Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോങ്കോങ്ങിൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളായി വിദ്യാർത്ഥികളും; അവധി കഴിഞ്ഞെത്തിയ ആദ്യ ദിവസം തന്നെ രംഗത്തിറങ്ങിയത് വൻ പ്രതിഷേധവുമായി; ക്ലാസുകൾ ബഹിഷ്‌കരിച്ചും ഹെൽമറ്റും മുഖാവരണവും ധരിച്ചും നിരത്തിലിറങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

ഹോങ്കോങ്ങിൽ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളികളായി വിദ്യാർത്ഥികളും; അവധി കഴിഞ്ഞെത്തിയ ആദ്യ ദിവസം തന്നെ രംഗത്തിറങ്ങിയത് വൻ പ്രതിഷേധവുമായി; ക്ലാസുകൾ ബഹിഷ്‌കരിച്ചും ഹെൽമറ്റും മുഖാവരണവും ധരിച്ചും നിരത്തിലിറങ്ങിയത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: ഹോങ്കോങ്ങിൽ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്ത്. ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ആയിരക്കണക്കിനു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും സ്‌കൂൾ വിദ്യാർത്ഥികളും ഇന്നലെ ക്ലാസ് ബഹിഷ്‌കരിച്ചു പ്രകടനം നടത്തി. യൂണിഫോം ധരിച്ചെത്തിയ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മുഖാവരണവും ഹെൽമറ്റും ധരിച്ചാണ് പ്രകടനത്തിൽ പങ്കെടുത്തത്. റാലിയും തുടർന്നുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധ യോഗവും സമാധാനപരമായിരുന്നു. ഹോങ്കോങ് ചൈനീസ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ നടന്ന യോഗത്തിൽ ആയിരക്കണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തു. ജനാധിപത്യത്തിനു വേണ്ടിയുള്ള മുന്നേറ്റത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുമെന്ന് യോഗത്തിൽ പ്രസംഗിച്ച വിദ്യാർത്ഥി നേതാക്കൾ വ്യക്തമാക്കി. അവധി കഴിഞ്ഞിട്ട് ഹോങ്ങ്‌കോങ്ങിൽ ഇന്നലെയാണ് സ്‌കൂളുകൾ തുറന്നത്. ആദ്യ ദിനം തന്നെ വിദ്യാർത്ഥികൾ എല്ലാം തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിനെതിരെയാണ് ഹോങ്കോങ്ങിൽ മാസങ്ങളായി പ്രതിഷേധങ്ങൾ തുടരുന്നത്.

മഴയെപ്പോലും അവഗണിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിനെത്തിയത്. ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്നും തങ്ങളുടെ അവകാശങ്ങള് ഹനിക്കപ്പെടുന്നത് കണ്ട് നിൽ്ക്കാൻ പറ്റില്ലെന്നും അവർ പറഞ്ഞു. ഏപ്രിൽ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്‌സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ബില്ലിൽ കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനെപ്പറ്റി ആയിരുന്നു പറഞ്ഞത്. എന്നാൽ തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്. ആദ്യത്തെ പ്രതിഷേധം ജൂൺ 9 -നായിരുന്നു. പത്തുലക്ഷം പേർ പങ്കെടുത്ത ഒരു വൻ റാലിയായിരുന്നു അന്ന് ഹോങ്കോങ് ഗവണ്മെന്റ് ആസ്ഥാനത്ത് നടന്നത്. പൊലീസുമായി നടന്ന നേരിയ ചില ഉന്തും തള്ളും ഒഴിച്ചാൽ ഏറെക്കുറെ സമാധാനപൂർണമായ ഒരു പ്രതിഷേധമായിരുന്നു അത്.

ജൂൺ 12 -ന് അടുത്ത റാലി നടന്നു. ഇത്തവണ പൊലീസ് റാലിക്കുനേരെ ടിയർ ഗസ്സ് പൊട്ടിക്കുന്നു. റബ്ബർ ബുള്ളറ്റുകൾ പായിക്കുന്നു. അത്, കഴിഞ്ഞ കുറെ ദശാബ്ദങ്ങൾക്കിടയിൽ ഹോങ്കോങ്ങിൽ നടന്ന ഏറ്റവും അക്രമാസക്തമായ ഒരു തെരുവുസമരമായി മാറി. ഈ പ്രതിഷേധ സമരങ്ങളിൽ പതറിപ്പോയി കാരി ലാം ജൂൺ 15 -ന്, അവർ പ്രസ്തുതബില്ലിനെ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു. അത് വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കാതെ അടുത്ത ദിവസം, ഇരുപതു ലക്ഷത്തോളം പേർ പങ്കെടുത്ത അടുത്ത റാലി നടന്നു. നീട്ടിവച്ചാൽ പോരാ, റദ്ദാക്കണം ബിൽ എന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധത്തിന് ദിനംപ്രതി ശക്തി കൂടിക്കൂടി വന്നു. ജൂൺ 21 -ന് പ്രതിഷേധക്കാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് വളഞ്ഞ്, 15 മണിക്കൂറോളം ഉപരോധിച്ചു. മുൻദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പൊലീസ് അറസ്റ്റു ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നതായിരുന്നു ഇത്തവണത്തെ ആവശ്യം.

ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വാർഷികത്തിന്റെ അന്ന്, ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്‌സിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ സ്‌പ്രേ പെയ്ന്റുകൊണ്ട് ചുവരുകളിൽ മുദ്രാവാക്യങ്ങളെഴുതിവെച്ചു. കോളനിഭരണകാലത്തെ കൊടികളുമേന്തി ഹോങ്കോങ്ങിന്റെ ചിഹ്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സമരക്കാർ വന്നത്. ജൂലൈ 21 -ന് പ്രതിഷേധക്കാർ ഹോങ്കോങ്ങിലെ ചൈനയുടെ ലെയ്സൺ ഓഫീസ് ചായം പൂശി വികൃതമാക്കി. അന്നേദിവസം രാത്രി യൂൻ ലോങ്ങ് മെട്രോ സ്റ്റേഷനിൽ വെള്ളവസ്ത്രമണിഞ്ഞ പ്രക്ഷോഭകാരികൾ യാത്രക്കാരെ ആക്രമിച്ചു. ഈ അക്രമണത്തിനെതിരെ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധം നടന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ ചൈന ഹോങ്കോങ്ങിന് മുന്നറിയിപ്പ് നൽകി. എപ്പോഴും വെറുതെ ഇരിക്കുമെന്ന് കരുതേണ്ട എന്നും തിരിച്ചടിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ല എന്നും പറഞ്ഞു.

പ്രക്ഷോഭകാരികൾ ഹോങ്കോങ് വിമാനത്താവളം ഉപരോധിച്ചതിനെ തുടർന്ന് 100 കണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വരികയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിന് പിന്നാലൊണ് ഇപ്പോൾ വിദ്യാർത്ഥികളും രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമായും കുറ്റവാളികളെ ചൈനയിലേക്ക് നാട് കടത്താനുള്ള ബിൽ റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP