Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വലതുവംശീയതയുടെ പോസ്റ്റർ ബോയിയായി ഡൊണാൾഡ് ട്രംപ് മാറി; ഈ വംശീയവാദിയാണ് ബോറിന്റെയും നിഗൽ ഫരാജിന്റെയും മാതൃകകൾ; അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നാസി നേതാക്കൾക്ക് തുല്യമാണ്; കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ

വലതുവംശീയതയുടെ പോസ്റ്റർ ബോയിയായി ഡൊണാൾഡ് ട്രംപ് മാറി; ഈ വംശീയവാദിയാണ് ബോറിന്റെയും നിഗൽ ഫരാജിന്റെയും മാതൃകകൾ; അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും നാസി നേതാക്കൾക്ക് തുല്യമാണ്; കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച നിലപാട് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ജനപ്രീതി വർധിപ്പിക്കുമ്പോൾത്തന്നെ അദ്ദേഹത്തിനെതിരായ വിമർശകരുടെയും കരുത്തേറുകയാണ്. മുൻ ചാൻസലർ ഫിലിപ്പ് ഹാമണ്ടിനെയും ലണ്ടൻ മേയർ സാദിഖ് ഖാനെയും പോലുള്ളവർ ശക്തമായ ഭാഷയിലാണ് ബോറിസിനെതിരേ തിരിയുന്നത്. വലതുവംശീയതയുടെ ഏറ്റവും വലിയ വക്താക്കളാണ് ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമെന്ന് പറഞ്ഞ സാദിഖ് ഖാൻ, ഇവർ ഇരുവരും നാസി നേതാക്കൾക്ക് തുല്യരാണെന്നും ആരോപിച്ചു.

രണ്ടാം ലോകമഹായുദ്ധം പഠിപ്പിച്ച പാഠങ്ങൾ മറക്കുന്നതുകൊണ്ടാണ് ഇത്തരം നേതാക്കൾ ഉയർന്നുവരുന്നതെന്ന് സാദിഖ് ഖാൻ പറഞ്ഞു. ആഗോള വലതുവംശീയവാദത്തിന്റെ പോസ്റ്റർ ബോയിയാണ് ഡൊണാൾഡ് ട്രംപ്. ബോറിസ് ജോൺസണെയും നിഗൽ ഫരാജിനെയും പോലുള്ള ലോകത്തെ വലതുവംശീയവാദികളായ നേതാക്കൾക്ക് ട്രംപാണ് മാതൃക. പാശ്ചാത്യലോകത്ത് ജനാധിപത്യ മൂല്യങ്ങൾ വൻ തകർച്ചയിലാണെന്നും ലണ്ടൻ മേയർ വിമർശിച്ചു.

കൺസർവേറ്റീവ്് പാർട്ടിയെയും ബോറിസ് ജോൺസണെയും കൂടുതൽ അസഹിഷ്ണുക്കളും വലതുപക്ഷക്കാരുമാക്കിയത് ബ്രെക്‌സറ്റ് പാർട്ടി നേതാവ് നിഗൽ ഫരാജിന്റെ പിന്തുണയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം പകർന്നുനൽകിയ പാഠങ്ങളെല്ലാം എല്ലാവരും മറക്കുകയാണ്. മറ്റൊരു ലോകയുദ്ധമുണ്ടാകാതെ കാത്തുസൂക്ഷിക്കുന്ന യൂറോപ്യൻ യൂണിയനും നാറ്റോയുമൊക്കെ കടുത്ത ഭീഷണി നേരിടുകയാണ്. യൂറോപ്യൻ യൂണിയനും നാറ്റോയുമൊക്കെ കെട്ടിപ്പടുക്കാൻ നായകത്വം വഹിച്ച രാജ്യങ്ങളിലെ നേതാക്കൾ തന്നെയാണ് അവയ്ക്ക് ഭീഷണിയുയർത്തുന്നതും-സാദിഖ് ഖാൻ തന്റെ പ്രതിവാര പംക്തിയിൽ ചൂണ്ടിക്കാട്ടി.

ജനാധിപത്യ മൂല്യങ്ങളെല്ലാം പാശ്ചാത്യ ലോകത്ത് കടുത്ത ഭീഷണിയെ നേരിടുകയാണ്. സ്വാതന്ത്ര്യത്തെ കുറിക്കുന്ന എല്ലാ മൂല്യങ്ങളും സമ്മർദം നേരിടുകയാണ്. നിയമവാഴ്ചയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉണർവുള്ള സമൂഹവുമൊക്കെ സമ്മർദത്തിലാണ്. ബ്രെക്‌സിറ്റിന് മുന്നോടിയായി അഞ്ചാഴ്ച പാർലമെന്റ് സസ്‌പെൻഡ് ചെയ്യാനുള്ള ബോറിസ് ജോൺസണിന്റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തോടും പാർലമെന്റിനോടും ബോറിസ് ചെയ്തതെന്താണെന്ന് നാം കഴിഞ്ഞയാഴ്ച കണ്ടുവെന്നായിരുന്നു സാദിഖിന്റെ വിമർശനം.

യൂറോപ്പിൽ വലതുപക്ഷ രാഷ്ട്രീയം അതിന്റെ മൂർധന്യാവസ്ഥയിലാണ് ഹംഗറിയിൽ വിക്ടർ ഒർബാന്റെയും ഇറ്റലിയിൽ മാറ്റിയോ സാൽവിനിയുടെയും ഫ്രാൻസിൽ മറീൻ ലെ പെന്നിന്റെയും വിജയം അതാണ് കാണിക്കുന്നത്. ദിവസവും മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ആക്രമിക്കുന്ന ട്രംപിന്റെ നിലപാടുകളാണ് വലതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പും ഡൊണാൾഡ് ട്രംപിനെതിരേ കടുത്തഭാഷയിൽ വിമർശനം ഉന്നയിച്ചിട്ടുള്ളയാളാണ് സാദിഖ് ഖാൻ.

ജൂണിൽ ബ്രിട്ടനിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായി ട്രംപ് എത്തുന്നതിന് മുന്നോടിയായി ട്രംപിന്റെ ഭാഷ 20-ാം നൂറ്റാണ്ടിലെ ഫാസിസ്റ്റിന്റേതിന് സമാനമാണെന്ന വിമർശനം സാദിഖ് ഖാൻ നടത്തിയിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ ട്രംപ് നാണമില്ലാതെ ഇടപെടുകയാണെന്നും ലണ്ടൻ മേയർ കുറ്റപ്പെടുത്തിയിരുന്നു. സാദിഖ് ഖാനെതിരേ കടുത്ത ഭാഷയിൽ ട്രംപും വിമർശനങ്ങൾ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP