Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താനുമൊരു കുടിയേറ്റക്കാരൻ! അഭയാർഥികളോടു കാരുണ്യം കാണിക്കണം: യുഎസ് കോൺഗ്രസിലും താരമായി മാർപാപ്പ; പോപ്പിന്റെ വാക്കുകളെ കരഘോഷങ്ങളോടെ സ്വീകരിച്ച് അംഗങ്ങൾ

താനുമൊരു കുടിയേറ്റക്കാരൻ! അഭയാർഥികളോടു കാരുണ്യം കാണിക്കണം: യുഎസ് കോൺഗ്രസിലും താരമായി മാർപാപ്പ; പോപ്പിന്റെ വാക്കുകളെ കരഘോഷങ്ങളോടെ സ്വീകരിച്ച് അംഗങ്ങൾ

വാഷിങ്ടൺ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ നിന്നും ഇറാഖിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റു ഒഴുകിയെത്തുന്ന അഭയാർത്ഥികളോട് കാരുണ്യം കാണിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ള പോപ്പ് ഇത്തവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുമ്പോഴാണ് അഭയാർത്ഥികളോട് സഹാനുഭാവം പ്രകടിപ്പിച്ചത്. താനും ഒരുകാലത്ത് കുടിയേറ്റക്കാരനാണെന്നും പോപ്പ് പറഞ്ഞു.

സിറിയയിൽ നിന്നും ഇറാഖിൽ നിന്നും എത്തുന്ന അഭയാർഥികളോടു കാരുണ്യം കാണിക്കണമെന്നാണ് പോപ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ആവശ്യപ്പെട്ടത്. ലോകം ഇന്ന് അഭാർഥികളുടെ കാര്യത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ എണ്ണം നോക്കാതെ ഇരു കൈയും നീട്ടി സ്വീകരിക്കണം. പോയകാലത്തിന്റെ പാപങ്ങളും തെറ്റുകളും ആവർത്തിക്കരുതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ആദ്യമായാണ് ഒരു മാർപാപ്പ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

കുടിയേറ്റക്കാരുടെ സന്തതിയെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മാർപാപ്പ കുടിയേറ്റപ്രശ്‌നത്തെക്കുറിച്ചു സംസാരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇറ്റലിയിൽനിന്ന് അർജന്റീനയിൽ കുടിയേറിപ്പാർത്തവരായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മാതാപിതാക്കൾ. യുഎസിനും ഈ കോൺഗ്രസിനും അഭയാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രധാന സ്ഥാനം വഹിക്കാനാകുമെന്നും മാർപാപ്പ പ്രത്യാശ പങ്കുവച്ചു. അഭയാർഥികളോടു മാനുഷികപരിഗണനയും സാഹോദര്യവും നീതിയും പുലർത്തണം. ശത്രുതാമനോഭാവം മാറ്റണം. അഭയാർഥികളെയും വ്യക്തികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ യുദ്ധഭൂമികളിൽ നിന്നും അഭയം തേടി യൂറോപ്പിലെത്തുന്നവരെ ഓരോ ഇടവകകളും ഏറ്റെടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. രണ്ട് അഭയാർത്ഥി കുടുംബങ്ങളെ വത്തിക്കാൻ ഏറ്റെടുക്കുമെന്നായിരുന്നു മാർപ്പാപ്പ ആവശ്യപ്പെട്ടിരുന്നത്. അഭയാർത്ഥികളെ ഏറ്റെടുക്കുന്ന കാര്യത്തിൽ പ്രചരണം നടത്താൻ യൂറോപ്പിലെ ബിഷപ്പുമാരോടും മാർപ്പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന് ശേഷമാണ് അമേരിക്കയിൽ എത്തിയും പോപ്പ് തന്റെ നിലപാട് ആവർത്തിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസ് സൗത്ത് ലോണിൽ നൽകിയ സ്വീകരണത്തിൽ മാർപ്പാപ്പ കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഞായറാഴ്‌ച്ച വരെ അമേരിക്കയിൽ തുടരുന്ന മാർപാപ്പ വെള്ളിയാഴ്‌ച്ച ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

അമേരിക്കയിൽ എത്തിയത് മുതൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്. ചെല്ലുന്നിലെടത്തെല്ലാം വൻ ആൾക്കൂട്ടം ദൃശ്യമായിട്ടുണ്ട്. തുറന്ന വാഹനത്തിൽ എത്തുന്ന പോപ്പ് ആൾക്കൂട്ടത്തിൽ ഇറങ്ങിയും കൈവീശിയുമൊക്കെയാണ് അമേരിക്കക്കാരുടെ താരമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP