Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യയിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ; ഒക്ടോബറിൽ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ആരംഭിക്കും; റഷ്യയിലെ പരീക്ഷണങ്ങളിൽ ആശങ്കയുണ്ടെന്ന് ​ഗവേഷകർ

റഷ്യയിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ; ഒക്ടോബറിൽ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ആരംഭിക്കും; റഷ്യയിലെ പരീക്ഷണങ്ങളിൽ ആശങ്കയുണ്ടെന്ന് ​ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകമെമ്പാടും കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നതിനിടെ റഷ്യയിൽ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജനങ്ങളിൽ വാക്സിനേഷൻ ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ഈ മാസം അവസാനത്തോടെ അധികൃതർ നൽകുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.

മോസ്‌കോയിലെ ഗമേലെയ ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയാക്കിയെന്നും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയാണെന്നും റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ അവകാശപ്പെട്ടതായി ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഒക്ടോബറിൽ വാക്‌സിൻ തയ്യാറാകുമെന്നും ഡോക്ടർമാർക്കും അദ്ധ്യാപകർക്കും ആദ്യഘട്ടത്തിൽ അത് നൽകുമെന്നും മുറാഷ്‌കോ പറഞ്ഞതായി ബിബിസിയും റിപ്പോർട്ടു ചെയ്തു. വാക്‌സിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങൾ വിജയകരമാണെന്ന് ഗമേലെയ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞമാസം അവകാശപ്പെട്ടിരുന്നു.

എന്നാൽ, റഷ്യയുടെ അതിവേഗത്തിലുള്ള നീക്കങ്ങളിൽ വിദഗ്ദ്ധർക്ക് ആശങ്കയുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നു. റഷ്യയും ചൈനയും വാക്‌സിൻ പരീക്ഷണങ്ങൾ ശരിയായ രീതിയിലല്ല നടത്തുന്നതെന്ന് അമേരിക്കയിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി അഭിപ്രായപ്പെട്ടിരുന്നു. സുരക്ഷിതമായ വാക്‌സിൻ അമേരിക്ക ഈ വർഷം അവസാനം പുറത്തിറക്കും. അമേരിക്കയെക്കാൾ മുമ്പെ മറ്റാരെങ്കിലും വാക്‌സിൻ കണ്ടെത്തുമെന്നോ അതിനുവേണ്ടി ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുമെന്നോ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, കോവിഡ് വാക്‌സിൻ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളെ റഷ്യയിലെ ഹാക്കിങ് ഗ്രൂപ്പ് ലക്ഷ്യംവെക്കുന്നുവെന്നും വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പുമായി യു.കെ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ കഴിഞ്ഞമാസം രംഗത്തെത്തിയിരുന്നു. എപിടി29 എന്ന് വിളിക്കുന്ന സംഘം റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നകാര്യം 95 ശതമാനം ഉറപ്പാണെന്ന് യു.കെയുടെ ദേശീയ സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണം യു.കെയിലെ റഷ്യൻ സ്ഥാനപതി നിഷേധിക്കുകയാണ് ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 20-ലേറെ ക്ലിനിക്കൽ ട്രയലുകളും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP