Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ക്യൂബയിൽ പിറന്നത് വസന്തത്തിന്റെ ഇടിമുഴക്കം; കാസ്‌ട്രോയെ കെട്ടിപിടിച്ച് പോപ്പ് ഫ്രാൻസിസ് വിളിച്ചു പറഞ്ഞത് കമ്മ്യൂണിസത്തിലെ സ്‌നേഹത്തെ കുറിച്ച്

ക്യൂബയിൽ പിറന്നത് വസന്തത്തിന്റെ ഇടിമുഴക്കം; കാസ്‌ട്രോയെ കെട്ടിപിടിച്ച് പോപ്പ് ഫ്രാൻസിസ് വിളിച്ചു പറഞ്ഞത് കമ്മ്യൂണിസത്തിലെ സ്‌നേഹത്തെ കുറിച്ച്

ഹവാന: ഇതുവരെ കത്തോലിക്കാ സഭയെ നയിച്ച മാർപ്പാപ്പമാരിൽ നിന്ന് വ്യത്യസ്തനാണ് പോപ്പ് ഫ്രാൻസിസ്. വിപ്ലവകരമായ പലതും അദ്ദേഹം സഭയിൽ നടപ്പാക്കി. പൊതു സമൂഹത്തിലെ ഇടപെടലിലും അദ്ദേഹം ഇതു തന്നെയാണ് ചെയ്യുന്നത്. ക്യൂബൻ സന്ദർശനവും അത്തരത്തിലൊന്നാവുകയാണ്. വിപ്ലവ നായകൻ ഫിഡൽ കാസ്‌ട്രോയ്ക്ക് മാർപ്പാപ്പ കൈകൊടുക്കുമ്പോൾ അതൊരു അപൂർവ്വ നിമിഷമായി.

ശത്രുത വന്മതിൽകെട്ടിയ അരനൂറ്റാണ്ടു മറന്ന് ക്യൂബയും യുഎസും സൗഹൃദപാതയിൽ ഒരുമിച്ചു മുന്നേറാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പയുടെ ക്യൂബൻ സന്ദർശനത്തിനു ഹാർദമായ തുടക്കമായത്. ക്യൂബ-യുഎസ് ബന്ധത്തിലെ മഞ്ഞുരുക്കത്തിനായി അണിയറ ചർച്ചകൾക്കു മാദ്ധ്യസ്ഥ്യം വഹിച്ചത് പോപ്പാണ്. ക്യൂബയിൽ മാർപാപ്പ വിപ്ലവനായകൻ ഫി!ഡൽ കാസ്‌ട്രോയെയും സന്ദർശിച്ചു. ആരോഗ്യകാരണങ്ങളാൽ 2008ൽ അധികാരമൊഴിഞ്ഞ ഫിഡലുമായി അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. ലോക രാഷ്ട്രീയവും മതകാര്യങ്ങളുമാണ് ചർച്ച ചെയ്തത്. കമ്മ്യൂണിസത്തിലെ നന്മകളും ഉയർത്തിക്കാട്ടി.

ഫിഡൽ കാസ്‌ട്രോയുമായി പോപ്പ് നടത്തിയ ചർച്ചയായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. കാസ്‌ട്രോയാക്ക് പോപ്പ് നൽകിയ സമ്മാനവും ശ്രദ്ധേയമായി. സ്പാനിൽ വികാരിയായ അമൻഡോ ലോറന്റെയുടെ പുസ്തകങ്ങളായിരുന്നു സമ്മാനം. കാസ്‌ട്രോയുടെ കുട്ടികാലത്ത് അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നു അമൻഡോ. കാസ്‌ട്രോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ക്യൂബയിൽ നിന്ന് പലായനം ചെയ്ത പുരോഹിതനാണ് അമൻഡോ.

ക്യൂബയിൽ നിന്ന് സെപ്റ്റംബർ 22ന് അമേരിക്കയിലേക്ക് പോകുന്ന മാർപാപ്പ യുസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. 1998ൽ ജോൺ പോൾ രണ്ടാമനാണ് ക്യൂബ സന്ദർശിച്ച ആദ്യ മാർപാപ്പ. ഇതിനുശേഷമാണ് ഫിഡൽ കാസ്‌ട്രോ രാജ്യത്ത് ക്രിസ്തുമസിന് പൊതുഅവധി പ്രഖ്യാപിക്കുകയും നിരീശ്വര രാഷ്ട്രം എന്ന പ്രയോഗം ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതും. അതിന് സമാനമായ മാറ്റങ്ങൾ ഇപ്പോഴും ഉണ്ടാകുമെന്നാണ് സൂചന. ദയയുടെ ധർമ്മദൂതനു സ്വാഗതമെന്ന ബോർഡുമായാണ് മാർപാപ്പയ്ക്കു സ്വീകരണം ക്യൂബ നൽകിയത്. ഇതിൽ തന്നെ എല്ലാം വ്യക്തമാണ്.

കത്തോലിക്കാ സഭ ഒരുകാലത്ത് ക്യൂബൻ ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്നും ക്യൂബൻ ജനതയ്ക്ക് കത്തോലിക്ക സഭയുടെ പിന്തുണയുണ്ടാകുമെന്നും മാർപാപ്പ പറഞ്ഞു. ക്യൂബൻ ജനതയുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും പരിഹരിക്കാൻ എന്നും കത്തോലിക്ക സഭ ഒപ്പമുണ്ടാകും. യുഎസ്-ക്യൂബ ബന്ധം പുനഃസ്ഥാപിച്ചത് ലോകത്തിന് മാതൃകയാണെന്നും റൗൾ കാസ്‌ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് ക്യൂബയോടും അമേരിക്കയോടും മാർപാപ്പ അഭ്യർത്ഥിച്ചു. കത്തോലിക്ക സഭയിൽ ചേരുന്നതു സംബന്ധിച്ച് ആലോചിക്കാൻ മാർപാപ്പയുടെ സന്ദർശനം പ്രചോദനം നൽകിയെന്ന് റൗൾ കാസ്‌ട്രോ അറിയിച്ചു.

ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മാർപാപ്പ സഹായിച്ചതായും അതിന് നന്ദി അറിയിക്കുന്നതായും കാസ്‌ട്രോ കൂട്ടിച്ചേർത്തു. ഇതിനുമുമ്പ് മാർപാപ്പ തന്റെ പുസ്്തകത്തിൽ ക്യൂബയെ വിമർശിച്ച് എഴുതിയിരുന്നു.ക്യൂബയിലെ പ്രമാണികളെയും അഴിമതികളും മാറ്റി ജനാധിപത്യ ഭരണം കൊണ്ടുവരണമെന്നാണ് പ്രസ്താവിച്ചിരുന്നത്. ഇപ്പോൾ ക്യൂബ മാർപാപ്പയുടെ വഴിയേ വന്നിരിക്കുകയാണ്. സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ക്യൂബ വ്യക്തമാക്കിയിരുന്നു.

യുഎസുമായി നയതന്ത്രബന്ധ പുനഃസ്ഥാപനത്തിനു വഴിയൊരുക്കിയതിൽ നന്ദി പറഞ്ഞ് ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോ ഹവാനയിലെ വിമാനത്താവളത്തിൽ മാർപാപ്പയെ വരവേറ്റു. യുഎസ് ഇപ്പോഴും തുടരുന്ന വ്യാപാര ഉപരോധത്തെ വിമർശിക്കാനും റൗൾ മറന്നില്ല. ഒപ്പം, ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു യുഎസ് പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു. തുറന്ന സൗഹൃദപാതയിലൂടെ മുന്നേറി അതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താൻ മാർപാപ്പ തന്റെ പ്രസംഗത്തി!ൽ ക്യൂബയോടും യുഎസിനോടും ആവശ്യപ്പെട്ടു.

ക്യൂബയിലെ 1.1 കോടി ജനസംഖ്യയുടെ അറുപതു ശതമാനവും കത്തോലിക്കാ വിശ്വാസികളാണെങ്കിലും ഇവരിൽ അഞ്ചു ശതമാനത്തിൽ താഴെയേ പള്ളിയിൽ പോയി പ്രാർത്ഥനകളിൽ പങ്കെടുക്കാറുള്ളൂ. 1959ലെ വിപ്ലവകാലത്തു ഫിഡൽ കാസ്‌ട്രോയും റൗൾ കാസ്‌ട്രോയും ഭരണഘടനാപരമായ നിരീശ്വരവാദത്തിലേക്കാണു ക്യൂബയെ നയിച്ചത്. എന്നാൽ, 1990കളിൽ ഈ നിലപാടിൽ അയവു വരുത്തി. താൻ പ്രാർത്ഥനയിലേക്കും പള്ളിയിലേക്കും മടങ്ങിയേക്കുമെന്ന് ഈ വർഷം ആദ്യം വത്തിക്കാനിൽ മാർപാപ്പയെ കണ്ട റൗൾ കാസ്‌ട്രോ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP