Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീം പാർക്കിൽ വച്ച് നടിയുടെ കഴുത്തിൽ ചുംബിച്ച് മുറിവേൽപ്പിച്ചു; പിൻഭാഗത്ത് പിടിച്ചു; ലണ്ടനിൽ ഇന്ത്യൻ ടെക്കി രക്ഷപ്പെട്ടത് ഇവിടെ ഗ്രീറ്റ് ചെയ്യുന്നത് ഇങ്ങനെയെന്ന് കരുതിയെന്ന് പറഞ്ഞ്

തീം പാർക്കിൽ വച്ച് നടിയുടെ കഴുത്തിൽ ചുംബിച്ച്  മുറിവേൽപ്പിച്ചു; പിൻഭാഗത്ത് പിടിച്ചു; ലണ്ടനിൽ ഇന്ത്യൻ ടെക്കി രക്ഷപ്പെട്ടത് ഇവിടെ ഗ്രീറ്റ് ചെയ്യുന്നത് ഇങ്ങനെയെന്ന് കരുതിയെന്ന് പറഞ്ഞ്

വീണത് വിദ്യയാക്കുകയെന്നത് കേട്ടിട്ടില്ലേ...? ചെയ്ത് പോയ അബദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ ലണ്ടനിലെ ഒരു ഇന്ത്യൻ ടെക്കിയും ഈ ഒരു തന്ത്രമാണിപ്പോൾ പ്രയോഗിച്ചിരിക്കുന്നത്. ഒരു തീം പാർക്കിൽ വച്ച് കണ്ട് ഒരു നടിയുടെ കഴുത്തിൽ ചുംബിച്ച് പരുക്കേൽപ്പിക്കുകയും പിൻഭാഗത്ത് പിടിക്കുകയും ചെയ്താണ് ഇയാൾ ചെയ്ത അബദ്ധം. ചെയ്ത തെറ്റിന് കടുത്ത ശിക്ഷ ഭയന്ന ഇയാൾ പറഞ്ഞ ന്യായമായിരുന്നു അതിലും അതിശയം. അതായത് ബ്രിട്ടീഷുകാർ പരസ്പരം കണ്ടാൽ സ്വീകരിക്കുന്നത് ഈ ഒരു രീതിയിലാണെന്ന ധാരണയിലാണ് താൻ നടിയോട് അത്തരത്തിൽ പെരുമാറിയതെന്നാണ് ഇന്ത്യൻ ടെക്കി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചിരിക്കുന്നത്. എന്തായാലും ഇയാൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും പേരിനൊരു ശിക്ഷ മാത്രം ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

ശ്രീനിവാസ് ബോറെഡി എന്ന 36 കാരനാണ് ഇത്തരത്തിൽ പ്രവൃത്തി വാർത്തകളിൽ നിറയുന്നത്. സൗഹാർദപൂർവമുള്ള ഒരു ആലിംഗനത്തിന് നടി സമ്മതിച്ചതിനെ തുടർന്ന് ശ്രീനിവാസ് ഇത് മുതലെടുത്താണ് ഈ വിധം പ്രവൃത്തിച്ചിരിക്കുന്നത്. ലണ്ടനിലെ കൗണ്ടി ഹാളിലുള്ള ഷ്രെക്ക് അഡൈ്വൻചർ തീം പാർക്കിൽ വച്ചാണ് സംഭവുണ്ടായിരിക്കുന്നത്. നിനച്ചിരിക്കാതെയുള്ള ശ്രീനിവാസിന്റെ ഈ പ്രവൃത്തിയിൽ ആദ്യം അമ്പരന്ന് പോയ നടി മുറിവേറ്റ് കരഞ്ഞു കൊണ്ടാണ് അവിടം വിട്ട് പോയത്. സംഭവംകോടതിയിലെത്തിയതോടെ കാംബെർവെൽ ഗ്രീൻ മജിസ്‌ട്രേറ്റ് ശ്രീനിവാസിനോട് 150 മണിക്കൂർ പ്രതിഫലമില്ലാത്ത ജോലി ചെയ്യാനും 375 പൗണ്ട്‌ചെലവിനായും 50 പൗണ്ട് ഇതിന് ഇരയായ നടിക്ക് നഷ്ടപരിഹാരം നൽകാനും വിധിക്കുകയായിരുന്നു. തെലുങ്ക് സംസാരിക്കുന്ന ശ്രീനിവാസുമായുള്ള ആശയവിനിമയം കോടതിയിൽ നടന്നത് ഒരു പരിഭാഷകനെ വച്ചു കൊണ്ടായിരുന്നു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനായിരുന്നു ഇയാളുടെ മേൽ വിചാരണ നടന്നിരുന്നത്. ഡെർബിഷെയറിലെ ചെസ്റ്റെർഫീൽഡിലുള്ള ബാർക്കർ ലൈനിലാണ് ശ്രീനിവാസ് താമസിക്കുന്നത്.

പാർക്കിലെ ബസ് തീംഡ് റൈഡിൽ കയറാൻ ശ്രമിക്കുകയായിരുന്നു ശ്രീനിവാസും ഭാര്യയും രണ്ട് മക്കളും. എന്നാൽ ഒരു കുട്ടിക്ക് ഇതിൽ കയറാനുള്ള ചുരുങ്ങിയ ഉയരം ഇല്ലാത്തതിനാൽ ഭാര്യയോടും മക്കളോടും റൈഡിൽ കയറേണ്ടെന്ന് ശ്രീനിവാസ് പറയുകയായിരുന്നു. തുടർന്നാണ് ഇയാൾ നടിയെ പീഡിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർ എഡ്വാർഡ് അയ്ഡിൻ വെളിപ്പെടുത്തുന്നു. നടിയെ പീഡിപ്പിക്കാൻ ഇയാൾ മുൻകൂട്ടി ഉദ്ദേശിച്ചിരുന്നുവെന്നും ആരോപണമുണ്ട്. യാതൊരു വിധ പ്രകോപനവുമില്ലാതെ പെട്ടെന്നാണ് ശ്രീനിവാസ് ഈ വിധം നടിയോട് പ്രവർത്തിച്ചത്. അയാൾ നടിയുടെ മുഖത്ത് ചുംബിക്കാൻ ശ്രമിച്ചപ്പോൾ അവർ പെട്ടെന്ന് മുഖം തിരിച്ചതിന്റെ ഫലമായി അയാൾ കഴുത്തിന് പുറകിൽ ചുംബിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ നീക്കത്തിൽ നടി ഞെട്ടിത്തരിച്ച് പോവുകയും തുടർന്ന് ക്ഷുഭിതയാവുകയുമായിരുന്നു.തന്റെ പ്രവൃത്തി ഇംഗ്ലീഷുകാരെ സംബന്ധിച്ചിടത്തോളം അനുചിതമല്ലെന്നായിരുന്നു താൻ കരുതിയതെന്നാണ് ശ്രീനിവാസ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇന്ത്യയിലായിരുന്നെങ്കിൽ ഇത്തരത്തിൽ പെരുമാറുന്നത് സ്വീകാര്യമാവുമായിരുന്നോ എന്ന ചോദ്യത്തിന് അയാൾ അല്ലെന്നാണ് മറുപടിയേകിയത്.

രാജ്യത്തെ മറ്റുള്ളവരെ ശ്രീനിവാസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇത്തരത്തിലാണ് ഇംഗ്ലീഷുകാർ സ്വീകരിക്കുന്നതെന്ന് ധരിച്ച് ആ വിധം പ്രവർത്തിക്കുകയുമായിരുന്നുവെന്നാണ് പ്രബോഷൻ ഓഫീസറായ പാട്രിക് ആകേർസ് പറയുന്നത്. നടിയോട് തന്നെ സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താൻ ഈ വിധം പ്രവർത്തിച്ചതെന്ന ന്യായീകരണമാണ് ഇന്ത്യൻ ടെക്കി നൽകിയിരിക്കുന്നത്. ശ്രീനിവാസിന്റെ കുറ്റത്തിന് കമ്മ്യൂണിറ്റി ഓർഡർ വിധിക്കുകയാണെന്നാണ് ബെഞ്ചിന്റെ ചെയർമാനായ ടിം കോഹെൻ പറഞ്ഞത്. ശ്രീനിവാസിന്റെ സ്വഭാവത്തെക്കുറിച്ച് സുഹൃത്തുക്കൾ അയച്ച കത്തുകളും സംഭവത്തിൽ ഇയാൾ പ്രകടിപ്പിച്ച കുറ്റബോധവും പരിഗണിച്ചാണ് ഇയാളെ കടുത്ത ശിക്ഷകളിൽ നിന്ന് ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP