Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

82 ദിവസത്തെ ചെറുത്ത് നിൽപ്പിനൊടുവിൽ പൊരുതി വീണ് മരിയുപോൾ; പതനം പൂർണമായതോടെ യുക്രൈൻ സൈനികരെ ഒഴിപ്പിച്ച് റഷ്യ: അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത് ഈ യുദ്ധത്തിലെ വീരനായകരെന്ന് യുക്രൈൻ സേന

82 ദിവസത്തെ ചെറുത്ത് നിൽപ്പിനൊടുവിൽ പൊരുതി വീണ് മരിയുപോൾ; പതനം പൂർണമായതോടെ യുക്രൈൻ സൈനികരെ ഒഴിപ്പിച്ച് റഷ്യ: അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത് ഈ യുദ്ധത്തിലെ വീരനായകരെന്ന് യുക്രൈൻ സേന

സ്വന്തം ലേഖകൻ

കീവ്: 82 ദിവസത്തെ ചെറുത്ത് നിൽപ്പിനൊടുവിൽ തകർന്നടിഞ്ഞ് മരിയു പോൾ. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഗതിമാറ്റിയെഴുതിയ മരിയുപോൾ ഇനി റഷ്യയ്ക്ക് സ്വന്തം. മരിയുപോൾ 'ഉരുക്കുകോട്ട' തകർന്നു വീണതോടെ ആവേശത്തിമിർപ്പിലാണ് റഷ്യൻ സേന. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാൻ യുക്രെയ്ൻ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണു സേന പിന്മാറുന്നത്. ഇതോടെ മരിയുപോൾ റഷ്യയുടെ അധിനിവേശത്തിലേക്ക് ചേരുകയായിരുന്നു. ചെറുത്തുനിൽപിന്റെ ഉജ്വലമാതൃക കാട്ടിയ ഇവർ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ൻ സേന പ്രഖ്യാപിച്ചു.

മരിയുപോൾ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുക്കുക ആയിരുന്നു. 82 ദിവസം പൊരുതിത്തളർന്ന 264 യുക്രെയ്ൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്‌സ്‌ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. ബാക്കി 211 പേരെ റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് മാറ്റിയത്. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു. ഇവരേയും താമസിയാതെ റഷ്യൻ സേന ഒഴിപ്പിക്കും.

2014 ലെ റഷ്യൻ അധിനിവേശ വേളയിൽ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത്. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ നഗരത്തിലാകെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെങ്കിലും കിഴക്കൻ യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിൽ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറൻ നഗരമായ ലിവിവിലും റഷ്യൻ ആക്രമണം കനത്തു. അതിർത്തി പ്രവിശ്യയായ കേർസ്‌കിൽ യുക്രെയ്ൻ ആക്രമണമുണ്ടായി. റഷ്യ തിരിച്ചടിച്ചു.

ഇതിനിടെ, നാറ്റോ അംഗത്വത്തിനായുള്ള ഫിൻലൻഡിന്റെയും സ്വീഡന്റെയും നടപടികൾ പുരോഗമിക്കുന്നു. സൈനികസഖ്യത്തിലെ അംഗത്വം സംബന്ധിച്ച ചർച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണാൻ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്‌സനും ഫിൻലൻഡ് പ്രസിഡന്റ് സവ്‌ലി നിനിസ്റ്റോയും നാളെ വൈറ്റ്ഹൗസിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP