Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്ത് എബോള പടർന്ന് പിടിച്ചതോടെ ഒറ്റപ്പെട്ട് കോംഗോ; സൗദി അറേബ്യ വിസ നടപടികൾ നിർത്തിയതിന് പിന്നാലെ അതിർത്തി അടച്ച് അയൽരാജ്യമായ റുവാണ്ട; ഒരു വർഷത്തിനിടെ രാജ്യത്ത് രോഗബാധിരായി മരിച്ചത് 1803 പേർ; മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 2577ലേറെ പേർക്ക്

രാജ്യത്ത് എബോള പടർന്ന് പിടിച്ചതോടെ ഒറ്റപ്പെട്ട് കോംഗോ; സൗദി അറേബ്യ വിസ നടപടികൾ നിർത്തിയതിന് പിന്നാലെ അതിർത്തി അടച്ച് അയൽരാജ്യമായ റുവാണ്ട; ഒരു വർഷത്തിനിടെ രാജ്യത്ത് രോഗബാധിരായി മരിച്ചത് 1803 പേർ; മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും; ഇത് വരെ രോഗം സ്ഥിരീകരിച്ചത് 2577ലേറെ പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കിൻഷാ: ഒരാളിൽ കൂടി എബോള സ്ഥിരീകരിക്കുകയും ഒരു കുടുംബത്തിലെ 15 പേർക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തതോടെ കോംഗോ ഒറ്റപ്പെടുന്നു. എബോള വൈറസ് പടരുന്നത് തടയുന്നതിനായി അയൽ രാജ്യമായ റുവാണ്ട കോംഗോയുമായുള്ള അതിർത്തി അടച്ചു. സൗദി അറേബ്യ കോംഗോയുമായുള്ള വിസ നടപടികൾ അവസാനിപ്പിച്ചിരിക്കുകയാണ്. എബോള ബാധയെ തുടർന്ന് അയൽ രാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്ന് ലോകാരോഘ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. WHOയുടെ നിർദേശത്തിന് പിന്നാലെയാണ് അയൽ രാജ്യമായ റുവാണ്ട കോഗോയുമായുള്ള അതിർത്തി അടച്ചത്. വൈറസ് രാജ്യത്തേക്ക് പടരുന്നത് തടയാനാണ് നടപടി.

കോംഗോയുടെ അതിർത്തി നഗരമായ ഗോമയിലാണ് എബോള റിപ്പോർട്ട് ചെയ്തത്. എബോള ബാധിച്ച് 2 പേർ മരിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള പെൺ കുഞ്ഞിനാണ് ഇന്നലെ എബോള സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട സ്ത്രീയുടെ കുഞ്ഞാണ് ഇത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 10 ലക്ഷത്തോളം ജനം തിങ്ങിനിറഞ്ഞു ജീവിക്കുന്ന ഗോമ പോലൊരു നഗരപ്രദേശത്തു വൻ വെല്ലുവിളിയാണ് എബോള സൃഷ്ടിക്കുന്നത്. വൈറസാണ് രോഗത്തിനു കാരണം. പനിയെ തുടർന്നുള്ള രക്തസ്രാവമാണ് മരണത്തിലേക്കു നയിക്കുന്നത്. എബോള വൈറസ് ബാധയേറ്റ് 2018 ഓഗസ്റ്റിനു ശേഷം 1803 പേർ മരണമടഞ്ഞു. ഇവരിൽ മൂന്നിലൊന്നും കുട്ടികളാണ്. മരിച്ചവരിലേറെയും വനിതകളുമാണ്. 2577ലേറെ പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2014 16 ൽ പശ്ചിമാഫ്രിക്കയിൽ രോഗം പടർന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപ്പകർച്ചയാണ് ഇപ്പോഴത്തേത്. 201416 ൽ മാത്രം എബോള മൂലം മരിച്ചത് 11,300 പേരാണ്. അതിനുശേഷം ഇത്രയേറെപ്പേർ രോഗം മൂലം മരിക്കുന്നത് കോംഗോയിലാണ്. ഉൾപ്രദേശങ്ങളിൽ മാത്രം കാണപ്പെട്ടിരുന്ന രോഗബാധ രാജ്യത്തു ജനസംഖ്യയിൽ ആറാം സ്ഥാനത്തുള്ള ഗോമ നഗരത്തിലേക്ക് അടുത്തിടെ പടർന്നതാണ് പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കിഴക്കൻ കോംഗോയിലെ ഈ നഗരത്തിൽ രണ്ടു പേർക്കാണ് കഴിഞ്ഞ മാസം എബോള സ്ഥിരീകരിച്ചത്. ഇവരിൽ മരിച്ച രണ്ടാമത്തെയാൾ കൂടുതൽ പേരിലേക്കു രോഗം എത്തിച്ചിട്ടുണ്ടെന്നാണു സർക്കാർ മുന്നറിയിപ്പ്.

നാൽപതുകാരനായ ഒരു സ്വർണ ഖനിത്തൊഴിലാളിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഒരു വയസ്സുള്ള മകൾക്കും എബോള ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എബോള രോഗബാധയുണ്ടായിരിക്കെത്തന്നെ ഇദ്ദേഹം വീട്ടിലുള്ളവരോട് അടുത്തിടപഴകിയിരുന്നു. 10 കുട്ടികളടങ്ങിയ കൂട്ടുകുടുംബവുമായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരി കഴിഞ്ഞ ദിവസം കോംഗോയ്ക്കു തെക്ക് കിവുവിലേക്ക് പോയതും സ്ഥിതിഗതികൾ വഷളാക്കി. രോഗബാധയേറ്റെന്നു സംശയമുള്ളതിനാൽ ഇവരെ തിരികെ ഗോമയിലേക്കു എത്തിച്ചിട്ടുണ്ട്. ഇവർക്കും രോഗബാധയേറ്റതായാണു സംശയം. കുടുംബത്തിലെ എല്ലാവരെയും പ്രത്യേകം നിരീക്ഷണത്തിലേക്കു മാറ്റിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശങ്കാജനകമായ സാഹചര്യമാണ് ഇവരുടെ കാര്യത്തിലുള്ളതെന്നും വകുപ്പ് വ്യക്തമാക്കി.

ഇതുവരെ രോഗബാധയേറ്റവരിൽ പകുതിയോളം പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂവെന്നും എബോളയ്‌ക്കെതിരെ പ്രതിരോധമൊരുക്കുന്ന സർക്കാർ സംവിധാനത്തിന്റെ തലവൻ ഴാങ് ഴാക്വെ മുയെംബെ പറഞ്ഞു. ഇത്തരത്തിലാണു മുന്നോട്ടു പോകുന്നതെങ്കിൽ രോഗം രണ്ടോ മൂന്നോ വർഷത്തേക്കു കൂടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഗോമയിൽ ഇതുവരെ എബോള ബാധിച്ച നാലു പേരിൽ നിന്ന് രോഗം പകരാൻ സാധ്യതയുണ്ടെന്നു കരുതുന്ന 538 പേരെ തിരിച്ചറിഞ്ഞതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഏറ്റവും ഒടുവിൽ മരിച്ചയാളുമായി ബന്ധമുണ്ടെന്നു കരുതുന്ന 300 പേരെ തിരിച്ചറിഞ്ഞു. ഇവരിൽ 240 പേർക്ക് വാക്‌സിനേഷൻ നൽകിയതായും ഡബ്ല്യുഎച്ച്ഒ വക്താവ് മാർഗരീത്ത് ഹാരിസ് പറഞ്ഞു.

കോംഗോയിൽ നിന്നുള്ളവർക്ക് കഴിഞ്ഞയാഴ്ച മുതൽ സൗദി വീസ അനുവദിക്കുന്നില്ല. ആശങ്കാജനകമായ സാഹചര്യമായതിനാൽ കോംഗോയുമായുള്ള അതിർത്തി റുവാണ്ട ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. 'ഭയന്നതു തന്നെ സംഭവിച്ചതിനാലാണ് നടപടി' എന്നാണ് റുവാണ്ട ഇതിനെപ്പറ്റി വിശദീകരിച്ചത്. അതിർത്തി അടയ്ക്കാതിരുന്നതിനു കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന റുവാണ്ടയെ അനുമോദിച്ചതിനു പിന്നാലെയാണ് പുതിയ നടപടിയെന്നതും ശ്രദ്ധേയം.

കർശന ആരോഗ്യപരിശോധനകൾക്കൊടുവിൽ മാത്രമാണ് നിലവിൽ കോംഗോയിൽ നിന്നുള്ളവരെ റുവാണ്ടയിലേക്കു പ്രവേശിപ്പിക്കുന്നത്. ഗോമയിലേക്ക് അത്യാവശ്യമാണെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്ന് കോംഗോ സർക്കാർ ജനങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെതിരെ ഡബ്ല്യുഎച്ച്ഒ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും 'മേഖലാതലത്തിൽ' എബോള പടർന്നുപിടിക്കുന്നതു വൻ ആശങ്കാജനകമായ സാഹചര്യമാണു സൃഷ്ടിച്ചതെന്ന കാര്യം സംഘടനയും അംഗീകരിക്കുന്നു.

വടക്കുകിഴക്കൻ ഇതുറി പ്രവിശ്യയിൽ നിന്നു മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ഖനിത്തൊഴിലാളിക്കു രോഗം സ്ഥിരീകരിച്ചത്. ഇന്നേവരെ ഇതുറിയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുമില്ല. അതിനാൽത്തന്നെ എബോളയുടെ ഉറവിടം തിരിച്ചറിയാനാകാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വലയുകയാണ്. പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഖനിത്തൊഴിലാളി 490 കിലോമീറ്ററോളം കടന്ന് കൊമാൻഡയിൽ നിന്ന് ഗോമയിലെത്തിയത്. ഇദ്ദേഹം ഒട്ടേറെ ടാക്‌സികളിലും കയറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 13നാണ് ഗോമയിലെത്തിയത്. ജൂലൈ 22ന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. തുടർന്നു പ്രത്യേകം നിരീക്ഷണ സംവിധാനത്തിനു കീഴിലേക്കു മാറ്റി. അതിനു മുൻപ് അഞ്ചു ദിവസം വീട്ടിലായിരുന്നു ചികിത്സ. പനി മാറാതായതോടെ ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോഴാണ് എബോള സ്ഥിരീകരിച്ചത്.

രണ്ടര ആഴ്ച മുൻപ് ഗോമയിൽത്തന്നെ റിപ്പോർട്ട് ചെയ്ത എബോള രോഗബാധയേറ്റ വ്യക്തിയുമായി ഖനിത്തൊഴിലാളിക്കു ബന്ധമുണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. അന്ന് രോഗബാധയേറ്റത് 46കാരനായിരുന്നു. മൂന്ന് ചെക്ക് പോയിന്റുകളിലെ ആരോഗ്യപരിശോധന കടന്നാണ് അദ്ദേഹം ഗോമയിലെത്തിയത്. എന്നിട്ടും രോഗം തിരിച്ചറിയാനായില്ലെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രോഗബാധയേറ്റ് രണ്ടു മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കുന്നതാണ് എബോള വൈറസിന്റെ രീതി. എന്നാൽ പ്രധാന ലക്ഷണമായ പനി പലരും കാര്യമായെടുക്കാറില്ല. മേഖലയിൽ വ്യാപകമായുള്ള മലേറിയ ആയിരിക്കുമെന്ന സംശയത്തിൽ സ്വയം ചികിത്സയും പതിവാണ്.

രോഗികളുമായി വളരെ അടുത്തിടപഴകുന്നവർക്കാണ് രോഗബാധയേൽക്കുക. എത്രയും പെട്ടെന്ന് ചികിത്സ തേടുക മാത്രമാണ് രക്ഷാമാർഗം. എന്നാൽ എബോള വൈറസ് എന്നൊരു രോഗാണു ഇല്ലെന്നു വിശ്വസിക്കുന്നവരേറെയാണ് കോംഗോയിൽ. അതിനാൽത്തന്നെ ഏറെ വെല്ലുവിളികൾ നേരിട്ടാണു പലരും വാക്‌സിനേഷൻ നൽകുന്നതു തന്നെ. ആരോഗ്യ പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടാവുകയും പലരും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾ വരെ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

അംഗീകരിക്കപ്പെട്ട ഒരു മരുന്നും ഇതുവരെ എബോളയ്ക്കു കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. രോഗബാധയേറ്റവരുടെ ശരീരസ്രവങ്ങളിൽ നിന്നാണ് എബോള പകരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP