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് പറഞ്ഞ വിജയപ്രിയ, നിത്യാനന്ദയെ വേട്ടയാടുന്നത് തടയാൻ ദേശീയ-അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ യു.എൻ ഔദ്യോഗിക വിശദീകരണവും പുറത്തിറക്കി. ഇത്തരം പരിപാടികളിൽ എൻ.ജി.ഒകൾക്കും പൊതുജനങ്ങൾക്കുമെല്ലാം രജിസ്റ്റർ ചെയ്തു പങ്കെടുക്കാമെന്നായിരുന്നു യു.എൻ മനുഷ്യവകാശ ഹൈക്കമ്മിഷണറുടെ കാര്യാലയം വിശദീകരിച്ചത്.

ഇന്ത്യയിൽ നിരവധി ബലാത്സംഗ, ബാലപീഡന കേസുകളിൽ പിടികിട്ടാപുള്ളിയാണ് നിത്യാനന്ദ. 2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നൽകിയ പരാതിയിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളെ അനധികൃതമായി തടഞ്ഞുവച്ചതടക്കമുള്ള കേസുകളും നിത്യാനന്ദയ്ക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെ 2019ൽ രാജ്യംവിട്ട ഇയാൾ കൈലാസ എന്ന പേരിൽ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP