Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഗ്രീക്ക് ദ്വീപിൽ കുടുങ്ങിക്കിടക്കുന്ന അഭയാർത്ഥികളെ കാണാൻ അപ്രതീക്ഷിതമായി പോപ്പ് ഫ്രാൻസിസ് എത്തി; മടങ്ങാൻ നേരം 12 പേരെ വിമാനത്തിൽ റോമിലേക്ക് കൊണ്ടു പോയി

ഗ്രീക്ക് ദ്വീപിൽ കുടുങ്ങിക്കിടക്കുന്ന അഭയാർത്ഥികളെ കാണാൻ അപ്രതീക്ഷിതമായി പോപ്പ് ഫ്രാൻസിസ് എത്തി; മടങ്ങാൻ നേരം 12 പേരെ വിമാനത്തിൽ റോമിലേക്ക് കൊണ്ടു പോയി

ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിന് അഭയാർത്ഥികൾക്ക് ആശ്വാസവും പ്രതീക്ഷയും ചൊരിഞ്ഞ് കൊണ്ട് പോപ്പ് ഫ്രാൻസിസ് അപ്രതീക്ഷിതമായ സന്ദർശനം നടത്തി. ഇവിടുത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനായിരുന്നു ഈ സന്ദർശനം. മടങ്ങാൻ നേരം അദ്ദേഹം അവിടെയുള്ള 12 സിറിയൻ അഭയാർത്ഥികളെ തന്റെ വിമാനത്തിൽ റോമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സിറിയൻ അഭയാർത്ഥികളായ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് പോപ്പ് ഇപ്രകാരം രക്ഷിച്ചിരിക്കുന്നത്. ഇവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഈ അപകടകരമായ അവസ്ഥയോട് ഉത്തരവാദിത്വവും ഐക്യമത്യവും പുലർത്തണമെന്നുള്ള തന്റെ ഹൃദയംഗമമായ അഭ്യർത്ഥന താൻ ഈ അവസരത്തിൽ പുതുക്കുകയാണെന്നാണ് പോപ്പ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ റോമിലേക്ക് കൊണ്ടു വന്നിരിക്കുന്ന കുടുംബങ്ങളുടെ ഉത്തരവാദിത്വം വത്തിക്കാനായിരിക്കും. ഇവരെ ഇവിടെ താമസിപ്പിക്കാനും മറ്റുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ കത്തോലിക്ക് സാന്റ്എഗിഡിയോ കമ്മ്യൂണിറ്റി മുൻകൈയെടുക്കുമെന്നാണ് റിപ്പോർട്ട്.

മനുഷ്യക്കടത്തുകാരാണ് യൂറോപ്പിലെ ഇന്നത്തെ ദുസ്സഹമായ അഭയാർത്ഥി പ്രതിസന്ധിക്ക് കാരണക്കാരായി വർത്തിച്ചതെന്ന വിമർശനമായിരുന്നു ലെസ്ബോസിൽ വച്ച് പോപ്പ് ഉയർത്തിക്കാട്ടിയത്. ഇവിടെയുള്ള വലിയൊരു സംഘം അഭയാർത്ഥികളെ അഭിസംബോധന ചെയ്ത് ഒരു റിസപ്ഷൻ സെന്ററിൽ വച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. കുടിയേറ്റക്കാരെന്നാൽ വെറും സംഖ്യകളല്ലെന്നും മറിച്ച് മുഖവും പേരുകളും വ്യക്തിപരമായ കഥകളുമുള്ളവരുമാണെന്നും പോപ്പ് പറഞ്ഞു. ദ്വീപിലെത്തിയ പോപ്പിനെ സ്വീകരിച്ചത് വലിയൊരു സംഘം കുട്ടികളാണ്. ഇവരിൽ ചിലർ ഇവിടെയെത്തിയത് മാതാപിതാക്കന്മാരില്ലാതെയാണ്. നിങ്ങൾ ഒറ്റയ്ക്കല്ലെന്നും പ്രതീക്ഷകളെ കൈവിടരുതെന്നുമാണ് അഭയാർത്ഥികളോട് പോപ്പ് നിർദേശിച്ചത്. തങ്ങളുടെ മാതൃരാജ്യത്ത് നിന്നും സാഹസികമായി യാത്രചെയ്ത് ഗ്രീസിലെത്തിയ നിരവധി ആൺകുട്ടികൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ പോപ്പിന്റെയും മറ്റു രണ്ട് മതനേതാക്കന്മാരുടെയും കൈകൾ പിടിച്ച് കുലുക്കാൻ നിരനിരയായി കവാടത്തിലേക്കെത്തിയിരുന്നു. ഇവരിൽ ചിലർ സിറിയൻ പതാകയും പിടിച്ചിരുന്നു.

Stories you may Like

നിരവധി അഭയാർത്ഥികൾ പോപ്പ് സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് മുന്നിൽ മുട്ടുകുത്തുകയും തേങ്ങിക്കരയുകയും ചെയ്തിരുന്നു. പോപ്പ് സമീപത്ത് കൂടി കടന്ന് പോകുമ്പോൾ ചിലർ ഫ്രീഡം...ഫ്രീഡം... എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. പോപ്പിന് മുന്നിൽ മുട്ടുകുത്തി നിയന്ത്രണമില്ലാതെ കരയുന്ന ഒരു പെൺകുട്ടിയുടെ മുമ്പിൽ പോപ്പ് വളഞ്ഞ് നിന്ന് ആശ്വസിപ്പിച്ചിരുന്നു. തന്റെ ഭർത്താവ് ജർമനിയിലാണെന്നും എന്നാൽ താനും രണ്ട് കുട്ടികളും ലെസ്ബോസിൽ കുടുങ്ങിപ്പോയെന്നുമായിരുന്നു ഒരു സ്ത്രീ പോപ്പിനോട് സങ്കടം പറഞ്ഞിരുന്നത്. അഭയാർത്ഥികളോടുള്ള നയങ്ങൾ മാറ്റാൻ പോപ്പ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഭയാർത്ഥികൾ അനുഭവിക്കുന്ന ദാരുണമായ അവസ്ഥയോട് ലോകം കൂടുതൽ മനുഷ്യത്വത്തോട് കൂടി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പുതിയതായി എത്തുന്നവരെ യൂറോപ്യൻ യൂണിയൻ പുതിയ കരാർ പ്രകാരം തുർക്കിയിലേക്ക് മടക്കി അയക്കാൻ തുടങ്ങിയ നിർണായക നിമിഷത്തിലാണ് പോപ്പ് അഭയാർത്ഥികൾക്ക് പിന്തുണയേകിക്കൊണ്ട് ഇവിടെയെത്തിയതെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണമില്ലാത്ത അഭയാർത്ഥി പ്രവാഹത്തെ നിയന്ത്രിക്കാനാണ് യൂണിയൻ ഈ നടപടി കൈക്കൊള്ളുന്നത്.

തങ്ങളുടെ മാതൃരാജ്യങ്ങളെ വിട്ട് യൂറോപ്പിലേക്ക് കുടിയേറുകയെന്ന ലക്ഷ്യവുമായി ദ്വീപിലെത്തിയ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും പോപ്പ് നേരിൽ കാണുകയും ചെയ്തിരുന്നു. ഇവരിൽ പലരും തങ്ങളുടെ ദുർവിധിയോർത്ത് കരയുന്നുണ്ടായിരുന്നു. ഇവിടെയുള്ള ചില കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ പോപ്പിനെ കാണിക്കുന്നുണ്ടായിരുന്നു. പോപ്പ് വാത്സല്യത്തോടെ അവരെ അഭിനന്ദിക്കുകയും ചെയ്തു. പോപ്പ് ഓരോരുത്തരുടെയും അടുത്ത് കൂടെ നടക്കുമ്പോൾ അവരിൽ പലരും തങ്ങളുടെ മാതൃരാജ്യത്തിന്റെ പേര് പറയുന്നുണ്ടായിരുന്നു. അഭയാർത്ഥി പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ ഗ്രീക്കിലെ ആളുകൾ എടുക്കുന്ന പ്രയത്നത്തെ പുകഴ്‌ത്തി പോപ്പ് സംസാരിച്ചിരുന്നു. യൂറോപ്പിലേക്കുള്ള പലായനത്തിനിടയിൽ കടലിൽ മുങ്ങിമരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ടുള്ള റീത്ത് പോപ്പ് സമർപ്പിക്കുകയും ചെയ്തിരുന്നു.

ലെസ്ബോസിൽ ഇത്തരത്തിൽ അഭയാർത്ഥികളെ തടഞ്ഞ് വയ്ക്കുന്നതിൽ പ്രതിഷേധിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അഭയാർത്ഥികളെ മടക്കി അയക്കാനുള്ള യൂറോപ്യൻ-യൂണിയൻ തുർക്കി ഉടമ്പടിക്കെതിരേ പ്രതികരിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പോപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കടുത്ത കലാപത്താൽ വലയുന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ തുർക്കി വഴി സമുദ്രത്തിലൂടെയാണ് ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെത്തിച്ചേരുന്നത്. ഒരു കൊല്ലത്തിനിടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന പത്ത്ലക്ഷത്തിൽ പരം അഭയാർത്ഥികളിൽ എട്ടര ലക്ഷം പേരും ഈ ഗ്രീക്ക് ദ്വീപിലാണ് ആദ്യം കാലു കുത്തിയിരുന്നത്. അടുത്തിടെ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ അഭയാർത്ഥികൾക്ക് നേരെ കൊട്ടിയടച്ചതോടെ നിരവധി അഭയാർത്ഥികൾ ലെസ്ബോസിൽ കുടുങ്ങിപ്പോയിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണിവർ ഈ ദ്വീപിൽ നരകിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അവർക്ക് ആശ്വാസമേകിക്കൊണ്ടുള്ള മാർപ്പാപ്പയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ടെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP