Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭഛിദ്രത്തിനുള്ള നിയമാവകാശം റദ്ദാക്കി യുഎസ് സുപ്രീംകോടതി; സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം

ഗർഭഛിദ്രത്തിനുള്ള നിയമാവകാശം റദ്ദാക്കി യുഎസ് സുപ്രീംകോടതി; സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം

സ്വന്തം ലേഖകൻ

വാഷിങ്ടൻ: യുഎസിൽ ഗർഭഛിദ്രത്തിനുള്ള നിയമാവകാശം സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കി ഉത്തരവ് ഇറക്കുകയായിരുന്നു. 1973 ലെ റോ വേഡ് കേസിലെ വിധി അസാധുവാക്കിയാണ് സുപ്രീം കോടതി ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ നീക്കിയത്. ഇനിമുതൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാം. ഇതോടെ, യുഎസിലെ പകുതിയോളം സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിരോധിക്കാൻ വഴിയൊരുങ്ങി.

റോ വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 15 ആഴ്ച വളർച്ചയെത്തിയശേഷം നടത്തുന്ന ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമത്തിനും സുപ്രീം കോടതി പച്ചക്കൊടി കാട്ടി. ഏതാനും വർഷം മുൻപുവരെ യുഎസിനെ സംബന്ധിച്ച് അചിന്ത്യമായിരുന്ന കാര്യമാണ് ഇന്നത്തെ സുപ്രീം കോടതി ഉത്തരവിലൂടെ യാഥാർഥ്യമായത്. ഗർഭഛിദ്രത്തെ എതിർക്കുന്നവർ വർഷങ്ങളായി നടത്തിവന്ന പോരാട്ടത്തിന്റെ കൂടി ഫലമാണ് ഇത്.

ഗർഭഛിദ്രാവകാശം കോടതി റദ്ദാക്കുകയും അതു പുനഃസ്ഥാപിക്കാനുള്ള ഫെഡറൽ നിയമത്തിനു രൂപം നൽകാതിരിക്കുകയും ചെയ്തതോടെ യുഎസിലെ 50 സംസ്ഥാനങ്ങളും പ്രത്യേകം ഗർഭഛിദ്രനിയമം നടപ്പിലാക്കേണ്ടിവരും. ഇതോടെ, റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വനിതകൾക്കു ഗർഭഛിദ്രാവകാശം നഷ്ടപ്പെടും. ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് ഡമോക്രാറ്റ് പാർട്ടിയുടേത്. മിതവാദികളായ റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലരും റോ വേഡ് വിധി നിലനിൽക്കണമെന്ന അഭിപ്രായക്കാരാണ്.

നേരത്തെ, ഗർഭഛിദ്രത്തിനുള്ള അവകാശം സംബന്ധിച്ച് ജഡ്ജിമാരുടെ അഭിപ്രായം വ്യക്തമാക്കുന്ന കരടു രേഖ ചോർന്നത് വിവാദത്തിനും പ്രതിഷേധങ്ങൾക്കും തിരി കൊളുത്തിയിരുന്നു. റോ വേഡ് വിധി റദ്ദാക്കുന്നതിനെ 9 ജഡ്ജിമാരിൽ ഭൂരിപക്ഷവും അനുകൂലിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്ന രേഖയാണ് വാർത്താമാധ്യമത്തിനു ചോർന്നു കിട്ടിയത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനും ചർച്ചകൾക്കും വഴി തുറക്കുകയായിരുന്നു.

റോ വേഡ് കേസ്
ടെക്‌സസ് സംസ്ഥാനത്തെ ഗർഭഛിദ്രനിയമങ്ങൾക്കെതിരെ 25 വയസ്സുള്ള നോർമ മക്‌ഗോവറി, ജെയ്ൻ റോ എന്ന പേരിൽ കൊടുത്തതും ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഹെന്റി വേഡ് എതിർത്തു വാദിച്ചതുമായ 1969 ലെ കേസാണ് 'റോ വേഡ്'. കേസ് അന്നു തള്ളിപ്പോയി. നോർമയുടെ അപ്പീൽ 1973 ൽ സമാനമായ മറ്റൊരു കേസിനൊപ്പം വാദം കേട്ടാണ് സുപ്രീം കോടതി ഗർഭഛിദ്രാവകാശത്തിന് അനുകൂല വിധി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP