Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞ് ബലൂചികൾ; പാക് അധീന പ്രവിശ്യകളിൽ അക്രമം അഴിച്ചുവിട്ടിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്ന് ബലൂച് മൂവ്‌മെന്റ് നേതാവ്; പ്രതിഷേധിച്ചത് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും

പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞ് ബലൂചികൾ; പാക് അധീന പ്രവിശ്യകളിൽ അക്രമം അഴിച്ചുവിട്ടിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്ന് ബലൂച് മൂവ്‌മെന്റ് നേതാവ്; പ്രതിഷേധിച്ചത് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കി ബലുചിസ്ഥാൻ സ്വാതന്ത്ര്യവാദികളുടെ പ്രതിഷേധം. കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം രാജ്യത്തെ പൗരന്മാർ തന്നെ പാക്കിസ്ഥാനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ബലൂച് ആക്ടിവിസ്റ്റുകൾ യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വേദിക്കു മുന്നിൽ ടെന്റ് കെട്ടി ബാനറുകൾ സ്ഥാപിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങളെ കുറിച്ച് ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു പ്രതിഷേധം.

ബലൂചിസ്ഥാൻ, സിന്ധ്, പാക്ക് അധീന കശ്മീർ എന്നിവിടങ്ങളിൽ പാക്ക് പട്ടാളം അഴിച്ചുവിടുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ട് കശ്മീർ ജനതയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്നും ബലൂച് മൂവ്‌മെന്റ് സംഘാടകൻ റസാഖ് ബലൂച് ചോദിച്ചു. മേഖല പാക്ക് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നും പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാൻ ഒരു പരിഷ്‌കൃത രാജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിൽ പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളിടത്തോളം കാലം ബലൂചിസ്ഥാനിൽ സമാധാനമുണ്ടാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂച് ദേശീയ മൂവ്‌മെന്റ് നേതാവ് നബി ബക്ഷ് ബലൂച് പറഞ്ഞു. ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇവിടെയെത്തേണ്ടി വന്നത്. ഞങ്ങൾ മുന്നോട്ടു വന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ ഞങ്ങളുടെ ശബ്ദം ആരു കേൾക്കും എന്നും നബി ബക്ഷ് പറഞ്ഞു.

ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടി ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള പുരോഗമനപരമായ ചുവടുവയ്‌പ്പാണെന്ന് റസാഖ് ബലൂച് പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പാക്കിസ്ഥാന്റെ പങ്കാളിയാണ് ചൈന. ഞങ്ങളുടെ സ്വർണവും സ്വത്തും ചൈന കൊള്ളയടിക്കുകയാണ്. ചൈനീസ് കമ്പനികളാണ് ബലൂചിസ്ഥാനിലെ സ്വർണ ഖനനം നടത്തുന്നത്. ബലൂചിസ്ഥാനിലെ സ്വർണം ഖനനം ചെയ്താണ് ചൈന സമ്പന്നരായത്. പാക്ക് പട്ടാളത്തിന്റെ തലപ്പത്തുള്ളവരും ഇതിന്റെ പങ്കുകാരാണെന്നും ബലൂചിസ്ഥാന് അവകാശപ്പെട്ട പണം അവർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് സ്വതന്ത്രരാജ്യമായിരുന്ന ബലൂചിസ്ഥാൻ പിന്നീട് ബ്രിട്ടീഷ് കോളനിയുടെ ഭാഗമായി. 1947 ഓഗസ്റ്റ് 11ന് ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടി. എന്നാൽ പാക് ഭരണകൂടം ബലൂചിസ്ഥാനെ അവരുടെ അധീനതയിലാക്കി. ഇന്ന് പാക്കിസ്ഥാന്റെ ആറ് പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാൻ. പ്രകൃതിവാതക ശേഖരത്താൽ സമ്പന്നമാണ് ഈ പ്രവിശ്യ. സിപിഇസി വഴി പ്രത്യേക സാമ്പത്തിക മേഖല രൂപപ്പെടുത്തുകയും നിരവധി ഊർജപദ്ധതികൾ ആരംഭിക്കുകയും ആധുനിക ഗതാഗതസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ചൈന ഈ പ്രകൃതിസമ്പത്തിനെ കൊള്ളയടിക്കുകയാണ്.

പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാൻ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള തന്ത്രപ്രധാന മേഖലയാണ്. മിഡിൽ ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഏഷ്യ, സെൻട്രൽ ഏഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി അതിർത്തിപങ്കിടുന്നു ഈ പ്രദേശം. ഇറാനിലെ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെതിരെ പൊരുതുന്ന സുന്നി വിമതരുടെ പ്രധാന താവളമാണിവിടം. അറേബ്യൻ കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന പാക്കിസ്ഥാനിലൂടെയുള്ള സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലെ മക്രാൻ തീരത്താണ്. ഇവിടുത്തെ ഗ്വാദർ തുറമുഖം ചൈനീസ് നാവികസേനയുടെ താവളമാക്കാൻ പാക്കിസ്ഥാൻ അനുമതി നൽകിയിട്ടുണ്ട്. സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങൾകൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തിൽ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാൻ.

ബലൂചിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ പിടിയിൽനിന്നും മോചിപ്പിക്കാൻ ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നിരവധി ബലൂചികളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം സന്ദേശങ്ങളയച്ചത്. അടുത്തിടെ ഇമ്രാൻഖാൻ അമേരിക്കയിലെ പാക്കിസ്ഥാനികളെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ ബലൂചികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം വേണമെന്നുള്ള മുദ്രാവാക്യമുയർത്തി ബലൂച് യുവാക്കൾ രംഗത്ത് വരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP