Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വീണ്ടും തുടക്കം കുറിച്ച് സ്‌കോട്ടിഷ് ഇൻഡിപെൻഡന്റ് പാർട്ടി; ബ്രിട്ടൻ വിട്ടു സ്വതന്ത്ര രാജ്യമായി യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാനുള്ള ധവളപത്രം പുറത്തിറക്കി നിക്കോള സ്റ്റർജന്റ്; സമ്മതിക്കെല്ലെന്ന് ബോറിസ് ജോൺസൺ

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വീണ്ടും തുടക്കം കുറിച്ച് സ്‌കോട്ടിഷ് ഇൻഡിപെൻഡന്റ് പാർട്ടി; ബ്രിട്ടൻ വിട്ടു സ്വതന്ത്ര രാജ്യമായി യൂറോപ്യൻ യൂണിയനിൽ അംഗത്വമെടുക്കാനുള്ള ധവളപത്രം പുറത്തിറക്കി നിക്കോള സ്റ്റർജന്റ്; സമ്മതിക്കെല്ലെന്ന് ബോറിസ് ജോൺസൺ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യു കെയിൽ നിന്നും വിട്ടുമാറി സ്വതന്ത്ര രഷ്ട്രമായി നിലകൊള്ളണം എന്ന വികാരം കുറെയേറെക്കാലമായി ഒരു വിഭാഗം സ്‌കോട്ടിഷ് ജനത മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. അതിൽ ഒരു പടികൂടി മുന്നോട്ട് പോയിരിക്കുകയാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റ്. എന്നാൽ അത് അത്ര എളുപ്പമല്ലെന്നും ഇംഗ്ലണ്ടുമായി അതിർത്തി പ്രശ്നങ്ങൾക്ക്ഇടയുണ്ടെന്നും അവർ പറയുന്നു. മാത്രമല്ല യു. കെ വിട്ട് സ്വതന്ത്ര രാജ്യമായി യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ റെഗുലേറ്ററി-കസ്റ്റംസ് പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും അവർ പറയുന്നുണ്ട്.

വരുന്ന വർഷം സ്‌കോട്ട്ലാൻഡ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വോട്ടിങ് വേണമെന്ന ആവശ്യവുമായി മുൻപോട്ട് പോകുന്ന നിക്കോള സ്റ്റർജന്റ് പക്ഷെ ഈ തടസ്സങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യാൻ ആകും എന്ന വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്. യൂറോപ്പ്യൻ യൂണിയൻ വിപണിയിൽ പ്രവേശനം ലഭിക്കുന്നത് സ്‌കോട്ട്ലാൻഡിന് ഗുണം ചെയ്യുമെന്നും അവർ പറയുന്നു. ബ്രെക്സിറ്റ് എന്ന തെറ്റായ നയം മൂലം ഇപ്പോൾ ജി 7 രാജ്യങ്ങളിൽ ഏറ്റവുമധികം ജീവിതചെലവുള്ള രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടനെന്നും അവർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ നടത്തിയ അഭിപ്രായ സർവേകളിൽ പക്ഷെ ഭൂരിപക്ഷം സ്‌കോട്ട്ലാൻഡുകാരും ബ്രിട്ടൻ വിട്ടുപോകുന്നതിനോട് യോജിക്കുന്നില്ല. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തങ്ങൾക്കൊപ്പം കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായി ഇറക്കുന്ന പ്രചാരണ പരമ്പരകളിൽ ആദ്യത്തേത് ഇന്നലെയിറങ്ങി. ആ ധവള പത്രത്തിലാണ് ബ്രിട്ടൻ വിട്ടാൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ വിസ്തരിച്ചതിനു ശേഷം അത് മറികടക്കാൻ ആകുമെന്ന വിശ്വാസം പ്രകടിപ്പിക്കുന്നത്.

അതേസമയം, അത്തരത്തിൽ ഒരു റഫറണ്ടത്തിന് അനുമതി നൽകുകയില്ല എന്ന് തീർത്തു പറയുകയാണ് ബോറിസ്‌ജോൺസൺ. 2014-ൽ നടന്ന റഫറണ്ടം ഒരു തലമുറയിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നായിരുന്നു എന്നും അതിൽ 55 ശതമാനം പേരാണ് സ്‌കോട്ട്ലാൻഡ് ബ്രിട്ടനിൽ തന്നെ തുടരണമെന്ന് പറഞ്ഞതെന്നും ബോറിസ് ജോൺസൺ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്താണ് സ്‌കോട്ടിഷ് ജനത ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തതെന്നും ഇനി ഉടനെ മറ്റൊരു റഫറണ്ടം ആവശ്യമില്ലെന്നുമാണ് ബോറിസ് പറയുന്നത്.

അന്നത്തെ സ്‌കോട്ടിഷ് ജനതയുടെ വിധിയെഴുത്ത് മറക്കരുതെന്നും ഇനി നമ്മൾ എല്ലാവരും ചേർന്ന് ഒത്തൊരുമിച്ച് ശ്രമിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ റഫറണ്ടം നടത്താൻ എങ്ങനെ കഴിയും എന്നത് സ്റ്റർജൻ വ്യക്തമാക്കണമെന്ന് മുൻ ഫസ്റ്റ് മിനിസ്റ്റർ അലക്സ് സാൽമോണ്ട് ആവശ്യപ്പെട്ടു. കാര്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിത ചെലവ് വർദ്ധിച്ചു വരുമ്പോഴും കൃത്യമായ നടപടി കൈക്കൊള്ളാതെ നിക്കോളാ സ്റ്റർജൻ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് എന്ന സ്വപ്നവും പൊക്കിപ്പിടിച്ചു നടക്കുകയാണെന്നാണ്പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. കൂടുതൽ സമ്പന്നവും ആഹ്ലാദഭരിതവും സുതാര്യവുമായ സ്‌കോട്ട്ലാൻഡ് എന്ന് പേരിട്ടിരിക്കുന്ന ധവളപത്രത്തിൽ സ്‌കോട്ട്ലാൻഡിനേയും യു കെയേയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ട്.

എന്നാൽ, ബ്രിട്ടനിൽ നിന്നും വിട്ടുമാറിയാലുള്ള ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് ധവള പത്രം മൗനം പാലിക്കുകയാണ്. ഏത് കറൻസിയായിരിക്കും സ്‌കോട്ട്ലാൻഡ് ഉപയോഗിക്കുക, നിലവിലെ സാമ്പത്തിക സ്ഥിതി, കടബാദ്ധ്യതകൾ തുടങ്ങി കാര്യങ്ങളിലെല്ലാം ഈ ധവള പത്രം കാര്യമായ ഒരു വിവരവും നൽകുന്നില്ല. അതേസമയം, ധവള പത്രത്തിന്റെ ആദ്യഭാഗം മാത്രമാണിതെന്നും വിശദമായ കാര്യങ്ങൾ ഇനി വരുന്ന പതിപ്പുകളിൽ ഉണ്ടാകുമെന്നുമാണ് സ്റ്റർജന്റെ അനുയായികൾ പറയുന്നത്.

ഒരു രാജ്യമെന്ന നിലയിൽ സ്‌കോട്ട്ലാൻഡിന് ധാരാളം നേട്ടങ്ങൾ ഉണ്ടേന്ന് പറഞ്ഞ സ്റ്റർജൻ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ വിജയം തന്നെ സ്‌ക്വാട്ട്ലാന്റ് ഒരു സ്വതന്ത്ര രാജ്യമാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണെന്ന് പറഞ്ഞു. ഇന്ന് സ്‌കോട്ട്ലാൻഡിലെ ജനങ്ങൾ അനുഭവിക്കുന്ന വിലക്കയറ്റവും, സാമ്പത്തിക വളർച്ച ഇല്ലായ്മയുമെല്ലാം ബ്രെക്സിറ്റ് കാരണമാണെന്നും അവർ പറയുന്നു. ബ്രെക്സിറ്റ് ഒരിക്കലും സ്‌കോട്ടിഷ് ജനത ആഗ്രഹിച്ചിരുന്നതല്ലെന്നും പക്ഷെ, അതിനെ എതിർക്കാനുള്ള സ്വാതന്ത്ര്യം സ്‌കോട്ട്ലാൻഡിന് ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP