Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീരങ്കി അഭ്യാസത്തിലൂടെ ശക്തി പ്രകടനം നടത്തി തയ് വാൻ; തയ് വാൻ പിടിച്ചെടുക്കാൻ ചൈന കോപ്പുകൂട്ടുന്നെന്ന് വിദേശകാര്യമന്ത്രി

പീരങ്കി അഭ്യാസത്തിലൂടെ ശക്തി പ്രകടനം നടത്തി തയ് വാൻ; തയ് വാൻ പിടിച്ചെടുക്കാൻ ചൈന കോപ്പുകൂട്ടുന്നെന്ന് വിദേശകാര്യമന്ത്രി

സ്വന്തം ലേഖകൻ

തായ്പെയ്: ചൈന നടത്തിയ സൈനികാഭ്യാസത്തിന് കർശന മറുപടിയുമായി തയ്വാൻ. ചൊവ്വാഴ്ച പീരങ്കി അഭ്യാസത്തിലൂടെ തയ്വാന്റെ ശക്തിപ്രകടനം നടത്തിയാണ് തയ് വാൻ ചുട്ടമറുപടി നൽകിയത്.. ദിവസങ്ങൾക്കുള്ളിൽ ചൈന, ബലപ്രയോഗത്തിലൂടെ തയ്വാൻ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന് തയ്വാൻ വിദേശകാര്യമന്ത്രി ജോസഫ് വൂ മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിന്നാലെ ചൈന തയ് വാനുമേലുള്ള ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

'തയ്വാൻ അധിനിവേശത്തിന് തയ്യാറെടുക്കാനാണ് ചൈന സൈനികാഭ്യാസം നടത്തിയത്. പെലോസിയുടെ സന്ദർശനം സൈനികനടപടി നടത്താൻ ഒരു കാരണമായി ചൈന പറയുകയാണ്. തയ്വാൻ കടലിടുക്കിലെയും മുഴുവൻ പ്രദേശത്തെയും നിലവിലെ സ്ഥിതി മാറ്റുക എന്നതാണ് ചൈനയുടെ യഥാർഥ ഉദ്ദേശം.' ജോസഫ് വു ചൊവ്വാഴ്ച തായ്പെയിൽ നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തയ്വാനിലെ പൊതുജനങ്ങളുടെ മനോവീര്യം ദുർബലപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള സൈനികാഭ്യാസങ്ങളും മിസൈൽ വിക്ഷേപണങ്ങളുമാണ് ചൈന നടത്തുന്നതെന്നും വൂ പറഞ്ഞു. സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയും നടത്തുന്നുണ്ട്. തായ്വാനിൽ സൈനികാഭ്യാസം തുടരുകയാണെന്ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അറിയിച്ചു. വ്യോമ, നാവിക യൂണിറ്റുകൾ അഭ്യാസത്തിൽ പങ്കെടുത്തതായും ഈസ്റ്റേൺ തിയറ്റർ കമാൻഡ് വ്യക്തമാക്കി. ദ്വീപിനു ചുറ്റും പരിശീലനം തുടരുകയാണെന്നും സംയുക്ത നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.

ദക്ഷിണ മേഖലയിലെ പിങ്ടുങ്ങിലായിരുന്നു തയ്വാന്റെ അഭ്യാസപ്രകടനം. പ്രദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 12.40നു തുടങ്ങിയ ഡ്രിൽ, ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഹൊവിറ്റ്‌സറുകളിൽനിന്നുൾപ്പെടെ (ചെറു പീരങ്കികൾ) വെടിയുതിർത്താണ് തയ്വാൻ സൈനിക കരുത്ത് തെളിയിച്ചത്. വ്യാഴാഴ്ചയും അഭ്യാസം നടത്തുമെന്നും നൂറുകണക്കിന് സൈനികരെയും 40ഓളം ഹോവിറ്റ്സർമാരെയും ഇതിനായി വിന്യസിച്ചതായും സൈന്യം അറിയിച്ചു.

എന്നാൽ, ചൈനയ്ക്കുള്ള മറുപടിയായല്ല സൈനികാഭ്യാസമെന്നും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടത്തിയതെന്നും സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ മാസവും ഇത്തരത്തിൽ സൈനികാഭ്യാസം തയ്വാൻ നടത്തിയിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിൽ ക്ഷുഭിതരായ ചൈന തയ്വാനെ വളഞ്ഞ് വൻ സൈനികാഭ്യാസം തുടങ്ങിയിരുന്നു. തീരക്കടലിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. തയ്വാൻതീരത്തുനിന്നു വെറും 19 കിലോമീറ്റർ അകലെയാണ് 'ഡോങ്‌ഫെങ്' മിസൈലുകളിലൊന്നു പതിച്ചത്. മിസൈൽവർഷം അടക്കം അഭ്യാസങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. 1996നു ശേഷം ഇത്രയും വിപുലമായ സൈനികാഭ്യാസം ഈ മേഖലയിൽ ആദ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP