Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കൊറോണയിൽ ഭയന്നുപോയ ജനതയെ ആശ്വസിപ്പിച്ച് ബ്രിട്ടീഷ് രാജ്ഞി; 68 വർഷത്തെ ഭരണകാലത്ത് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇത് നാലാം തവണ; സമാനകളില്ലാത്ത ദുരന്തത്തിൽ തകർന്നു പോയ ബ്രിട്ടൻ ഒരുമിച്ചു നിന്നു പോരാട്ടം തുടരും

കൊറോണയിൽ ഭയന്നുപോയ ജനതയെ ആശ്വസിപ്പിച്ച് ബ്രിട്ടീഷ് രാജ്ഞി; 68 വർഷത്തെ ഭരണകാലത്ത് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇത് നാലാം തവണ; സമാനകളില്ലാത്ത ദുരന്തത്തിൽ തകർന്നു പോയ ബ്രിട്ടൻ ഒരുമിച്ചു നിന്നു പോരാട്ടം തുടരും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരുകാലത്ത് ലോകത്തിന്റെ മിക്കഭാഗങ്ങളും അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ പുത്തൻ തലമുറ ഇന്നാകെ ഭീതിയിലാണ്. പോകുന്ന വഴിയിലെല്ലാം മരണംവിതച്ച് യാത്രതുടരുന്ന കൊറോണയെന്ന ഭീകരനെ പിടിച്ചുകെട്ടാനാകാതെ തളർന്ന് നിൽക്കുന്ന ജനതക്ക് ശക്തിപകരുവാൻ ധാർമ്മിക പിന്തുണയുമായി ബ്രിട്ടീഷ് രാജ്ഞി എത്തുന്നു. കഴിഞ്ഞ 68 വർഷക്കാലത്തെ ഭരണത്തിനിടയിൽ നാലാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യുവാൻ രാജ്ഞി എത്തുന്നത് ഈ വരുന്ന ഞായറാഴ്‌ച്ച ടെലിവിഷൻ ചാനലുകളിലൂടെയാണ്.

ഇതെഴുതുമ്പോൾ ബ്രിട്ടനിലെ കോറോണാ ബാധിതരുടെ എണ്ണം 38,168 ആയിക്കഴിഞ്ഞിരിക്കുന്നു. മരണം 3,605 ഉം. രോഗബാധിതരുടെ എണ്ണത്തിൽ ഏറെ പുറകിലാണെങ്കിലും മരണസംഖ്യയിൽ ഇറാനേയും ചൈനയേയും മറികടന്നു കഴിഞ്ഞിരിക്കുന്നു ബ്രിട്ടൻ. കഴിഞ്ഞ ചൊവ്വാഴ്‌ച്ച മുതൽ മരണസംഖ്യയിൽ ക്രമമായ വർദ്ധനവാണ് ഓരോ ദിവസവും കാണിക്കുന്നത്. ഇതാണ് ബ്രിട്ടനെ ഏറെ ആശങ്കപ്പെടുത്തുന്നത്. മാത്രമല്ല, കഴിഞ്ഞ ഒരാഴ്‌ച്ചയിൽ മരണസംഖ്യ അഞ്ചിരട്ടിയായി വർദ്ധിച്ചു എന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന കാര്യമാണ്.

കൊറോണയുടെ താണ്ഡവത്തിന്റെ ശക്തികൂടി എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. കാര്യങ്ങൾ ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ ഒരാഴ്‌ച്ചക്കകം തന്നെ പ്രതിദിന മരണസംഖ്യ നാലക്കത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ വൈകി മാത്രം കൈക്കൊണ്ട, സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നടപടികളാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്‌ച്ച മാത്രം പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പൂർണ്ണഫലം അറിയുവാൻ ഇനിയും ഒന്നോ രണ്ടോ ആഴ്‌ച്ചകൾ കാത്തിരിക്കേണ്ടതുണ്ട്.

പ്രത്യാശയുടെ പിടിവള്ളിപോലുമില്ലാതെ ബ്രിട്ടീഷുകാർ ഉഴലുന്ന സമയത്താണ് അവർക്ക് ധൈര്യം പകരാൻ രാജ്ഞി എത്തുന്നത്. തന്റെ 98 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനോടൊപ്പം സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന വിൻഡ്സർ കാസിലിൽ വച്ചാണ് രാജ്ഞിയുടെ സന്ദേശത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്തത്. തന്റെ 68 വർഷത്തെ ഭരണകാലത്തിനിടയിൽ ഇത് നാലാം തവണയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഗൾഫ് യുദ്ധം, ഡയാനാ രാജകുമാരിയുടെ മരണം, തന്റെ രജത ജൂബി ആഘോഷം എന്നീ സന്ദർഭങ്ങളിലാണ് ഇതിനു മുൻപേ രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്.

രാജ്ഞി എന്താണ് പറഞ്ഞിട്ടുള്ളത് എന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ബക്കിങ്ഹാം കൊട്ടാരവൃത്തങ്ങൾ തയ്യാറായില്ല എങ്കിലും ഇതിനെക്കുറിച്ചിറക്കിയ വാർത്താക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരമൊരു പ്രതിസന്ധിയിൽ രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യവും ആയിരിക്കും ഈ പ്രസംഗത്തിൽ എന്നാണ് ഞായറാഴ്ച രാത്രി 8 മണിക്കായിരിക്കും രാജ്ഞിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുക. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്നു പോരാടുന്ന ആരോഗ്യപ്രവർത്തകരെ അവർ അഭിനന്ദിക്കും എന്നുകൂടി കരുതുന്നു.

ഈ മഹാമാരി ബ്രിട്ടനെ ഗ്രസിക്കാൻ തുടങ്ങിയ അന്നുമുതൽ തന്നെ മിക്ക ബ്രിട്ടീഷുകാരും കാത്തിരിക്കുകയായിരുന്നു രാഷ്ട്രത്തിന്റെ തലവൻ സംസാരിക്കുന്നത് കേൾക്കാൻ. രണ്ടാഴ്‌ച്ച മുൻപ് ലണ്ടൻ വിട്ടുപോകുന്നതിന് മുൻപായി രാജ്ഞി എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ പകർച്ച വ്യാധി കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ള സമയമായതിനാൽ സർക്കാർ അന്ന് അത് ചിത്രീകരിച്ചില്ല. രാജ്ഞി വല്ലപ്പോഴുമേ ഇത്തരത്തിൽ അഭിസംബോധന ചെയ്യുകയുള്ളു എന്നതിനാൽ അത് കൃത്യ സമയത്തായിരിക്കണം എന്ന് നിർബന്ധമുണ്ട്. അതിനാലാണ് ഇപ്പോൾ അത് ചെയ്യാത്തത് എന്ന് അന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

ടെലിവിഷനിലും റേഡിയോയിലും ഈ അഭിസംബോധന പ്രക്ഷേപണം ചെയ്യുന്നതിനോടൊപ്പം ഇത് രാജകുടുംബത്തിന്റെ വിവിധ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലഭ്യമായിരിക്കും എന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ കോവിഡ് 19 രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോണസന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP