Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ ലഹള കണ്ട് ഇറങ്ങി പുറപ്പെട്ടവർക്കെല്ലാം മുട്ടൻ പണികിട്ടും; പൊലീസിനെ ആക്രമിച്ചവരും പൊതുമുതൽ നശിപ്പിച്ചവരും വില കൊടുക്കേണ്ടിവരുമെന്ന് ബോറിസ് ജോൺസൺ; അനേകം പേർ ഇതിനോടകം പിടിയിൽ

അമേരിക്കൻ ലഹള കണ്ട് ഇറങ്ങി പുറപ്പെട്ടവർക്കെല്ലാം മുട്ടൻ പണികിട്ടും; പൊലീസിനെ ആക്രമിച്ചവരും പൊതുമുതൽ നശിപ്പിച്ചവരും വില കൊടുക്കേണ്ടിവരുമെന്ന് ബോറിസ് ജോൺസൺ; അനേകം പേർ ഇതിനോടകം പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആൾക്കൂട്ടം കാണുമ്പോൾ ആവേശം കൊണ്ട് എന്തും ചെയ്യാൻ മടിക്കാത്തവർക്ക് ഒരു പാഠം കൂടി. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ട് പൊലീസിനേ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. വളരെ സമാധാനപരമായ പ്രക്ഷോഭം നടന്ന ഇന്നലെ തന്റെ ട്വീറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി ഈ സന്ദേശം നൽകിയത്. മിന്നീപോളീസിലെ പൊലീസ് ഓഫീസറുടെ കൈകളാൽ മൃഗീയമായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണം അനീതിക്കെതിരെ ഉയർത്തെഴുന്നേല്ക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു എന്നുപറഞ്ഞ അദ്ദേഹം പക്ഷെ പ്രതിഷേധങ്ങൾ സമാധാനപരമായും, നിയമാനുസൃതവും ആകണം എന്നും ഓർമ്മിപ്പിച്ചു.

കറുത്തവർഗ്ഗക്കാർ, ഏഷ്യൻ വംശജർ, മറ്റ് വംശീയ ന്യുനപക്ഷങ്ങൾ എന്നിവരടങ്ങുന്ന (ബി എ എം ഇ) വിഭാഗം വിദ്യാഭ്യാസത്തിലും തൊഴിലിലും എന്തിനധികം ക്രിമിനൽ നിയമത്തിൽ വരെ വിവേചനം അനുഭവിക്കുന്നുണ്ട് എന്നകാര്യം നേതാക്കൾക്ക് അത്രപെട്ടെന്ന് അവഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്നിന്റെ ആവശ്യമായ സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ അനുവദിക്കാനും ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളും.

പ്രക്ഷോഭണത്തിനിടെ 35 പൊലീസുകാർക്ക് പരിക്കേൽക്കുകയും 135 പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബോറിസ് ജോൺസൺന്റെ മുന്നറിയിപ്പ് വന്നത്. പാർലമെന്റ് ചത്വരത്തിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ വംശീയ വെറി പൂണ്ടവൻ എന്നെഴുതിയതും കേസുകളിൽ പെടും. അതുകൂടാതെ അടിമവ്യാപാരിയായിരുന്ന എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ നശിപ്പിച്ചതും കുറ്റകരമായി കണക്കാക്കി നടപടികൾ സ്വീകരിക്കും.

മിന്നീപോളീസിൽ വംശവെറിയനായ ഒരു പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ഞെരുങ്ങി ശ്വാസം കിട്ടാതെ മരിച്ച ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണം ബ്രിട്ടനിൽ ഉയർത്തിയത് കടുത്ത പ്രതിഷേധമായിരുന്നു. കറുത്ത വർഗ്ഗക്കാരുടെ ജീവനും വിലയുണ്ടെന്ന മുദ്രാവാക്യമുയർത്തി ലക്ഷക്കണക്കിനാളുകളാണ് വംശീയ വെറിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതെ ഹൈഡ് പാർക്കിലും മറ്റും ആയിരങ്ങൾ തടിച്ചുകൂടുകയായിരുന്നു. പ്രതിഷേധം സമാധാനപരമായി അവസാനിച്ച ശേഷം പാർലമെന്റ് ചത്വരത്തിലേക്ക് നീങ്ങിയ ഒരു ചെറിയ കൂട്ടം പ്രതിഷേധക്കാരാണ് പ്രധാനമായും അക്രമാസക്തരായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ പൂർണ്ണ പിന്തുണ കിട്ടുന്ന സമയത്താണ് ചിലർ ഇത്തരം അക്രമ പ്രവർത്തികളിലൂടെ ജനങ്ങളുടെ മനസ്സിൽ ഭയം വിതക്കുന്നത്. ഇത് ഈ പ്രതിഷേധത്തിനുള്ള ജനപിന്തുണ കുറയുവാൻ കാരണമായേക്കാം എന്നും പലരും കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രതിഷേധക്കാരിൽ പലരും ബോറിസ് ജോൺസൺന്റെ നയത്തിനെ പിന്താങ്ങുകയാണ്. അതുകൊണ്ടു തന്നെ അക്രമം കാണിച്ചവർ ഒറ്റപ്പെടും. അവർക്ക് നിയമപ്രശ്നങ്ങൾ ഒറ്റക്ക് അഭിമുഖീകരിക്കേണ്ടതായും വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP