Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ കുരുന്നുകൾ ആമസോൺ കാടുകളിൽ അകപ്പെട്ടിട്ട് ഒരു മാസം; പ്രതീക്ഷയോടെ തിരച്ചിൽ തുടർന്ന് സൈന്യം  

ആ കുരുന്നുകൾ ആമസോൺ കാടുകളിൽ അകപ്പെട്ടിട്ട് ഒരു മാസം; പ്രതീക്ഷയോടെ തിരച്ചിൽ തുടർന്ന് സൈന്യം   

സ്വന്തം ലേഖകൻ

ബൊഗോട്ട്: കൊളംബിയൻ വിമാനം തകർന്ന് നാലു കുരുന്നുകൾ ആമസോൺ വനത്തിലകപ്പെട്ടിട്ട് ഒരു മാസം. കുട്ടികൾ വനത്തിനുള്ളിൽ ജീവനോടെയുണ്ടെന്ന വിശ്വാസത്തിൽ സൈന്യം ഇപ്പോഴും പ്രതീക്ഷയോടെ തിരച്ചിൽ തുടരുകയാണ്. 11 മാസം പ്രായമുള്ള ക്രിസ്റ്റിൻ എന്ന കുഞ്ഞുൾപ്പെടെ ലെസ്‌ലി (13), സൊളേമി (9), ടിൻ നൊറിൽ (4) എന്നിവരാണ് ഒരുമാസമായി കാട്ടിൽ കഴിയുന്നത്.

ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വിമാനാപകടം നടന്ന സ്ഥലത്തുനിന്ന് കുട്ടികൾ നീങ്ങുന്ന വഴി കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അവരിപ്പോഴും ജീവനോടെയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരച്ചിലിന് നേതൃത്വംനൽകുന്ന ജനറൽ പെഡ്രോ സാഞ്ചസ് തിങ്കളാഴ്ച അറിയിച്ചു. ''കുട്ടികൾ മരിച്ചിരുന്നെങ്കിൽ ഇതിനോടകം തന്നെ മൃതദേഹമോ അവശിഷ്ടങ്ങളോ ലഭിച്ചേനെ. ശ്വാനസേന അത് എളുപ്പം തിരിച്ചറിയും. ഒരിടത്തും നിൽക്കാതെ കുട്ടികൾ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതാണ് ദൗത്യത്തിന് തടസ്സമാകുന്നത്''- അദ്ദേഹം പറഞ്ഞു.

കുട്ടികൾ പോയതെന്ന് കരുതുന്ന വഴിയിൽ നടത്തിയ തിരച്ചിലിൽ കുട്ടികൾ നിർമ്മിച്ചതെന്ന് കരുതുന്ന താത്കാലിക അഭയകേന്ദ്രങ്ങളും പാതികഴിച്ച പഴങ്ങളും രക്ഷാപ്രവർത്തകർ കണ്ടെത്തിയതും കുട്ടികൾ ഇപ്പോഴും ജീവനോടെയുണ്ടെന്ന സേനയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞയാഴ്ച ഒരു ജോഡി ഷൂസും കുഞ്ഞിന്റെ ഡയപ്പറും തിരച്ചിൽസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞുങ്ങൾ സുരക്ഷിതരായി തന്നെ ഉണ്ടെന്ന പ്രതീക്ഷയാണ് സൈന്യം പങ്കുവയ്ക്കുന്നത്.

ഇരുന്നൂറിലധികം സൈനികരും തദ്ദേശീയരായ ഗോത്രവിഭാഗക്കാരും ചേർന്നാണ് 320 ചതുരശ്ര കിലോമീറ്റർ വരുന്ന നിബിഡവനത്തിൽ തിരച്ചിൽ നടത്തുന്നത്. വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ഉള്ള മേഖലയാണിത്. മാതൃഭാഷയായ ഹുയിടൊടോയിലും സ്പാനിഷ് ഭാഷയിലും കുട്ടികളോട് ഒരിടത്തുതന്നെ നിൽക്കാനാവശ്യപ്പെടുന്ന ശബ്ദസന്ദേശങ്ങൾ വ്യോമസേന നൽകുന്നുണ്ട്. സംശയം തോന്നുന്ന ഇടങ്ങളിൽ ഭക്ഷണം, വെള്ളം മറ്റ് അതിജീവനസഹായികൾ എന്നിവ അടങ്ങിയ പാർസലുകൾ വ്യോമസേന ഹെലികോപ്റ്റർ വഴി നിക്ഷേപിക്കുന്നുണ്ട്.

വനമേഖലയായ അരരാകുവാറയിൽനിന്ന് സാൻ ജോസ് ഡെൽ ഗുവാവിയറേയിലേക്ക് പുറപ്പെട്ട സെസ്ന 206 വിമാനം മെയ്‌ ഒന്നിനാണ് ആമസോൺ വനത്തിലേക്ക് തകർന്നുവീഴുന്നത്. കുട്ടികളുടെ അമ്മയും പൈലറ്റുമാരുമുൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP