Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്ത മലേഷ്യൻ സർക്കാരിന് പാം ഓയിലിൽ പണി കൊടുത്ത് ഇന്ത്യ; രാഷ്ട്രീയ ഭിന്നതകളെ സാമ്പത്തിക ബന്ധങ്ങളുമായി കൂട്ടിക്കുഴക്കരുതെന്ന മലേഷ്യൻ നിലപാടിനെ പിന്തുണച്ച് പാക്കിസ്ഥാനും; മലേഷ്യൻ പാം ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ ശക്തമായ സന്ദേശമെന്ന കണക്കുകൂട്ടലിൽ ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്ത മലേഷ്യൻ സർക്കാരിന് പാം ഓയിലിൽ പണി കൊടുത്ത് ഇന്ത്യ; രാഷ്ട്രീയ ഭിന്നതകളെ സാമ്പത്തിക ബന്ധങ്ങളുമായി കൂട്ടിക്കുഴക്കരുതെന്ന മലേഷ്യൻ നിലപാടിനെ പിന്തുണച്ച് പാക്കിസ്ഥാനും; മലേഷ്യൻ പാം ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ ശക്തമായ സന്ദേശമെന്ന കണക്കുകൂട്ടലിൽ ഇമ്രാൻ ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്ത മലേഷ്യക്ക് മുട്ടൻ പണിയാണ് ഇന്ത്യ കൊടുത്തത്. മലേഷ്യയുടെ നിലപാടിന് ശേഷം കടുത്ത നിലപാടുകളാണ് ഇന്ത്യ സ്വീകരിച്ചത്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, മലേഷ്യയിൽ നിന്നുള്ള പാംഓയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെ മലേഷ്യൻ സമ്പദ് വ്യവസ്ഥ ആകെ പ്രതിസന്ധിയിലാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ ഭിന്നതകളെ സാമ്പത്തിക ബന്ധങ്ങളുമായി കൂട്ടിക്കുഴക്കരുതെന്ന നിലപാടുമായി മലേഷ്യ എത്തിയത്. ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്. എന്നാൽ മഹാതിർ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയെ ഒഴിവാക്കി, ഇന്തോനേഷ്യ, അർജന്റീന, ഉക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാമോയിൽ വാങ്ങാനാണ് ഇന്ത്യയുടെ നീക്കം.

ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉത്പാദക രാജ്യമായ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി തീർന്നിരിക്കുകയാണ് ഇന്ത്യൻ വ്യാപാരികളുടെ ബഹിഷ്‌കരണ തീരുമാനം. ഐക്യരാഷ്ട്ര സഭയിലടക്കം പാക്കിസ്ഥാൻ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യൻ സർക്കാരിന്റെ നിലപാടിനെതിരെയാണ് ഇന്ത്യൻ വ്യാപാര സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. വ്യാപാരികളുടെ പ്രതിഷേധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന്റെ മൗനസമ്മതവും ഉണ്ടായിരുന്നു. അമേരിക്കയുടെ പാതയിൽ എതിർക്കുന്നവരെ സാമ്പത്തിക ഉപരോധത്തിലൂടെ നേരിടുന്ന പാത ഇന്ത്യയും സ്വീകരിക്കുകയായിരുന്നു. മലേഷ്യയിൽ നിന്നും ഭക്ഷ്യ എണ്ണ വലിയ അളവിൽ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പുതിയ തീരുമാനം ആ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ആദ്യം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കത്തിന് വലിയ വില കൽപ്പിക്കാതിരുന്ന മലേഷ്യ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോൾ പിണക്കം തീർക്കുവാനായി മുന്നിട്ടിറങ്ങുകയായിരുന്നു.

രാഷ്ട്രീയ ഭിന്നതകളെ സാമ്പത്തിക ബന്ധങ്ങളുമായി കൂട്ടിക്കുഴക്കരുതെന്ന മലേഷ്യയുടെ നിലപാടിനു പിന്തുണയുമായി പാക്കിസ്ഥാനും രംഗത്തെത്തി. സംസ്‌കരിച്ച പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിലയില്ലാക്കയത്തിലായ മലേഷ്യയെ കരകയറ്റാൻ ഉയർന്ന തോതിൽ സംസ്‌കരിച്ച പാമോയിൽ വാങ്ങുമെന്നു മലേഷ്യൻ സന്ദർശനത്തിനിടെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചു. കശ്മീർ വിഷയത്തിൽ തുർക്കിയും മലേഷ്യയും സ്വീകരിച്ച പാക്ക് അനുകൂല നിലപാടുകളുടെ പേരിൽ ഇന്ത്യ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ, മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതി ക്രമാതീതമായി വർധിപ്പിക്കുന്നതു രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ ശക്തമായ സന്ദേശം നൽകാൻ ഉപകരിക്കുമെന്നു പാക്കിസ്ഥാൻ കണക്കുകൂട്ടുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവുമധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്. ഇന്തൊനീഷ്യയിൽനിന്ന് കൂടുതൽ പാമോയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് മലേഷ്യ വെട്ടിലായത്. ഇന്ത്യ പാമോയിൽ വാങ്ങുന്നത് വർധിപ്പിച്ചാൽ പകരമായി ഇന്ത്യയിൽനിന്ന് പഞ്ചസാര വാങ്ങുമെന്ന് ഇന്തൊനീഷ്യ നിലപാട് എടുത്തതോടെ ഒരു മുഴം മുൻപേ എറിഞ്ഞു മലേഷ്യ. എംഎസ്എം മലേഷ്യ ഹോൾഡിങ്‌സ് ബെർഹാദ് ഇന്ത്യയിൽനിന്ന് 200 ദശലക്ഷം റിംഗിറ്റ് (49.20 ദശലക്ഷം ഡോളർ) വിലമതിക്കുന്ന 1,30,000 ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യുമെന്നു പ്രഖ്യാപിച്ചു. 88,000 ടൺ അസംസ്‌കൃത പഞ്ചസാര ഇന്ത്യയിൽനിന്നു വാങ്ങിയതാണ് കമ്പനിയുടെ ഇതുവരെയുള്ള ഉയർന്ന ഇടപാട്. ഇന്റർനാഷനൽ ഷുഗർ ഓർഗനൈസേഷൻ ഓൺ റിഫിനിറ്റീവ് ഐകോണിന്റെ കണക്കനുസരിച്ച്, 2019 ൽ 1.95 ദശലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര മലേഷ്യ ഇറക്കുമതി ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP