Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാത്തൂൻപോരിൽനിന്ന് രക്ഷപ്പെടാനും വില്യമിൽനിന്ന് അകലം പാലിക്കാനും ഹാരിയും മേഘനും മൂന്നുവർഷത്തേക്ക് ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തേക്ക് താമസം മാറ്റാൻ ആലോചിക്കുന്നുവോ? ബ്രിട്ടീഷ് കൊട്ടാരത്തിലെ ഞെട്ടിക്കുന്ന നീക്കങ്ങൾ ചർച്ചയാക്കി മാധ്യമങ്ങൾ

നാത്തൂൻപോരിൽനിന്ന് രക്ഷപ്പെടാനും വില്യമിൽനിന്ന് അകലം പാലിക്കാനും ഹാരിയും മേഘനും മൂന്നുവർഷത്തേക്ക് ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തേക്ക് താമസം മാറ്റാൻ ആലോചിക്കുന്നുവോ? ബ്രിട്ടീഷ് കൊട്ടാരത്തിലെ ഞെട്ടിക്കുന്ന നീക്കങ്ങൾ ചർച്ചയാക്കി മാധ്യമങ്ങൾ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാർ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്ന്. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ രാജകുമാരിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സഹോദരങ്ങളെപ്പോലും അകറ്റിയെന്നാണ് സൂചനകൾ. രാജ്ഞിയുടെ പോലും വാക്കുകൾ മറികടന്ന് ഹാരിയും മേഘനും മുന്നേറുമ്പോൾ, കൊട്ടാരത്തിലെ തർക്കം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഭിന്നതകൾ പരിഹരിക്കും വരെയെങ്കിലും ഹാരിയും മേഘനും മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൂർണഗർഭിണിയായ മേഘൻ ഇപ്പോൾ വിശ്രമത്തിലാണ്. സാധാരണ രാജകുടുംബാംഗങ്ങളെ പരിചരിക്കുക കൊട്ടാരം ഡോക്ടർമാരാണെങ്കിലും തനിക്കവരുടെ സേവനം വേണ്ടെന്ന് മേഘൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വയം തിരഞ്ഞെടുത്ത വിദഗ്ധരുടെ പരിചരണത്തിലാണ് മേഘൻ ഇപ്പോൾ. മേഘൻ പ്രസവിച്ചുവെന്നും ഇല്ലെന്നും രണ്ടുതരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. രാജ്ഞിയുടെ പിറന്നാൾകൂടിയായിട്ടും മേഘൻ ഈസ്റ്റർദിന പ്രാർത്ഥനയ്ക്ക് സെന്റ് ജോർജ് ചാപ്പലിലെത്തിയില്ല എന്നത് ഭിന്നത രൂക്ഷമാണെന്നതിന്റെ സൂചനയായി ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. മേഘൻ പ്രസവിച്ചുകിടക്കുന്നതുകൊണ്ടാണ് വരാത്തതെന്നാണ് മറ്റൊരു വാദം.

അതിനിടെയാണ് ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തേക്ക് ഹാരിയും മേഘനും താൽക്കാലികമായി താമസം മാറുമെന്ന സൂചനകൾ പുറത്തുവരുന്നത്. ആലോചനാഘട്ടത്തിലാണ് വിഷയമെന്നും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് കൊട്ടാരത്തിൽനിന്നുള്ള വിവരം. ആറുമാസത്തേക്കാണ് മാറിത്താമസിക്കുകയെന്നും അതല്ല മൂന്നുവർഷത്തേക്ക് മാറിത്താമസിക്കാനാണ് തീരുമാനമെന്നും അഭ്യൂഹങ്ങളുണ്ട്. കോമൺവെൽത്ത് അംബാസഡർ എന്ന നിലയ്ക്കാവും ഹാരി പോവുക. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിന്റെ ലക്ഷ്യമായിട്ടുണ്ടാവും. ജീവകാരുണ്യ രംഗത്ത് മേഘൻ മുമ്പുതന്നെ സജീവമായി ഇടപെട്ടിരുന്നു.

വില്യമിനും ഹാരിക്കുമിടയിലുണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ഇത്തരമൊരു മാറ്റം ആവശ്യമാണെന്നാണ് കൊട്ടാരത്തിലെ വിലയിരുത്തൽ. ഓസ്‌ട്രേലിയയിലോ കാനഡയിലോ ഗവർണർ ജനറലായി ഹാരിയെ നിയമിക്കാമെന്ന ശുപാർശകൾ ഇടയ്ക്കുണ്ടായിരുന്നെങ്കിലും അതെല്ലാം നിരസിക്കപ്പെട്ടിരുന്നു. വില്യം രാജകുമാരനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടരി സൈമൺ കെയ്‌സുമാണ് ഇപ്പോഴത്തെ ആഫ്രിക്കൻ മാറ്റം ശുപാർശ ചെയ്തതെന്നാണ് സൂചന. ആഗോളതലത്തിൽ ഹാരി രാജകുമാരനുള്ള സ്വീകാര്യതയിൽ വില്യം രാജകുമാരനും തെല്ല് ഈർഷ്യയുണ്ടെന്ന സൂചനയുമുണ്ട്.

പരിസ്ഥിതി വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കുകയും അത്തരം പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്ന ഹാരി രാജകുമാരനും മേഘൻ രാജകുമാരിക്കും ആഗോളതലത്തിൽ വേറിട്ടൊരു സ്വീകാര്യതയുണ്ട്. ഇതാണ് വില്യമിനെ വിഷമിപ്പിക്കുന്നത്. ആഫ്രിക്കൻ രാജ്യത്തേക്ക് പോകുന്നതോടെ, ഹാരിയുടെ പ്രശസ്തി കുറയുമെന്നും വില്യം കൊട്ടാരത്തിലും രാജ്യത്താകെയും കൂടുതൽ പ്രസക്തനാകുമെന്നുമാണ് അടുത്ത കേന്ദ്രങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരിക്കുന്നത്.

മേഘൻ പ്രസവിച്ചുകിടക്കുകയാണെന്ന ഊഹാപോഹത്തിന് ശക്തികൂട്ടി പപ്പരാസികൾ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയയാൾ പുറത്താരുമറിയാതെ എത്തിയോ? ഹാരി രാജകുമാരന്റെയും മേഘൻ മെർക്ക്‌ലിന്റെയും കുഞ്ഞ് ജനിച്ചുകഴിഞ്ഞോ? ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളിൽ ഊഹാപോഹങ്ങൾ നിറയുകയാണ്. കൊട്ടാരം ഡോക്ടർമാരെ ഒഴിവാക്കി സ്വയം തിരഞ്ഞെടുത്ത ഗൈനക്കോളജിസ്റ്റുമാരുടെ പരിചരണയിൽ കഴിയുന്ന മേഘൻ പ്രസവിച്ചുവെന്നുതന്നെയാണ് പപ്പരാസികൾ കരുതുന്നത്. രാജ്ഞിയുടെ 93-ാം പിറന്നാൾ ആഘോഷത്തിനും ഈസ്റ്റർ പ്രാർത്ഥനയ്ക്കും ഹാരി ഒറ്റയ്‌ക്കെത്തിയത് അതിന് തെളിവാണെന്നും അവർ കണക്കുകൂട്ടുന്നു.

സെന്റ് ജോർജ് ചാപ്പലിലായിരുന്നു ഈസ്റ്റർ പ്രാർത്ഥനയും ജന്മദിനാഘോഷവും. വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മറ്റ് രാജകുടുംബാംഗങ്ങളുമൊക്കെ ചടങ്ങിൽ പങ്കെടുത്തെങ്കിലും മേഘന്റെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. കെയ്റ്റുമായുള്ള ഭിന്നതയെത്തുടർന്ന് കൊട്ടാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുപോലും ഉപേക്ഷിച്ച ഹാരിയും മേഘനും സ്വന്തം നിലയ്ക്കാണ് മുന്നേറുന്നത്. മേഘന്റെ ഇപ്പോഴത്തെ അസാന്നിധ്യത്തിന് കാരണം പ്രസവമാണെന്ന് സംശയിച്ചാൽപ്പോലും രാജകുടുംബാംഗങ്ങൾ തമ്മിലുള്ള ഭിന്നിപ്പ് പ്രകടമാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.

മേഘനൊഴികെയുള്ള രാജകുടുംബാംഗങ്ങളെല്ലാം പ്രാർത്ഥനയ്ക്കും ജന്മദിനാഘോഷത്തിനുമെത്തിയിരുന്നു. വില്യം, ഭാര്യ കെയ്റ്റ്, സാറ, മൈക്കൻ ടിൻഡാൽ, ആൻഡ്രു രാജകുമാരൻ, ബിയാട്രിസ് രാജകുമാരി, സോഫി കൗ്ണ്ടസ,് മകൻ ജയിംസ് വിസ്‌കൗണ്ട് സെവേൺ തുടങ്ങിയെല്ലാവരും ചടങ്ങിനെത്തിയിരുന്നു. ചാപ്പലിന് പുറത്തുകാത്തുനിന്നാണ് കെയ്റ്റ് രാജകുമാരി രാജ്ഞിയെ ഉപചാരപൂർവം വരവേറ്റത്. അലക്‌സാണ്ടർ മക്ക്വീൻ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഈ ചടങ്ങിനായി കെയ്റ്റ് തിരഞ്ഞെടുത്തത്. 2014-ലെ ഓസ്‌ട്രേലിയ-ന്യൂസിലൻഡ് സന്ദർശനത്തിൽ അവർ അണിഞ്ഞിരുന്ന വസ്ത്രമാണത്.

നേരിട്ടെത്തിയില്ലെങ്കിലും മേഘൻ രാവിലെതന്നെ ഇൻസ്റ്റഗ്രാമിലൂടെ രാജ്ഞിക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ദിനം ആശംസിക്കുന്നുവെന്നായിരുന്നു മേഘന്റെയും ഹാരിയുടെയും സന്ദേശം. ആനി രാജകുമാരിക്കൊപ്പമാണ് ഹാരി രാജകുമാരൻ ചാപ്പലിലേക്ക് വന്നത്. തനിച്ചെത്തുക മാത്രമല്ല, വില്യമുമായുള്ള സാമീപ്യം കഴിയുന്നത്ര ഒഴിവാക്കാനും ഹാരി ശ്രമിച്ചതായി ശ്രമിച്ചുവെന്ന് പപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നു. ചാപ്പലിലേക്ക് നേരത്തെതന്നെയെത്തിയ ഹാരി, വേറിട്ടുതന്നെ നിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ വിശകലനം ചെയ്ത് ജൂഡി ജയിംസ് പറഞ്ഞു.

ചാപ്പലിലേക്ക് തനിച്ചുവന്നതും പോയതും ഹാരി മനപ്പൂർവം ചെയ്തതാണെന്ന് വ്യക്തമാണെനന്് ജൂഡി ജെയിംസ് പറഞ്ഞു. ഇരുവർക്കുമിടയിലെ അകലം വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങൾ. മുഖാമുഖം വരാതിരിക്കാനുള്ള കരുതലാണ് അതിനുപിന്നിൽ. ഇത്തരം ചടങ്ങുകളിൽ മുൻകാലങ്ങളിൽ സഹോദരനൊപ്പം നിൽക്കാനായിരുന്നു ഹാരി ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ അതൊഴിവാക്കുമ്പോൾ ഭിന്നത പ്രകടമാണെന്ന് ശരീരഭാഷയിൽനിന്ന് വ്യക്തമാണെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP