Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോയൽറ്റി സ്‌കീമീൽ ചേരുക; ജീവനക്കാരോട് എളിമയോടെ പെരുമാറുക; സൗജന്യമായി ബിസിനസ്സ് ക്ലാസ് ടിക്കറ്റ് കിട്ടാനും എക്കോണമിയിൽ നല്ല സീറ്റ് കിട്ടാനുമുള്ള വഴികൾ അനവധി

ലോയൽറ്റി സ്‌കീമീൽ ചേരുക; ജീവനക്കാരോട് എളിമയോടെ പെരുമാറുക; സൗജന്യമായി ബിസിനസ്സ് ക്ലാസ് ടിക്കറ്റ് കിട്ടാനും എക്കോണമിയിൽ നല്ല സീറ്റ് കിട്ടാനുമുള്ള വഴികൾ അനവധി

വിമാനത്തിൽ നമുക്കാവശ്യമുള്ള സമയത്ത് ടിക്കറ്റ് കിട്ടുകയെന്നത് ചിലപ്പോൾ പ്രയാസമുള്ള കാര്യമായിത്തീരാറുണ്ട്. ടിക്കറ്റ് കിട്ടിയാൽ പിന്നെ നമ്മുടെ സീറ്റ് എവിടെയായിരിക്കുമെന്നതാകും ഓരോരുത്തരുടെയും ചിന്ത. സുഖകരമായ വിമാനയാത്ര ഉറപ്പിക്കാൻ എവിടെയിരിക്കണമെന്ന ചിന്ത യാത്രയിൽ ഏറ്റവും സമ്മർദമേകുന്ന കാര്യങ്ങളിലൊന്നാണ്. ഈ ഒരു അവസ്ഥയിലാണ് സീറ്റ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നാം ആലോചിക്കുന്നത്. കാൽനീട്ടിയിരിക്കാൻ കൂടുതൽ സൗകര്യമുണ്ടാകുക, നല്ല സീറ്റുകൾ തുടങ്ങിയ രീതിയിലുള്ള അപ്‌ഗ്രേഡിംഗുകൾക്ക് ചില ഫ്‌ലൈറ്റുകളിൽ വൻ അധിക ചാർജുകളാണ് ഈടാക്കുന്നത്. ചില വേളകളിൽ ആകാശയാത്രകളിൽ ഇത്തരം അധിക ചാർജുകളും നമ്മുടെ യാത്രയുടെ രസത്തെ കൊല്ലുമെന്നുറപ്പാണ്. എന്നാൽ നാം മനസ്സ് വച്ചാൽ ചില ബുദ്ധിപരമായ തന്ത്രങ്ങളിലൂടെ സൗജന്യമായി ഇത്തരം അപ്ഗ്രഡ് നേടിയെടുക്കാവുന്നതാണ.് ലോയൽറ്റി സ്‌കീമിൽ ചേരുക, ജീവനക്കാരോട് എളിമയോടെ പെരുമാറുക തുടങ്ങിയ തന്ത്രങ്ങളിലൂടെ ബിസിനസ്സ് ക്ലാസ് ടിക്കറ്റ് കിട്ടാനും എക്കോണമിയിൽ നല്ല സീറ്റ് കിട്ടാനും എളുപ്പം സാധിച്ചെന്ന് വരും. പ്രൊഫഷണൽ ട്രാവലർമാർ പയറ്റുന്ന ഇത്തരം ചില തന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. ലോയൽറ്റി സ്‌കീമിൽ അല്ലെങ്കിൽ ഫ്രീക്വന്റ് ഫ്‌ലൈയർ സ്‌കീമിൽ ചേരുക

നിങ്ങൾ ജോലി ആവശ്യാർത്ഥമോ വിനോദ സഞ്ചാരത്തിന്റെ ഭാഗമായോ ഒരേ പ്ലെയിനിലോ ഒരു ഗ്രൂപ്പിന്റെ പ്ലെയിനിലോ സഞ്ചരിക്കുന്ന ആളാണെങ്കിൽ ഇതിന്റെ ഭാഗമായുള്ള ചില സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് എലൈറ്റ് സ്റ്റാററസ് നേടിയെടുക്കാനാകും. എക്കണോമി ക്ലാസുകൾ അധികം ചെലവാകുന്ന വേളയിൽ പ്രീമിയം കാബിനിൽ ഓപ്പൺ സീറ്റുകൾ ഉണ്ടെന്നിരിക്കെ ഫ്‌ലൈറ്റ് അറ്റൻഡർമാർ അപൂർവമായി യാത്രക്കാർക്ക് ക്രമമില്ലാതെ അപ്‌ഗ്രേഡ് ലഭ്യമാക്കാറുണ്ട്. അത്തരം അവസരങ്ങളിൽ തങ്ങളുടെ ലോയൽ പാസഞ്ചർമാർക്ക് അപ്‌ഗ്രേഡ് ലഭ്യമാക്കാൻ അവർ മുൻഗണന നൽകാറുണ്ടെന്നാണ് ട്രിപ്പ് അഡൈ്വസർ ഫ്‌ലൈറ്റ്‌സിന്റെ റീജിയനൽ ബിസിനസ്സ് ഡെവലപ്‌മെന്റ് ഡയറക്ടറായ കാതറീൻ ക്ലാർക്ക് പറയുന്നത്. ലോയൽറ്റി മെമ്പർമാർക്ക് തങ്ങളുടെ മൈലുകളോ പോയിന്റുകളോ ഉപയോഗിച്ച് അപ്‌ഗ്രേഡ് എളുപ്പം നേടിയെടുക്കാനാകുമെന്നാണ് ചീപ്പ്ഫ്‌ലൈറ്റ് .കോ.യുകെയിലെ ട്രാവൽ എക്‌സ്പർട്ടായ ഊനാതഗ് ഷീൽ പറയുന്നത്.

2. ഒരു സീറ്റ് തെരഞ്ഞെടുക്കുകയോ നേരത്തെ ചെക്കിൻ ഇൻ ചെയ്യുകയോ ചെയ്യുക

നിങ്ങൾ ബുക്ക് ചെയ്യുമ്പോഴോ ഓൺലൈനിൽ ചെക്ക് ചെയ്യുമ്പോഴോ ഒരു സീറ്റ് തെരഞ്ഞെടുത്താൽ ഏറ്റവും ഇഷ്ടപ്പെട്ട സീറ്റ് നിങ്ങൾക്ക് ഉറപ്പിക്കാനാകും. ഒരു കാബിന്റെ ബുക്കിങ് പൂർത്തിയായാൽ അധികൃതർ യാത്രക്കാരെ നേരത്തെ തന്നെ കയറ്റി ഇരുത്താറുണ്ട്. പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. അതിനാൽ ഓൺലൈനിലൂടെ നേരത്തെ തന്നെ ചെക്ക് ഇൻ ചെയ്യുന്നതിലൂടെയും ഇഷ്ടപ്പെട്ട സീറ്റ് ഉറപ്പിക്കാം.

3. വൈകി എത്തുക

വൈകിയെത്തുക എന്ന തന്ത്രം പയറ്റിയും ചുളുവിൽ മികച്ച സീറ്റും അപ്‌ഗ്രേഡും നേടിയെടുക്കാൻ സാധ്യതകളുണ്ട്. എന്നാൽ വളരെ വൈകിയെത്തുകയുമരുത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് വിമാനം വരെ കിട്ടാത്ത അവസ്ഥയുണ്ടായേക്കാം. ഓൺലൈൻ ചെക്ക് ഇന്നിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള സീറ്റ് ലഭിക്കാനുള്ള സംവിധാനമില്ലാത്ത അവസരത്തിലാണ് വൈകിയെത്തൽ ഗുണം ചെയ്യാൻ സാധ്യത. വൈകിയെത്തുന്നവർക്ക് വിറ്റുപോകാത്ത എക്കണോമി സീറ്റുകളോ വിമാനത്തിന്റെ മുൻനിരയിലുള്ള സീറ്റുകളോ കിട്ടാൻ സാധ്യതയേറെയാണ്. എന്നാൽ വിമാനം ഫുൾ ആവുകയും സീറ്റുകൾ പരിമിതമാവുകയും ചെയ്യുന്ന അവസരങ്ങളിൽ ഇത് ചൂതാട്ടം പോലുള്ള ഒരു പ്രവർത്തിയാണ്. വൈകിയെത്തുന്നവരിൽ നിന്ന് ചിലപ്പോൾ കാരിയർമാർ ചാർജുകൾ ഈടാക്കാനും സാധ്യതയുണ്ട്.

4. വസ്ത്രം പ്രധാന ഘടകം

നാം ധരിക്കുന്ന വസ്ത്രത്തിന് എവിടെയും പ്രാധാന്യമുള്ളത് പോലെ വിമാനത്തിലുമുണ്ടെന്ന് ഓർത്താൽ നന്നായിരിക്കും. നല്ല രീതിയിൽ സ്മാർട്ടായി വസ്ത്രം ധരിച്ചിരിക്കുന്ന ഒരാൾക്ക് എക്കണോമി സീറ്റിൽ നിന്നും പ്രീമിയം സീറ്റിലേക്ക് എളുപ്പത്തിൽ മാറാൻ സാധ്യതയേറെയാണ്. നല്ല രീതിയിൽ വസ്ത്രം ധരിച്ച കാരണത്താൽ യുഎസിലേക്കുള്ള യാത്രക്കിടെ തനിക്ക് ഫസ്റ്റ് ക്ലാസ് ബോർഡിങ് പാസ് ലഭിച്ച അനുഭവം എയർഫെയർവാച്ച്‌ഡോഗ്.കോമിന്റെ സ്ഥാപകനായ ജോർജ് ഹോബിക്ക പങ്ക് വയ്ക്കുന്നുണ്ട്.

5. മധുവിധുന് പോകുമ്പോൾ വിമാനത്തിൽ മുൻഗണന

നിങ്ങൾ മധുവിധുവിന് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണോ...??. എങ്കിൽ നിങ്ങൾക്ക് വിമാനത്തിൽ അപ്‌ഗ്രേഡിന് മുൻഗണനകളേറെയുണ്ടെന്നറിഞ്ഞാൽ നന്നായിരിക്കും. പിറന്നാളും വാർഷികങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതികളാണെങ്കിലും വിമാനക്കമ്പനികൾ ഇവയെ അപ്‌ഗ്രേഡിനുള്ള മുൻഗണനകളായി പരിഗണിക്കാറില്ല. എന്നാൽ മധുവിധുവിനെ മാത്രമാണ് വിമാനക്കമ്പനികൾ അപ്‌ഗ്രേഡിന് മുൻഗണന നൽകുന്ന ഏക വിശേഷാവസരമായി പരിഗണിക്കുന്നത്. അതിനാൽ നവദമ്പതികൾ യാത്രാവേളയിൽ ബിസിനസ്സ് ക്ലാസിന് മുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എളുപ്പം നടക്കുമെന്ന് സാരം.

6. അപ്‌ഗ്രേഡിന് വേണ്ടി ആവശ്യപ്പെടാതെ മാറി നിൽക്കുക

ചിലർ അപ്‌ഗ്രേഡിന് വേണ്ടി അധികൃതരോട് കാൽ പിടിച്ച് അപേക്ഷിച്ച് അവരെ നിരന്തരം ശല്യം ചെയ്യുന്നത് വിമാനയാത്രയുടെ ഭാഗമായുള്ള സ്ഥിരം കാഴ്ചയാണ്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ചോദിച്ചാൽ നിങ്ങൾക്ക് അപ്‌ഗ്രേഡ് കിട്ടാൻ സാധ്യത വളരെക്കുറവാണ്. ഈ അവസരത്തിൽ അതിനായി ആവശ്യപ്പെടാതെ ആൾക്കൂട്ടതത്തിൽ നിന്ന് മാറി മന്ദസ്മിതത്തോടെ നിന്നാൽ ചിലപ്പോൾ നിങ്ങൾക്ക് അപ്‌ഗ്രേഡ് അധികൃതർ ഇങ്ങോട്ട് വിളിച്ച് തന്നെന്നിരിക്കും. അതിനായി നല്ല രീതിയിൽ വസ്ത്രം ധരിച്ച് കുലീനമായി നിലകൊള്ളേണ്ടതുണ്ട്.

7. ഒറ്റയ്ക്ക് യാത്ര ചെയ്യുക

പ്‌ഗ്രേഡിന് പരിഗണിക്കുന്ന വേളയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് എയർലൈനുകൾ മുൻഗണന നൽകാറുണ്ട്. അതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ കുടുംബങ്ങളേക്കാൾ അപ്‌ഗ്രേഡിനുള്ള സാധ്യത നിങ്ങൾക്കുണ്ടാകും.

8. കടുംപിടിത്തം ഉപേക്ഷിക്കുക

ചില സന്ദർഭങ്ങളിൽ ഒരു വിമാനത്തിൽ യാത്രക്കാർ നിറഞ്ഞാൽ ശേഷിക്കുന്നവരെ അടുത്ത വിമാനത്തിലേക്ക് പരിഗണിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സാധ്യമാണെങ്കിൽ ആദ്യ വിമാനത്തിലെ പോകുകയുള്ളൂ എന്ന പിടിവാശി ഉപേക്ഷിച്ചാൽ അപ്‌ഗ്രേഡിനുള്ള സാധ്യതയാണ് നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. അതിനാൽ ഇത്തരം മാറ്റങ്ങൾക്ക് നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ ചെക്ക്ഇൻ വേളയിൽ തന്നെ അത് എയർലൈൻ സ്‌ററാഫിനോട് വ്യക്തമാക്കാവുന്നതാണ്. ഭക്ഷണത്തിന് മുൻകൂട്ടി ബുക്ക് ചെയ്യുന്നത് പോലുള്ള കാര്യങ്ങൾ അപ്‌ഗ്രേഡിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് ഈ മേഖലയിലെ വിഗദ്ധർ പറയുന്നത്. അതിനാൽ നിങ്ങൾക്ക് പ്രത്യേക ഭക്ഷണക്രമമൊന്നുമില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കടുംപിടിത്തങ്ങളും ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.

9. തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുക

തിരക്കുള്ള സമയങ്ങളിലെ വിമാനയാത്രകളിൽ അപ്‌ഗ്രേഡിനുള്ള സാധ്യത കുറവായിരിക്കും. അതിരാവിലെയും വൈകീട്ടുമുള്ള വിമാനങ്ങളിൽ ക്ലാസ് മാറ്റം വിഷമമാണ്. സാധ്യമാണെങ്കിൽ ബാങ്ക് അവധിദിവസങ്ങൾ പോലുള്ള ദിനങ്ങളിൽ യാത്രക്ക് തെരഞ്ഞെടുത്താൽ നന്നായിരിക്കും.

10. അനുയോജ്യമായ വിമാനം യാത്രക്കായി തെരഞ്ഞെടുക്കുക

നിങ്ങൾക്ക് യാത്രാതിയതിയും സമയവും യഥേഷ്ടം തെരഞ്ഞെടുക്കാൻ സാധ്യമാണെങ്കിൽ ഏറ്റവും അനുയോജ്യമായ വിമാനം തെരഞ്ഞെടുക്കാവുന്നതാണ്. അതായത് പുതിയ ഗണത്തിലുള്ള വിമാനങ്ങളിൽ യാത്രാസൗകര്യം കൂടുമെന്നോർക്കുക. അതിനാൽ സാധ്യമാണെങ്കിൽ അത്തരം വിമാനങ്ങൾ യാത്രക്കായി തെരഞ്ഞെടുത്താൽ നന്നായിരിക്കുമെന്ന് സാരം. അതിനാൽ യാത്രക്ക് മുമ്പ് SeatGuru.com പോലുള്ള വെബ്‌സൈററുകളിൽ സെർച്ച് ചെയ്യുന്നത് ഇക്കാര്യത്തിൽ ഗുണം ചെയ്യും. ഓരോ കമ്പനികളിലെയും ഏതെല്ലാം വിമാനങ്ങളിലാണ് നല്ല സീറ്റുകളുള്ളതെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

11. വിനയമുള്ളവരാകുക

സൗജന്യമായി അപ്‌ഗ്രേഡ് തരപ്പെടുത്താനുള്ള ഏറ്റവും നല്ല പൊടിക്കൈയാണ് വിനയം കാത്തുസൂക്ഷിക്കുകയെന്നത്. എജന്റുമാരും ഫ്‌ലൈറ്റ് അറ്റന്റൻസും പരുക്കനായി പെരുമാറുന്ന നിരവധി യാത്രക്കാരെ നിത്യവും കണ്ടു മടുക്കുന്നുണ്ട്. അക്കൂട്ടത്തിൽ വിനയത്തോടെ പെരുമാറുന്ന അപൂർവം ചിലരെ കണ്ടാൽ അവർക്ക് മമത തോന്നുകയും അതിലൂടെ നമുക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതയേറുകയും ചെയ്യുമെന്നാണ് ഈ രംഗത്തെ വിഗദ്ധർ പറയുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP