Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്കിസ്ഥാന്റെ മിസൈൽ പരീക്ഷണം; അഗ്നി-4ന്റെ വിജയത്തിനു മറുപടിയായി പരീക്ഷിച്ചത് വെള്ളത്തിനടിയിൽനിന്നു വിക്ഷേപിക്കാവുന്ന പ്രഥമ ആണവ ക്രൂസ് മിസൈൽ ബാബർ-3; കിറുകൃത്യതയോടെ വിജയം കണ്ടെന്ന് സൈന്യം

ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്കിസ്ഥാന്റെ മിസൈൽ പരീക്ഷണം; അഗ്നി-4ന്റെ വിജയത്തിനു മറുപടിയായി പരീക്ഷിച്ചത് വെള്ളത്തിനടിയിൽനിന്നു വിക്ഷേപിക്കാവുന്ന പ്രഥമ ആണവ ക്രൂസ് മിസൈൽ ബാബർ-3; കിറുകൃത്യതയോടെ വിജയം കണ്ടെന്ന് സൈന്യം

ഇസ്ലാമാബാദ്: 4000 കിലോമീറ്റർ പ്രഹരശേഷിയുള്ള അണ്വായുധ ബാലിസ്റ്റിക് മിസൈലായ അഗ്നി നാല് വിജയകരമായി പരീക്ഷിച്ച ഇന്ത്യയ്ക്ക് മറുപടിയായി ബാബർ-3 ക്രൂസ് മിസൈൽ പരീക്ഷിച്ച് വിജയിച്ച് പാക്കിസ്ഥാൻ. ആണവ പോർമുനയുമായി അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന പാക്കിസ്ഥാന്റെ ആദ്യ ക്രൂസ് മിസൈൽ ആണിത്. 450 കിലോമീറ്റരാണ് പ്രഹരശേഷി.

വെള്ളത്തിനടയിൽനിന്നു വിക്ഷേപിക്കാൻ കഴിയുന്ന പാക്കിസ്ഥാന്റെ ആദ്യ മിസൈൽ ആണിത്. കടലിൽ മുങ്ങിക്കിടക്കുന്ന അന്തർവാഹിനികളിൽനിന്ന് ശത്രുരാജ്യങ്ങൾക്കു നേർക്ക് ക്രൂസ് മിസൈൽ പ്രയോഗിക്കാനുള്ള ശേഷിയാണ് പാക്കിസ്ഥാൻ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം. സമുദ്രത്തിൽ എവിടെവച്ചായിരുന്നുവെന്നു വ്യക്തമാക്കിയിട്ടില്ല. കിറുകൃത്യതയോടെ പരീക്ഷണം വിജയം കണ്ടുവെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടിരിക്കുന്നത്.

തൊടുത്തുകഴിഞ്ഞാൽ പിന്നെ നിയന്ത്രിക്കാൻ പറ്റാത്തവയാണ് ബാലിസ്റ്റിക് മിസൈലുകൾ. എന്നാൽ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചശേഷവും വഴിതിരിച്ചുവിടാൻ പറ്റുന്നവയാണ്. ക്രൂസ് മിസൈലുകൾ തകർക്കുകയ ശത്രുരാജ്യങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. 300 കിലോമീറ്റർ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂസ് മിസൈലാണ്. ബ്രഹ്മോസും അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാനാകും.

പാക് മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് മിസൈൽ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. എന്നാൽ ഔദ്യോഗികമായി വേരിഫൈ ചെയ്യപ്പെട്ട അക്കൗണ്ടല്ല ഇത്. അതിനാൽ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. മിസൈൽ പരീക്ഷണ വിജയത്തിൽ പ്രധാനമന്ത്രി നാവസ് ഷരീഫ് രാജ്യത്തിനും സൈന്യത്തിനും അഭിനന്ദനങ്ങൾ നേർന്നു.

ഡിസംബർ ആദ്യമാണ് ഇന്ത്യ അഗ്നി -4 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ഒരു ടൺ ആണവായുധം വരെ വഹിക്കാൻ ശേഷിയുണ്ട് മിസൈലിന്. ഇതിനകം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞ അഗ്‌നി-നാല് മിസൈലിന്റെ വിജയകരമായ നാലാമത്തെ പരീക്ഷണമായിരുന്നു ഇത്. ദീർഘദൂര, ഭൂതല മിസൈലായ അഗ്നി-നാലിന് ശത്രുപാളയത്തിലെ റഡാർ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യത്തിലെത്താനുള്ള ശേഷിയുണ്ട്.

5000 കിലോമീറ്റർ പരിധിയുള്ള അഗ്‌നി-അഞ്ച് മിസൈലിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത്. 2017-ൽ അഗ്‌നി-അഞ്ച് സൈന്യത്തിന് കൈമാറാനാകുമെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP