Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപൂർവ്വ രോഗബാധയ്ക്ക് പിന്നാലെ പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ വിദഗ്ധ ചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി; മുഷറഫിന് ബാധിച്ചത് അമിലോയിഡോസിസ് എന്ന അപൂർവ്വ രോഗമെന്ന് സ്ഥിരീകരിച്ച് വിദഗ്ദ്ധർ; ലണ്ടനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നേതാവിന്റെ സ്ഥിതി വഷളാണെന്ന് അറിയിച്ച് ഡോൺ പത്രം

അപൂർവ്വ രോഗബാധയ്ക്ക് പിന്നാലെ പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ വിദഗ്ധ ചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി;  മുഷറഫിന് ബാധിച്ചത് അമിലോയിഡോസിസ് എന്ന അപൂർവ്വ രോഗമെന്ന് സ്ഥിരീകരിച്ച് വിദഗ്ദ്ധർ; ലണ്ടനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നേതാവിന്റെ സ്ഥിതി വഷളാണെന്ന് അറിയിച്ച് ഡോൺ പത്രം

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്ക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ അപൂർവ്വ രോഗബാധയെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂർവ്വ രോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച നില വഷളായതിന് പിന്നാലെ അദ്ദേഹത്തെ ദുബായിലുള്ള ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയയ്ക്കുകയായിരുന്നു.

മുൻ പ്രസിഡന്റിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഓൾ പാക്കി സ്ഥാൻ മുസ്ലിം ലീഗ് ചെയർമാൻ ഡോ. മുഹമ്മദ് അംജദ് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വെളിപ്പെടുത്തിയത്. ഈ സമയം മുഷറഫ് ലണ്ടനിൽ ചികിത്സ തുടരുകയായിരുന്നു. രോഗബാധയെ തുടർന്ന് നിൽക്കുന്നതിനും നടക്കുന്നതിനും കഴിഞ്ഞ കുറച്ചു കാലമായി മുഷറഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇപ്പോൾ സ്ഥിതി വഷളാണെന്ന് ഡോൺ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അപൂർവ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ശരീരകലകളിൽ അമ്ലോയിഡ് ഫൈബ്രിൽസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ അധികമാവുന്ന ഒരു കൂട്ടം രോഗങ്ങളാണ് അമിലോയിഡോസിസ്. ഇത് ശരീരകലകളുടെ ഘടനയെ താറുമാറാക്കുന്നു, ശാരീര പ്രവർത്തനത്തെ ബാധിക്കുന്നു. ശരീരകലകളിൽ അടിയുന്ന പ്രോട്ടീൻ ഘടന ഏത് തരത്തിലുള്ളതാണെന്നതിനെ അടിസ്ഥാനമാക്കിയാണ് അമിലോയിഡോസിസ് ഏത് വിഭാഗത്തിലാണെന്ന് നിശ്ചയിക്കുന്നത്.

ഏതാണ്ട് മുപ്പതോളം വ്യത്യസ്ത അമിലോയിഡോസിസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരകലകളിലെ പ്രോട്ടീന്റെ അംശം കൂടുന്നതാണ് പ്രധാനകാരണം. ജനിതക കാരണങ്ങൾ മൂലം ഉണ്ടാവുന്നത്, അല്ലാത്തത് എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രധാനമായും ഈ രോഗത്തെ നിരീക്ഷിക്കുന്നത്.

അമിലോയിഡോസിസിന്റെ ലക്ഷണങ്ങൾ ഇങ്ങനെ

വയറിളക്കം, ശരീരഭാരം നഷ്ടപ്പെടുക, ക്ഷീണവും തളർച്ചയും, നാവിന്റെ വലിപ്പം കൂടുക, രക്തംപോക്ക്, ബോധക്ഷയം എന്നിവയ്ക്കൊപ്പം മൂത്രത്തിലൂടെ കൂടിയ അളവിൽ പ്രോട്ടീൻ പുറത്തുപോവുക, കരൾ, ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങൾ വികസിക്കുക, പ്രോട്ടീൻ ഘടന മാറുക, കാൽവീക്കം, പ്ലീഹാവീക്കം തുടങ്ങിയവ അമിലോയിഡോസിസിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിൽ വെളുത്ത പാടുകളോ മുഴകളോ പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ പ്രധാനലക്ഷണമാണ്.ശരീരകലകളിൽ പ്രോട്ടീൻ അടിയുന്നതിന്റെ അളവ് കുറയ്ക്കുകയാണ് അമിലോയിഡോസിസിന്റെ ചികിത്സ. പ്രോട്ടീൻ കൂടുന്നതിന്റെ മൂലകാരണം എന്താണെന്ന് തിരിച്ചറിഞ്ഞു വേണം ചികിത്സ നിശ്ചയിക്കാൻ.

പ്രധാനമായും 55- 60 വയസ്സിനിടയിലുള്ളവരിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചികിത്സിച്ചില്ലെങ്കിൽ ആറ് മാസം മുതൽ നാല് വർഷം വരെയാണ് ശരാശരി ആയുർദൈർഘ്യം (റിപ്പോർട്ട് ചെയ്യപ്പെട്ടത്). ടിഷ്യൂ ബയോപ്സിയിലൂടെയാണ് രോഗം നിർണയിക്കുന്നത്. പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിലാണ് ലോകത്ത് പ്രതിവർഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരിൽ ആയിരത്തിലൊരാൾ എന്ന കണക്കിലാണ് മരണനിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP