Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്‌സിറ്റിന്റെ ഷോക്ക് യാഥാർത്ഥ്യമാകുമ്പോൾ കുലുങ്ങുന്നത് യൂറോപ്യൻ യൂണിയൻ; യൂണിയൻ തകരുമെന്നും യൂറോ ഇല്ലാതാകുമെന്നും പ്രവചിച്ച് ഐഎംഎഫ്

ബ്രെക്‌സിറ്റിന്റെ ഷോക്ക് യാഥാർത്ഥ്യമാകുമ്പോൾ കുലുങ്ങുന്നത് യൂറോപ്യൻ യൂണിയൻ; യൂണിയൻ തകരുമെന്നും യൂറോ ഇല്ലാതാകുമെന്നും പ്രവചിച്ച് ഐഎംഎഫ്

യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ യുകെ തീരുമാനിച്ചതോടെ യൂറോപ്യൻ യൂണിയന്റെ വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെ അസ്തമിച്ചിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ് തലവന്മാർ രംഗത്തെത്തി. അതായത് ബ്രെക്‌സിറ്റിന്റെ ഷോക്ക് യാഥാർത്ഥ്യമാകുമ്പോൾ കുലുങ്ങുന്നത് യൂറോപ്യൻ യൂണിയനായിരിക്കുമെന്നും തൽഫലമായി യൂണിയൻ തകരുമെന്നും യൂറോ ഇല്ലാതാകുമെന്നുമാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. യൂറോസോൺ 1.7 ശതമാനം വ്യാപിക്കുമെന്നായിരുന്നു ബ്രെക്‌സിറ്റിന് മുമ്പ് ഐഎംഎഫ് പ്രവചിച്ചിരുന്നത്. എന്നാൽ ബ്രെക്‌സിറ്റിന് ശേഷം അടുത്ത വർഷം ഇത് വെറും 1.4 ശതമാനം മാത്രമേ വ്യാപിക്കൂ എന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

ബ്രെക്‌സിറ്റിന്റെ വിജയാഘോഷങ്ങൾ നടക്കുമ്പോഴും ഇതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഐഎംഎഫ് ഉയർത്തിയിരുന്നു. ബ്രെക്‌സിറ്റിന് ശേഷം യൂറോ ഏരിയ ഒരു നിർണായക സന്ദർഭത്തിലെത്തി നിൽക്കുകയാണെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. അതിന്റെ പ്രത്യാഘാതം എത്തരത്തിലുള്ളതാണെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ഐഎംഎഫ് പറയുന്നു.ബ്രെക്‌സിറ്റിനെ തുടർന്ന് കുമിഞ്ഞ് കൂടിയിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യൂറോ ഏരിയയിൽ സാമ്പത്തികമായും രാഷ്ട്രീയപരമായും അസ്ഥിരതകൾ ഏറെയുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് ആത്മവിശ്വാസം തകരുകയും സാമ്പത്തികമായി തിരിച്ചടികളുണ്ടാവുകയും ചെയ്യും.

അഭയാർത്ഥികൾ നിയന്ത്രണമില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തുന്നതിനെ തുടർന്ന് സ്വതന്ത്ര സഞ്ചാരത്തിന് അറുതിയാകുമെന്നും ഇതിനെ തുടർന്ന് ബ്രെക്‌സിറ്റിനാൽ പ്രചോദിതരായി യൂണിയനിലെ മറ്റ് നിരവധി രാജ്യങ്ങളും തങ്ങളുടേതായ റഫറണ്ടങ്ങൾ നടത്തി സ്വാതന്ത്യം പ്രഖ്യാപിക്കാൻ സാധ്യതയേറെയാണെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്താവന മുന്നറിയിപ്പേകുന്നു.ഇത്തരം പ്രതിസന്ധികൾ മൂർധന്യത്തിലെത്തുന്ന വേളയിൽ യൂറോപ്പ് യൂറോയെ തന്നെ നിരോധിക്കാൻ സാധ്യത കൂടുതലാണെന്നാണ് നോബർ പ്രൈസ് ജേതാവായ മുതിർന്ന എക്കണോമിസ്റ്റായ പ്രഫ. ക്രിസ്റ്റഫർ പിസാരിഡൈസ് പറയുന്നത്.ഇത്തരത്തിൽ യൂറോസോണിലുണ്ടാകുന്ന കടുത്ത അനിശ്ചിതത്വം കാരണം നിക്ഷേപം കുറയുകയും ജോലിസാധ്യതകൾ ഇല്ലാതാവുകയും ചെയ്യുമെന്നും പ്രഫസർ പറയുന്നു.

യൂറോപ്യൻ യൂണിയൻ സിംഗിൾ കറൻസിയിൽ നിന്നും ഫ്രാൻസും ഇറ്റലിയും വിട്ട് പോകാൻ സാധ്യതയേറെയാണെന്ന് ഫ്രഞ്ച് ബാങ്ക് സൊസൈറ്റെ ജെനറലെ അനലിസ്റ്റ് മുന്നറിയിപ്പേകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഫ. ക്രിസ്റ്റഫറും ഇത് സംബന്ധിച്ച സാധ്യതകൾ പ്രവചിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. യൂറോപ്യൻ യൂണിയന്റെ ഭാവി അപകടം നിറഞ്ഞതാണെന്ന് റേറ്റിങ് ഏജൻസിയായ മൂഡിയും പ്രവചിച്ചിരുന്നു. ബ്രെക്‌സിറ്റിനെ തുടർന്ന് യൂറോപ്പിലുടനീളമുള്ള ബാങ്കുകളെല്ലാം കടുത്ത സമ്മർദത്തിലായിരിക്കുന്നതും യൂറോയ്ക്ക് ശക്തമായ ഭീഷണിയാണുയർത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റിനെ തുടർന്ന് യുകെയും യൂണിയനും തമ്മിലുള്ള വിലപേശൽ നീണ്ടു പോവുകയാണെങ്കിൽ യൂറോ സോണിലെ സാഹചര്യങ്ങൾ കൂടുതൽ പരിതാപകരമാകുമെന്നാണ് ഐഎംഎഫ് പറയുന്നത്.

ഇത്തരത്തിലുള്ള അനിശ്ചിതത്വം നീണ്ടാൽ അത് യൂറോസോണിന്റെയും യൂറോയുടെയും വളർച്ചയ്ക്ക് മുകളിലുള്ള അപകട സാധ്യത വർധിപ്പിക്കുമെന്നാണ് ഐഎംഎഫിന്റെ യൂറോപ്യൻ ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ മഹ്മൂദ് പ്രധാൻ പറയുന്നത്. ഇത്തരത്തിൽ അനിശ്ചിതത്വം നിറഞ്ഞ കാലഘട്ടം എത്ര നീളുമെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. യൂണിയനിലെ 13 ശതമാനം കയറ്റുമതികളും യുകെയിൽ നിന്നാണുണ്ടാകുന്നതെന്നും അതിനാൽ യുകെയുടെ വിടപറയൽ യൂറോസോണിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നുമാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP