Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗ കേസിൽ ബ്രിട്ടീഷ് എം പിയെ അറസ്റ്റ് ചെയ്ത് പൊലീസ്; പേര് വെളിപ്പെടുത്താത്ത എം പിയെ പാർലമെന്റിൽ നിന്നും അകറ്റി നിർത്തി ബ്രിട്ടീഷ് സ്പീക്കർ; മുൻകാല കേസിൽ അറസ്റ്റ് നടന്നത് രണ്ട് വർഷം അന്വേഷണം നടത്തിയ ശേഷം

ബലാത്സംഗ കേസിൽ ബ്രിട്ടീഷ് എം പിയെ അറസ്റ്റ് ചെയ്ത് പൊലീസ്; പേര് വെളിപ്പെടുത്താത്ത എം പിയെ പാർലമെന്റിൽ നിന്നും അകറ്റി നിർത്തി ബ്രിട്ടീഷ് സ്പീക്കർ; മുൻകാല കേസിൽ അറസ്റ്റ് നടന്നത് രണ്ട് വർഷം അന്വേഷണം നടത്തിയ ശേഷം

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ ഒരു എം പിയെ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്താത്ത ഈ എം പിയെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും ചീഫ് വിപ്പ് താത്ക്കാലികമായി വിലക്കിയിട്ടുമുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള ഈ വ്യക്തി സഭ്യമല്ലാത്തെ പെരുമാറ്റം, അധികാരം ദുർവിനിയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളും ചെയ്തതായി സംശയിക്കുന്നു എന്ന് പൊലീസ് പറയുന്നു.

പ്രായം അമ്പതുകളിലുള്ള ബാക്ക് ബെഞ്ചറായ ഈ എം പിയുടെ പേര് നിയമപരമായ കാരണങ്ങളാൽ വെളിപ്പെടുത്താനാവില്ല. പൊലീസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമായിരിക്കുമിപ്പോൾ പാർലമെന്റിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള താത്ക്കാലിക വിലക്ക് പുനപരിശോധിക്കുക. അന്വേഷണം കഴിയുന്നതുവരെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കരുത് എന്നാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്. എന്നാൽ, പാർലമെന്റ് ജീവനക്കാരുടെ സംഘടന ഈ എം പി ക്കെതിരെ കൂടുതൽ കടുത്ത നടപടികൾ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

മറ്റേതൊരു തൊഴിലിടത്തേയും പോലെ പാർലമെന്റിനും അവിടെ ജോലിചെയ്യുന്ന ജീവനക്കാരോട് ചില ഉത്തരവാദിത്തങ്ങളും കടമകളും ഉണ്ടെന്ന് സംഘടന ഡെപ്യുട്ടി ജനറൽ സെക്രട്ടറി ഗാരി ഗ്രഹാം പറഞ്ഞു. ലൈംഗിക കുറ്റത്തിന് താത്ക്കാലിക വിലക്ക് മാത്രം എന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ താത്ക്കാലികമായി മാറ്റി നിർത്തുക എന്നത് കേവലം പ്രഹസനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2002 നും 2009 നും ഇടയിൽ ലണ്ടനിൽ വെച്ചു നടന്ന കുറ്റകൃത്യത്തെ കുടിച്ചുള്ള റിപ്പോർട്ട് 2020 ജനുവരിയിലാണ് ലഭിച്ചതെന്ന് മെട്രോപോളിറ്റൻ പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സെൻട്രൽ സ്പെഷ്യലിസ്റ്റ് ക്രൈമിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.

തുടർച്ചയായി എം പിമാർ ലൈംഗിക അപവാദങ്ങളിൽ പെടുന്നത് ഭരണകക്ഷിക്ക് വലിയൊരു തലവേദന ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞമാസമായിരുന്നു ഒരു കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൺസർവേറ്റീവ് എം പി ഖാൻ രാജിവച്ചത്. അതിനു മുൻപ് ഭരണകക്ഷിയിലെ തന്നെ ഡേവിഡ് വാർബർട്ടൻ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ ആയി. ഏകദേശം 50-ഓളം എം പി മാരുടെ പേരിൽ ലൈംഗിക പീഡന പരാതികൾ പാർലമെന്റ് അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ലൈംഗിക പീഡന കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് രാജിവെച്ച ഖാന്റെയും, ജനപ്രതിനിധി സഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് രാജിവെച്ചൊഴിയേണ്ടി വന്ന നീൽ പാരിഷിന്റെയും ഒഴിവിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസമാണ് ഈ പുതിയ ലൈംഗിക പീഡന കേസ് ഉയർന്ന് വന്നത് എന്നത് കേവലംയാദൃശ്ചികമാകാം.

നേരത്തേ കൺസർവേറ്റീവ് പാർട്ടി മുൻ എം പി ചാർലി എൽപിക്കിനെ രണ്ടു സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റത്തിന് 2020-ൽ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2016-ൽ ഒരു പാർലമെന്റ് ജീവനക്കാരിക്ക് നേരെയും 2007-ൽ ലണ്ടനിലെ കുടുംബവീട്ടിൽ വെച്ച് മറ്റൊരു സ്ത്രീക്ക് നേരെയും ആയിരുന്നു അതിക്രമം. കഴിഞ്ഞ വർഷം , തനിക്ക് നേരെ ലൈംഗിക പീഡനത്തിനു ശ്രമിച്ചു എന്ന് ഒരു പാർലമെന്റ് ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ പാർട്ടി എം പി മൈക്ക് ഹിൽ രാജിവെച്ചിരുന്നു.

ഏതായാലുംനിയമലംഘനങ്ങളുടെ ഒരു നിര തന്നെയാണ് ബോറിസ് ജോൺസന്റെ ഭരണകാലത്തുണ്ടാകുന്നതെന്ന് വിമർശകർ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിരുന്നൊരുക്കിയതു മുതൽ, ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിന് സംഭാവന വാങ്ങിയതിന് ഇലക്ടൊറൽ കമ്മീഷൻ 17,800 പൗണ്ട് പിഴ വിധിച്ച സംഭവം വരെ അവർ എടുത്തു കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP