Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്പ് നാലായി വിഭജിക്കപ്പെടും; ചൈനയിൽ രാഷ്ട്രീയ അസ്ഥിരത; റഷ്യ തകരും; പത്തു വർഷം കൂടി കഴിഞ്ഞാൽ ലോകം ഇങ്ങനെ

യൂറോപ്പ് നാലായി വിഭജിക്കപ്പെടും; ചൈനയിൽ രാഷ്ട്രീയ അസ്ഥിരത; റഷ്യ തകരും; പത്തു വർഷം കൂടി കഴിഞ്ഞാൽ ലോകം ഇങ്ങനെ

ത്തു വർഷം കഴിഞ്ഞാലത്തെ ലോകം എങ്ങനെയിരിക്കും. രസകരമായ ചോദ്യമാണ്. പത്തുകൊല്ലം മുമ്പ് ഇങ്ങനെയൊരു ചോദ്യം ഉയർന്നിരുന്നോ. അതിൽ ഐഎസിന്റെ ഉദയം ആരെങ്കിലും പ്രവചിച്ചിരുന്നോ? ഒരു ചോദ്യത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളുണ്ടാകും. എന്തായാലും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രാറ്റ്‌ഫോർ എന്ന കമ്പനി പുറത്തുവിട്ട വിവരങ്ങൾ രസകരങ്ങളാണ്.

പത്തു വർഷത്തിനുശേഷമുള്ള ലോകം എങ്ങനെയിരിക്കും എന്നതാണ് അവരുടെ ഏറ്റവും പുതിയ അന്വേഷണവിഷയം. അമേരിക്കയിലെ ഓസ്റ്റിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അവരുടെ കമ്പനി കണ്ടെത്തിയ ഉത്തരങ്ങളും രസകരങ്ങളാണ്. അതിലെ ചില വിവരങ്ങൾ നിങ്ങളെ ചിരിപ്പിച്ചേക്കാം. ചിലവ ഞെട്ടലുണ്ടാക്കാം. എന്തായാലും സംഗതി പൊടിപ്പും തൊങ്ങലും വച്ച കഥകളുമാകാം. സരിതയുടെ വെളിപ്പെടുത്തലും ഉമ്മൻ ചാണ്ടിയുടെ പ്രതിരോധങ്ങളും മാത്രം കണ്ടും കേട്ടും ഇരുന്നാൽ പോരല്ലോ, കൂട്ടത്തിൽ ഇങ്ങനെ ചില സംഗതികളും കൂടി അറിയണ്ടെ.

പത്തു വർഷത്തിന് ശേഷമുള്ള ലോകത്തെക്കുറിച്ച് പറയുമ്പോൾ പതിനൊന്ന് പ്രധാന കാര്യങ്ങളാണ് അവർക്ക് പറയാനുള്ളത്. അതിൽ ഒന്നാമത്തെ സംഗതി റഷ്യയുടെ പതനമാണ്. യുഎസ്എസ്ആർ എന്ന സൂപ്പർ പവർ ഇല്ലാതായാണ് റഷ്യ രൂപംകൊണ്ടത്. യുഎസ്എസ്ആറിന്റെ അത്ര പവറൊന്നും ഇല്ലെങ്കിലും ഇപ്പോഴും അമേരിക്ക ഭയക്കുന്ന ലോകശക്തികളിലൊന്നാണ് റഷ്യ. ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് മാത്രമല്ല തങ്ങൾക്കുള്ളതെന്ന് ഇടയ്‌ക്കെങ്കിലും അവർ തെളിയിക്കാറുമുണ്ട്. ഈ പറയുന്ന റഷ്യ വീണ്ടും തകരും എന്നതാണ് ഇവരുടെ കണ്ടെത്തൽ. അമേരിക്കൻ കമ്പനിയുടെ കണ്ടെത്തലാണ്. അവർ റഷ്യ പൊളിയുമെന്ന് പറഞ്ഞില്ലെങ്കിലെ അതിശയമുള്ളൂ എന്നും പറയാം.

പോളണ്ട് യൂറോപ്പിലെ ഒന്നാംകിട രാജ്യമാകും എന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇപ്പോൾ നില ഇത്തിരി പരുങ്ങലിൽ ആണെങ്കിലും പത്ത് വർഷത്തോടെ പോളണ്ട് സാമ്പത്തിക, രാഷ്ട്രീയ ശക്തിയാകും. അമേരിക്കയുമായി നല്ല സഹകരണത്തിലും യൂറോപ്പിലെ കേന്ദ്രസ്ഥാനത്തുമെത്തും.

ഇപ്പോൾ തരക്കേടില്ലാത്ത സാമ്പത്തികശക്തിയും യൂറോപ്പിലെ കേന്ദ്രബിന്ദുക്കളിലൊന്നുമായ ജർമ്മനിയുടെ കാര്യം സംശയത്തിലാണ്. പത്ത് വർഷത്തോടെ കാര്യങ്ങൾ ജർമ്മനിക്ക് എതിരാകും. സൂക്ഷിച്ചില്ലെങ്കിൽ ജർമ്മനിയുടെ കാര്യം പോക്കാണെന്ന് ഉറപ്പ്.

ഇനിയാണ് രസകരമായ കാര്യം. ഇപ്പോൾ ഇയു എന്നും യൂറോപ്യൻ യൂണിയൻ എന്നും വിളിക്കുന്ന രാജ്യസങ്കല്പം പത്ത് വർഷത്തോടെ ഇല്ലാതാകും. നാല് യൂറോപ്പ് ഉണ്ടാകുമെന്നാണ് ഇവരുടെ പ്രവചനം. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ യൂറോപ്പിലെ സമ്പന്നരാജ്യങ്ങളോട് വിയോജിപ്പും പ്രതിഷേധവുമുള്ള അയർലണ്ട് പോലുള്ള രാജ്യങ്ങൾ ബദൽ യൂറോപ്യൻ യൂണിയന്റെ സാധ്യത പണ്ടുതന്നെ മുന്നോട്ട് വച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഈ പ്രവചനം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. കിഴക്കൻ, പടിഞ്ഞാറൻ യൂറോപ്പുകൾ, സ്‌കാൻഡിനേവിയ, ബ്രിട്ടീഷ് ദ്വീപുകൾ എന്നിവ ആയിരിക്കും ഉണ്ടാകുക.

യുകെ പോലും വിഭജിക്കപ്പെടാനുള്ള സാധ്യത കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെളിഞ്ഞ് വരുന്നുണ്ട്. അപ്പോഴല്ലേ അതിനെക്കാൾ പ്രശ്‌നഭരിതമായ യൂറോപ്പ് എന്ന് ആശ്വാസിക്കാം.

ചൈന അതിഭീകരമായ പ്രശ്‌നം നേരിടും എന്നതാണ് പത്ത് വർഷം കൊണ്ട് ഉണ്ടാകാൻ പോകുന്ന മാറ്റം. ഇപ്പോൾത്തന്നെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യമാണ് ചൈന. അമിത ഉത്പാദനം ആ രാജ്യത്തിന് ഉണ്ടാക്കുന്ന പരിക്കുകൾ വരുംവർഷങ്ങളിൽ കൂടാനാണ് സാധ്യത. പത്ത് വർഷംകൊണ്ട് അവിടെ കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്.

തുർക്കിയും അമേരിക്കയും മച്ചാനും മച്ചാനുമാകും. അവർ യൂറോപ്പിൽനിന്ന് തുർക്കിയെ പിടികൂടി മിഡിൽ ഈസ്റ്റിലെ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ വിജയിക്കും. അതോടെ ആ പ്രദേശത്തെ രാജ്യങ്ങളുടെ കാര്യത്തിലും തീരുമാനമാകും. ചൈനയെ പിന്തള്ളി ജപ്പാൻ ഏഷ്യൻ നാവിക ശക്തിയാകും. യൂറോപ്പിന്റെ പതനംപോലെ സത്യമാകാൻ സാധ്യതയുള്ള ഒരു പ്രവചനാണ് ജപ്പാൻ മുന്നേറ്റം. നാവിക ശക്തി മാത്ര, സാമ്പത്തിക ശക്തി കൂടിയാകും എന്നും പ്രവചനമുണ്ട്.

ചൈനയ്ക്ക് തുല്യമായി പതിനാറ് രാജ്യങ്ങൾ ഉദയം ചെയ്യുമെന്നാണ് മറ്റൊരു പ്രവചനം. പെറു, മെക്‌സിക്കോ, ഡൊമിനിക്ക് റിപ്പബ്ലിക്ക്, ഇന്തോനേഷ്യ, എത്യേപ്യ തുടങ്ങിയ രാജ്യങ്ങളാവും പത്ത് വർഷം കഴിഞ്ഞാലത്തെ ചൈനാമോഡൽ.

പതിവുപോലെ അമേരിക്ക ലോകശക്തിയായി നിലകൊള്ളും. അതിൽ മാത്രം മാറ്റമൊന്നും കാണില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP