Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിൻലാൻഡിന്റെ നാറ്റോ പ്രവേശനത്തിന് പച്ചക്കൊടി കാട്ടി തുർക്കി; സ്വീഡന് ഇനിയും കാത്തു നിൽക്കണം; നാറ്റോ സഖ്യം വിപുലപ്പെടുന്നു

ഫിൻലാൻഡിന്റെ നാറ്റോ പ്രവേശനത്തിന് പച്ചക്കൊടി കാട്ടി തുർക്കി; സ്വീഡന് ഇനിയും കാത്തു നിൽക്കണം; നാറ്റോ സഖ്യം വിപുലപ്പെടുന്നു

സ്വന്തം ലേഖകൻ

ഫിൻലാൻഡിന് നാറ്റോ സഖ്യത്തിൽ ചേരുന്നതിന് അംഗീകാരം നൽകുന്ന ബിൽ ഇന്നലെടർക്കിഷ് പാർലമെന്റ് പാസ്സാക്കി. ഇതോടെ പാശ്ചാത്യ സഖ്യത്തിൽ ചേരാൻ ഫിൻലാൻഡിനു മുൻപിലുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം നീങ്ങിയിരിക്കുകയാണ്. 30 അംഗങ്ങൾ ഉള്ള നാറ്റോ സഖ്യത്തിൽ പുതിയതായി അംഗങ്ങളെ ചേർക്കാൻ എല്ലാ അംഗങ്ങളും അനുമതി നൽകണം എന്നൊരു നിയമമുണ്ട്. തുർക്കിയൊഴിച്ചുള്ള രാജ്യങ്ങൾ എല്ലാം തന്നെ ഇതിനോടകം അത് നൽകിക്കഴിഞ്ഞു.

ഫിൻലാൻഡിന്റെ അപേക്ഷയിന്മേൽ ഹംഗറി ഈയാഴ്‌ച്ച ആദ്യം അനുകൂല തീരുമാനമെടുത്തതോടെ തുർക്കിയുടെ തീരുമാനത്തിനായി കാതോർക്കുകയായിരുന്നു റഷ്യയുമായി അതിർത്തി പങ്കിടുന്ന ഫിൻലാൻഡ്. ഫിൻലാൻഡിന് തുർക്കിയുടെ പിന്തുണയുണ്ടാകുമെന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ തുർക്കി പ്രസിഡണ്ട് എർദോഗൻ പ്രസ്താവിച്ചിരുന്നു. തുർക്കി തീവ്രവാദികളായി കണക്കാക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് ഫിൻലാൻഡ് മുതിർന്നതോടെയായിരുന്നു ഇത്.

റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനു ശേഷമായിരുന്നു ഫിൻലാൻഡും സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ, തുർക്കിയും ഹംഗറിയും ഇക്കാര്യത്തിൽ തണുപ്പൻ സമീപനം സ്വീകരിച്ചതോടെ ഇരു രാജ്യങ്ങളുടെയും നാറ്റോ പ്രവേശനം നീണ്ടു പോവുകയായിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും പാർലമെന്റുകൾ പുതിയ അംഗങ്ങൾക്ക് നാറ്റോയിൽ ചേരാൻ അനുമതി നൽകേണ്ടതുണ്ട്.

നാറ്റോ അംഗത്വം ലഭിക്കുന്നതോടെ ഫിൻലാൻഡിന്റെ സുരക്ഷ വർദ്ധിക്കുമെന്നും അതോടൊപ്പം ബാൾടിക് സമുദ്ര മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാകുമെന്നും ഫിൻലാൻഡ് വക്താവ് പറഞ്ഞു. ടർക്കി പാർലമെന്റ് ബിൽ പാസ്സാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു ഫിൻലാൻഡ് വക്താവിന്റെ പ്രതികരണം. അതേസമയം, ഫിൻലാൻഡിന്റെ അയൽ രാജ്യമായ സ്വീഡന്റെ അപേക്ഷയിന്മെൽ തുർക്കി ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

തുർക്കി തീവ്രവാദികളായി കരുതുന്നവരെ സംരക്ഷിക്കുന്ന രീതിയിലുള്ള സമീപനമാണ് സ്വീഡൻ കൈക്കൊള്ളുന്നത് എന്ന് തുർക്കി ആരോപിച്ചിരുന്നു. ടർക്കിഷ് പാർലമെന്റിന്റെ ഫോറിൻ അഫയേഴ്സ് കമ്മീഷൻ കഴിഞ്ഞയാഴ്‌ച്ച തന്നെ ഫിൻലാൻഡിന് അംഗീകാരം നൽകുന്ന ബിൽ ഏകകണ്ഠേന പാസ്സാക്കിയിരുന്നു. 2020-ൽ നോർത്ത് മാസിഡോണീയ നാറ്റോ സഖ്യത്തിൽ ചേർന്നതിനു ശേഷം ഇതാദ്യമായാണ് ഒരു രാജ്യം സഖ്യത്തിൽ അംഗമാകുന്നത്.

2016 ൽ തുർക്കിയിൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമം നടത്തി എന്ന് ആരോപിക്കപ്പെടുന്ന സംഘാംഗങ്ങൾക്കും സ്വീഡനിൽ അഭയം പ്രാപിച്ച കുർദ്ദിഷ് തീവ്രവാദികൾക്കും എതിരെ കർശന നടപടി എടുക്കണമെന്ന് തുർക്കി സ്വീഡനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP