Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; 400 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം; യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കും: ഇത്തിഹാദ് റെയിൽ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു

മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; 400 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം; യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കും: ഇത്തിഹാദ് റെയിൽ പദ്ധതി നിർമ്മാണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

അബുദാബി: ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. പാതയുടെ നിർമ്മാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡ് വരെ എത്തി. ജബൽ അലിയിൽ ദുബായ് മെട്രോ പാലത്തിന്റെയും റോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോഗമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് നിർമ്മാതാക്കൾ വിവരം പുറത്തുവിട്ടത്.

പടിഞ്ഞാറ് സൗദി യുഎഇ അതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽ അബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി. യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും. സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായ ഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമ്മാണ പുരോഗതി വ്യക്തമാണ്. പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. യുഎഇയിലുടനീളം 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ് പദ്ധതി. ജബൽഅലി മെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമ്മാണ ദൃശ്യങ്ങൾ ഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

അൽ ബിത്നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഹജ്ർ മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP