Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പടിയിറങ്ങുംമുമ്പ് തൊലിവെളുത്തവരുടെ കുത്തക ഇല്ലാതാക്കുമോ? ആഫ്രിക്കൻ-ലാറ്റിൻ-ഏഷ്യൻ വംശജർക്ക് മുൻതൂക്കം നൽകി 20 കർദിനാൾമാരെക്കൂടി നിയമിച്ച് പോപ് ഫ്രാൻസിസ്

പടിയിറങ്ങുംമുമ്പ് തൊലിവെളുത്തവരുടെ കുത്തക ഇല്ലാതാക്കുമോ? ആഫ്രിക്കൻ-ലാറ്റിൻ-ഏഷ്യൻ വംശജർക്ക് മുൻതൂക്കം നൽകി 20 കർദിനാൾമാരെക്കൂടി നിയമിച്ച് പോപ് ഫ്രാൻസിസ്

ത്തോലിക്കാ സഭയ്ക്ക് പുതിയ വീക്ഷണ കോണുകൾ തുറന്നുകൊടുത്ത മാർപാപ്പയാണ് പോപ്പ് ഫ്രാൻസിസ്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ പോപ്പ് ഫ്രാൻസിസ് ലോകത്തെ വേറിട്ടൊരു കണ്ണിലൂടെ കാണാൻ സഭയെ പഠിപ്പിച്ചു. ഇപ്പോഴിതാ, മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കർദിനാൾമാരുടെ സംഘത്തിലും വ്യത്യസ്തത സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നുമുള്ള ക്രിസ്തീയ സമുദായത്തിന്റെ പ്രതിനിധിയാകണം മാർപാപ്പയെന്ന ലക്ഷ്യത്തോടെ, കൂടുതൽ രാജ്യങ്ങളിൽനിന്നുള്ള കർദിനാൾമാരെയാണ് പോപ്പ് നിയമിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽനിന്ന് ഇരുപതു കർദിനാൾമാരെയാണ് ഫ്രാൻസിസ് മാർപാപ്പ പുതുതായി നിയമിച്ചത്. ഇതോടെ, മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കർദിനാൾമാരുടെ കോൺക്ലേവിലെ അംഗബലം 125 ആയി ഉയർന്നു. പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണം ഫെബ്രുവരി 14നു നടക്കും. കോൺക്ലേവിലെ പരമാവധി അംഗബലം 120 എന്ന ചട്ടം പരിഷ്‌കരിച്ചാണ് പാപ്പ പുതിയ കർദിനാൾമാരെ നിയമിച്ചത്. പുതുതായി നിയമിതരായവരിൽ അഞ്ചുപേർ പ്രായപരിധിയായ 80 പിന്നിട്ടതിനാൽ വോട്ടവകാശമുണ്ടായിരിക്കില്ല. 2013 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റശേഷം രണ്ടാം തവണയാണു കർദിനാൾമാരെ നിയമിക്കുന്നത്. ഒരുവർഷം മുൻപു 19 പേരെ നിയമിച്ചിരുന്നു.

കർദിനാൾമാരുടെ പ്രാതിനിധ്യ സ്വഭാവം വർധിപ്പിച്ചുവെന്നതാണ് ഈ നിയമനത്തിന്റെ പ്രത്യേകത. കോൺക്ലേവിലെ വോട്ടവകാശമുള്ള കർദിനാൾമാരായി നിയമിക്കപ്പെടുന്ന 15-പേർ ഇറ്റലി, ഫ്രാൻസ്, പോർചുഗൽ, എത്യോപ്യ, ന്യൂസീലൻഡ്, വിയറ്റ്‌നാം, മെക്‌സിക്കോ, മ്യാന്മർ, തായ്‌ലൻഡ്, യുറഗ്വായ്, സ്‌പെയിൻ, പാനമ, കേപ് വെർഡെ, ടോംഗ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ, മ്യാന്മറിൽനിന്നും ടോംഗയിൽനിന്നും കേപ് വെർദെയിൽനിന്നും ആദ്യമായാണ് കർദിനാൾമാരുണ്ടാകുന്നത്.

ഈ 15 പേരിൽ ഒരാൾമാത്രമാണു വത്തിക്കാൻ ഭരണകൂടത്തിൽനിന്നുള്ളത്. കത്തോലിക്കാ സഭയുടെ പരമാധികാര കേന്ദ്രത്തിലെ വെള്ളക്കാരുടെ മേൽക്കോയ്മ അവസാനിപ്പിക്കുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ നടപടികൾ. ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും ഏഷ്യയുടെയും പ്രാതിനിധ്യം ഇതോടെ വർധിക്കും. റോമിന്റെ സഭയെന്നതിൽനിന്ന് ലോകത്തിന്റെ സഭ എന്ന ആശയത്തിലേക്ക് വളർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മാർപ്പാപ്പ പറഞ്ഞു. എല്ലാ ഭൂഖണ്ഡത്തിൽനിന്നുള്ളവരും കർദിനാൾ സംഘത്തിലുണ്ടാവണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

റോമിന്റെ സഭയെന്ന മാർപാപ്പയുടെ പ്രയോഗത്തിന് ഏറെ പ്രത്യേകതകളുള്ളതായി വിലയിരുത്തപ്പെടുന്നു. ഇറ്റലിയിൽനിന്നുള്ള വൈദികർക്കായിരുന്നു വത്തിക്കാനിൽ എക്കാലത്തും ആധിപത്യം. വൈദിക ജീവിതത്തിൽ ശ്രേഷ്ഠരായ ഒട്ടേറെപ്പേർ മറ്റു നാടുകളിൽനിന്നുണ്ടെങ്കിലും യൂറോപ്പിന് പുറത്തേയ്ക്ക് മാർപാപ്പ സ്ഥാനം പോകാൻ അവർ അനുവദിച്ചിരുന്നില്ല. എന്നാൽ, അർജന്റീനക്കാരനായ ഫ്രാൻസിസ് മാർപാപ്പയുടെ വരവോടെ, കത്തോലിക്കാ സഭയിൽ കീഴ്‌വഴക്കങ്ങൾ ലംഘിക്കപ്പെട്ടു തുടങ്ങി.

പുതിയതായി നിയമിക്കപ്പെട്ട കർദിനാൾമാരിൽ ബാക്കി അഞ്ചുപേർ കൊളംബിയ, ഇറ്റലി, ജർമനി, അർജന്റീന, മൊസാംബിക് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. വത്തിക്കാനിൽ വിവിധ പദവികളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഇവർക്ക്, സഭയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് കർദിനാൾ പദവി സമ്മാനിക്കുന്നത്. എന്നാൽ, 80 വയസ്സ് പിന്നിട്ടതിനാൽ ഇവർക്ക് കോൺക്ലേവിൽ വോട്ടവകാശം ഉണ്ടായിരിക്കില്ല.

വത്തിക്കാന്റെ അധികാരകേന്ദ്രമായ റോമൻ ക്യൂറിയയിലെ അഴിമതിയും മറ്റും തുടച്ചുനീക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി, എല്ലാ കർദിനാൾമാരുടെയും യോഗം ഫെബ്രുവരി 12, 13 തീയതികളിൽ ചേരാനും മാർപാപ്പ തീരുമാനിച്ചു. ക്യൂറിയയിലെ കെടുകാര്യസ്ഥതയും അനാസ്ഥയും നീക്കുന്നതിന് പുതിയ കർദിനാൾമാരുടെ സേവനം ഉപയോഗിക്കുകയാണ് മാർപാപ്പയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP