Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ ആലോചിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹാൻകോക്കിന്റെ പുതിയ പുസ്തകം

കോവിഡ് കാലത്ത് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ ആലോചിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹാൻകോക്കിന്റെ പുതിയ പുസ്തകം

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടണിൽ മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്. പരമ്പരയായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള തന്റെ ആത്മകഥയിലൂടെ വൻ വിവാദങ്ങൾക്കാണ് ഹാൻകോക്ക് തിരികൊളുത്തുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്നും മോചിപ്പിക്കുവാൻ ആലോചിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇതിൽ ഏറ്റവും പ്രധാനം.

പാൻഡമിക് ഡയറീസ് എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകത്തിൽ നാടകീയമായ ഒരുപാട് രംഗങ്ങളുമുണ്ട്. സർക്കാരിന്റെ വിജയങ്ങൾ, പരാജയങ്ങൾ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം അതിൽ വിശദമായി പറയുന്നു. നാളെ മുതൽ ഈ കഥകളെല്ലാം ഡെയ്ലി മെയിലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് തുടങ്ങും. അതിന്റെ മുന്നോടിയായി ഡെയ്ലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും, തന്റെ മുൻ സഹായി ജിന കൊളാഡാഞ്ചലോവുമായി കടുത്ത പ്രണയത്തിലാണെന്നതുമൊക്കെ അതിൽ അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ആ അഭിമുഖവും നാളെ ഡെയ്ലി മെയിലിൽ വരും. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റ് ഹാൻകോക്ക് പങ്കാളിയായിരുന്നു. ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തുടങ്ങി അവയിൽ പലതും വിവാദ തീരുമാനങ്ങളും ആയിരുന്നു.

അതിവേഗം പടരുന്ന, തീവ്രമായ പ്രതിസന്ധിയിൽ, സുപ്രധാനമായ ചുമതല വഹിക്കേണ്ടി വന്നു എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ ഇത് സംബന്ധിച്ച് ഹാൻകോക്ക് എഴുതിയിരിക്കുന്നത്. എന്നാൽ, വാക്സിൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കുവാൻ മന്ത്രിസഭ വിവിധ വിഷയങ്ങളിൽ നടത്തിയ ചർച്ചകളുടെ വിവരങ്ങളും ഹാൻകോക്ക് ഇതിൽ വെളിപ്പെടുത്തുന്നുണ്ട്.

2020-ലെ ആദ്യ ലോക്ക്ഡൗണ്ട് കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ തന്റെ മേൽ സമ്മർദ്ദം ഉണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. ജയിലിനകത്ത് വൈറസ് ബാധ ഉണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി. മാർച്ച് 17 ലെ ഡയറിക്കുറിപ്പിൽ ഹാൻകോക്ക് എഴുതുന്നത് നീതിന്യായ മന്ത്രാലയത്തിൽ നിന്നും, തടവുകാരെ മോചിപ്പിക്കുവാനുള്ള ഒരു മണ്ടൻ നിർദ്ദേശം വന്നു എന്നാണ്. താൻ അതിനെ കഠിനമായി എതിർത്തിരുന്നു എന്നും ഹാൻകോക്ക് പറയുന്നു.

എന്നാൽ, അന്നത്തെ ജസ്റ്റിസ് സെക്രട്ടറിയായിരുന്ന റോബ് ബക്ക്ലാൻഡ് വീണ്ടും തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി ഉദ്യോഗസ്ഥർ പറയുന്നു എന്ന് ഏപ്രിൽ 3 ലെ കുറിപ്പിൽ പറയുന്നു. എന്നാൽ, താൻ അതിനു തുടർച്ചയായി പ്രതികൂലമായ മറുപടിയാണ് നൽകിയിരുന്നതെന്നും ഹാൻകോക്ക് പറഞ്ഞു. എന്നാൽ, റോബ് ബക്ക്ലാൻഡുമായി നേരിട്ട് ഇക്കാര്യം ചർച്ച ചെയ്തപ്പോൾ, താനാണ് തടവുകാരെ മോചിപ്പിക്കാൻ താത്പര്യപ്പെടുന്നതെന്നാണ് ആരോ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി എന്നും ഹാൻകോക്ക് പറയുന്നു.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളിൽ അത് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് സംഭവിച്ച പല വീഴ്‌ച്ചകളും ഹാൻകോക്ക് ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ പലതും സർക്കാരിന്റെ അപ്രീതി ഏറ്റുവാങ്ങും എന്നത് ഉറപ്പാണ്. അതുപോലെ മന്ത്രിസഭയ്ക്കുള്ളിൽ ഉണ്ടായിരുന്നമൂന്ന് അധികാര കേന്ദ്രങ്ങൾ, ബോറിസ് ജോൺസൺ, ഋഷി സുനക്, മൈക്കൽ ഗോവ് എന്നിവർ ലോക്ക്ഡൗണിനെ കുറിച്ച് തർക്കിച്ചിരുന്ന കാര്യവും ഇതിൽ പറയുന്നുണ്ട്.

അതേസമയം, തടവുകാരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന പരാമർശത്തോട് വൈറ്റ്ഹാൾ വൃത്തങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടായിരുന്നു 20,000 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശിച്ചതെന്നും ബോറിസ് ജോൺസനും റൊബ് ബക്ക്ലാൻഡും ഈ നിർദ്ദേശത്തെ എതിർത്തു എന്നും അവർ പറയുന്നു. അവസാനം, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്ത 140 കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP