Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടണിൽ റഫറണ്ടം ജൂണിൽ നടന്നേക്കും; അതിന് മുമ്പ് അനുകൂല ഇളവുകൾ പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂണിയൻ; യുകെ യൂറോപ്യൻ യൂണിയൻ വിടാനുള്ള സാധ്യത മങ്ങി

ബ്രിട്ടണിൽ റഫറണ്ടം ജൂണിൽ നടന്നേക്കും; അതിന് മുമ്പ് അനുകൂല ഇളവുകൾ പ്രഖ്യാപിക്കാൻ യൂറോപ്യൻ യൂണിയൻ; യുകെ യൂറോപ്യൻ യൂണിയൻ വിടാനുള്ള സാധ്യത മങ്ങി

രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരുമോ ഇല്ലയോ എന്നതാണ് റഫണ്ടത്തിൻെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ ഇപ്പോൾ സജീവമാകുന്ന ചർച്ചാ വിഷയം. ജൂണിൽ റഫറണ്ടം നടന്നേക്കുമെന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. എന്നാൽ ബ്രിട്ടനെ ഏത് വിധേനയും യൂറോപ്യൻ യൂണിയനിൽ പിടിച്ച് നിർത്താനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ യൂണിയൻ നേതാക്കൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടന് ഏതാനും ഇളവുകൾ പ്രഖ്യാപിക്കാൻ യൂണിയൻ ഒരുങ്ങുകയാണ്. ഇക്കാരണത്താൽ രാജ്യം യൂണിയൻ വിടാനുള്ള സാധ്യതയ്ക്ക് ഇപ്പോൾ മങ്ങലേറ്റിട്ടുമുണ്ട്. കുറച്ച് മുമ്പ് വരെ യൂണിയൻ വിടാനുള്ള തീരുമാനത്തെ ശക്തമായി അനുകൂലിക്കുകയും അതിന് വേണ്ടി അക്ഷീണം യത്‌നിക്കുകയും ചെയ്തിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഇതു സംബന്ധിച്ച നിലപാടുകളിലും ഇപ്പോൾ അയവ് വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

യൂറോപ്യൻ യൂണിയനുമായുള്ള വിലപേശലിന്റെ ഫലമായി ബ്രിട്ടൻ ഇപ്പോൾ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. യൂണിയന്റെ പൊതുവെയുള്ള ചില നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ബ്രിട്ടന് ഇത് പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് ഡീലിനെ കാമറോൺ സ്വാഗതം ചെയ്തിട്ടുണ്ട്. റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ യൂണിയൻ ബ്രിട്ടന് നൽകുന്ന വാഗ്ദാനങ്ങളും ഇളവുകളുമാണ് ഇതിലെ ഉള്ളടക്കം. പ്രസ്തുത ഡീലിൽ റെഡ്കാർഡ് സിസ്റ്റം എന്നൊരു സംവിധാനം ബ്രിട്ടന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിലൂടെ എംപിമാർക്ക് യൂറോപ്യൻ യൂണിയന്റെ അനാവശ്യ നിർദ്ദേശങ്ങൾക്ക് തടയിടാനും നിലവിലുള്ള നിയമങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ റദ്ദാക്കാനും സാധിക്കും. പ്രസ്തുത ഡീലിൽ എമർജൻസി ബ്രേക്ക് എന്നൊരു ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് റഫറണ്ടത്തിന് ശേഷം യുകെ സർക്കാരിന് യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ഇൻവർക്ക് ബെനഫിറ്റുകൾ നിഷേധിക്കാനുള്ള അധികാരം ലഭിക്കുന്നതാണ്.

ടസ്‌കിന്റെ ഇത്തരത്തിലുള്ള മനോഹരമായ വാഗ്ദാനങ്ങൾ ലഭിച്ചതിനെ തുടർന്ന് കാമറോൺ വരുന്ന ആഴ്ചകളിൽ ജൂണിൽ റഫണ്ടം നടത്താനുള്ള പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നാല് മാസം റഫറണ്ടത്തിന് വേണ്ടി പ്രചാരണം നടത്താനും സാവകാശം ലഭിക്കുന്നതാണ്. അവസാന ഡീലിനെ സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കകം നടക്കുന്ന 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ വച്ചുണ്ടാകുമെന്നാണ് കരുതുന്നത്.പുതിയ ഡീലിനെ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ബെനഫിറ്റുകൾ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് നിഷേധിക്കാനുള്ള കാമറോണിന്റെ തീരുമാനത്തെ മുമ്പ് ഈ രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. വൈസ്ഗ്രാഡ് ഗ്രൂപ്പിലുൾപ്പെട്ടിരുന്ന പ്രസ്തുത ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവ ഇപ്പോൾ ബ്രിട്ടന്റെ എമൻജൻസി ബ്രേക്ക് അടക്കമുള്ള ഡിമാന്റുകൾ അംഗീകരിച്ചുവെന്നാണ് സർക്കാർ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.

ഇപ്പോഴുണ്ടാക്കിയ ഡീൽ ബ്രിട്ടന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് കാമറോൺ ഞായറാഴ്ച രാത്രി പ്രതികരിച്ചതിനെ തുടർന്ന് പ്രസ്തുത ഡീൽ പ്രസിദ്ധീകരിക്കരുതെന്ന സമ്മർദം ടസ്‌കിന് മേൽ ശക്തമായിരുന്നു.തുടർന്ന് കഴിഞ്ഞ രാത്രി റെഡ് കാർഡ് സിസ്റ്റം എന്ന അധികാരം കൂടി യൂറോപ്യൻ യൂണിയനിൽ നിന്ന് നേടിയ ശേഷമാണ് കാമറോൺ ഇക്കാര്യത്തിൽ തൃപ്തനാവുകയും തുടർന്ന് ഈ ഡീൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നത്.നിലവിൽ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് യൂറോപ്യൻ കമ്മീന് യെല്ലോ കാർഡ് പുറപ്പെടുവിക്കാനുള്‌ല അധികാരം മാത്രമേയുള്ളൂ. ഇതിലൂടെ ഒരു നിയമം പുനപരിശോധിക്കാൻ അംഗരാജ്യങ്ങൾക്ക് കഴിയും. ഇതിന് പുറമെ കൂടുതൽ സങ്കീർണമായ ഓറഞ്ച് കാർഡ് എന്നൊരു സിസ്റ്റംകൂടി നിലവിലുണ്ട്.ഇത് പ്രകാരം ഓരോ രാജ്യങ്ങളുടെയും പാർലിമെന്റുകളിലെ 50 ശതമാനം അംഗങ്ങൾ ഒരു യൂറോപ്യൻ യൂണിയൻ നിയമത്തെ എതിർക്കുകയാണെങ്കിൽ പ്രസ്തുത രാജ്യത്തിന് ഓറഞ്ച് കാർഡ് പുറപ്പെടുവിച്ച് പ്രസ്തുത നിയമം റിവ്യൂ ചെയ്യാൻ യൂണിയനോട് ആവശ്യപ്പെടാവുന്നതാണ്.എന്നാൽ ഇപ്പോൾ ബ്രിട്ടന് ലഭ്യമാക്കിയിരിക്കുന്ന റെഡ് കാർഡ് പോലെ യൂണിയൻ നിയമത്തെ തീർത്തും ഇല്ലാതാക്കാനുള്ള അധികാരം ഒരൊറ്റ അംഗരാഷ്ട്രത്തിനും നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

റെഡ്കാർഡിലൂടെ അനാവശ്യമായ ഏത് യൂറോപ്യൻ യൂണിയൻ നിയമത്തെയും കോമൺസിന് വീറ്റോ ചെയ്യാമെങ്കിലും യൂറോപ്യൻ യൂണിയനിലെ നാഷണൽ പാർലിമെന്റിലെ 55 ശതമാനം എംപിമാരുടെയും എംഇപിമാരുടെയും പിന്തുണ ഇതിന് ആവശ്യമാണ്.നിലവിൽ യുകെയിലേക്കുള്ള കുടിയേറ്റം ഇവിടുത്തെ പൊതുസേവനങ്ങളെ തകിടം മറിക്കുന്നുവെന്ന യുകെയുടെ വാദത്തെ ഞായറാഴ്ച രാത്രി നടന്ന ചർച്ചയിൽ ടസ്‌കും അംഗീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് എമർജൻസി ബ്രേക്കിന് അദ്ദേഹം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇത്തരത്തിൽ യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ബെനഫിറ്റുകൾ റദ്ദാക്കുന്നതിനുള്ള ശ്രമം കാമറോൺ ആരംഭിച്ചിട്ട് കുറച്ച് കാലമായിരിക്കുന്നു. അതാണിപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പുതിയ ബ്രേക്കിലൂടെ യുകെയിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണത്തിന് തടയിടാനാകുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ നെറ്റ് മൈഗ്രേഷൻ റെക്കോർഡ്‌നിലയായ 180,000 ത്തിൽ കഴിഞ്ഞ വർഷമെത്തിയതിനെ തുടർന്നായിരുന്നു കാമറോൺ ഇത് നിയന്ത്രിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നത്. യുകെയിലേക്ക് വരുന്നവരും ഇവിടെ നിന്ന് പോകുന്നവരുമായ കുടിയേറ്റക്കാരുടെ വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ.നെറ്റ് മൈഗ്രേഷൻ പതിനായിരങ്ങളിലൊതുക്കുമെന്ന തന്റെ വാഗ്ദാനം എങ്ങനെയെങ്കിലും ഫലവത്താക്കുകയെന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് കാമറോൺ യൂറോപ്യൻ യൂണിയനോട് ഇത്തരത്തിൽ വിലപേശി ഇളവുകളും അധികാരങ്ങളും സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടി തന്നെയാണ് അദ്ദേഹം യൂണിയൻ വിട്ട് പോകുന്നതിനുള്ള റഫറണ്ടത്തിനായി കുറച്ച് മുമ്പ് വരെ കരുക്കൾ നീക്കിക്കൊണ്ടിരുന്നതും. എന്നാൽ യൂണിയൻ പുതിയ ഇളവുകളുമായി രംഗത്തെത്തിയതോടെ യൂണിയനിൽ തുടർന്ന് കൊണ്ടുള്ള കുടിയേറ്റ നിയന്ത്രണങ്ങളായിരിക്കും പ്രധാനമന്ത്രി ഇനി സ്വീകരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP