Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ ചുഴലിക്കാറ്റിനെ പിന്തുടർന്ന മൂന്ന് വിദ്യാർത്ഥികൾ മരിച്ചു; അപകടം ഉണ്ടായത് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്: മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജൻ

അമേരിക്കയിൽ ചുഴലിക്കാറ്റിനെ പിന്തുടർന്ന മൂന്ന് വിദ്യാർത്ഥികൾ മരിച്ചു; അപകടം ഉണ്ടായത് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്: മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജൻ

സ്വന്തം ലേഖകൻ

മേരിക്കയിൽ ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന മൂന്ന് വിദ്യാർത്ഥികൾ കാറപകടത്തിൽ മരിച്ചു. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജനാണ്. അമേരിക്കയിലെ ഒക്ലഹോമ സർവകലാശാലയിലെ വിദ്യാർത്ഥികളായ നിക്കൊളാസ് നായർ, ഗാവിൻ ഷോർട്, ഡ്രേക്ക് ബ്രൂക്സ് എന്നിവരാണ് മരിച്ചത്. ചുഴലിക്കാറ്റിനെ പിന്തുടർന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ദുരന്തം സംഭവിച്ചത്. മരിച്ച മൂന്ന് പേരും ഒക്ലഹോമ സർവകലാശാലയിലെ മെറ്റീരിയോളജി വിദ്യാർത്ഥികളാണ്.

ഒക്ലഹോമ നഗരത്തിന് 137 കിലോമീറ്റർ വടക്കായി ടൊൻകാവയിൽ ഇന്റർസ്റ്റേറ്റ് 35 എന്ന ഹൈവേയിലൂടെ ചുഴലിക്കാറ്റിനെ പിന്തുടരുമ്പോഴാണു അപകടം ഉണ്ടായത്. മണിക്കൂറിൽ 270 കിലോമീറ്ററോളം അതിവേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പഠനത്തിന്റെ ഭാഗമായി ടൊർണാഡോ ചുഴലിക്കാറ്റിനെ പിന്തുടർന്ന് ഗവേഷണം നടത്താനുള്ള ശ്രമത്തിനിടെയാണു മരണം സംഭവിച്ചത്. ഇവരെ കൂടാതെ ഒക്ലഹോമ സർവകലാശാലയിലെ മറ്റു ചില വിദ്യാർത്ഥികളും പ്രത്യേക സംഘങ്ങളായി ചുഴലിക്കാറ്റിനെ പിന്തുടരാൻ പോയിരുന്നു.

അമേരിക്കയിൽ പലരും ടൊർണാഡോ ചുഴലിക്കാറ്റുകളെ പിന്തുടരാൻ ശ്രമിക്കാറുണ്ട്. സ്റ്റോം കാച്ചേഴ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇന്ത്യൻ വംശജനായ നിക്കോളാസ് നായർ ഒക്ലഹോമയിലെ ഡെന്റണിൽ നിന്നുള്ള വിദ്യാർത്ഥിയാണ്. കെജി നായരുടെയും കെയ്റ്റ് നായരുടെയും മകൻ. കൃഷ്ണ നായർ എന്ന സഹോദരനും നിക്കൊളാസിനുണ്ട്. ചെറുപ്പകാലം മുതൽ ചുഴലിക്കാറ്റുകളെ വീക്ഷിക്കുന്നതും പിന്തുടരുന്നതും നിക്കൊളാസിനു വലിയ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നെന്ന് കെയ്റ്റും കൃഷ്ണയും പറയുന്നു.

ചുഴലിക്കാറ്റിൽ കൻസാസിൽ ആയിരത്തിലധികം വീടുകളും കെട്ടിടങ്ങളും നശിക്കുകയും 30 കിലോമീറ്ററോളം ദൈർഘ്യത്തിൽ നശീകരണ പാത ഉടലെടുക്കുകയും ചെയ്തു. കൻസാസിലെ ആൻഡോവറിലുള്ള വിചിറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത്. ഇവിടെ ചിലയിടങ്ങളിൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയിരുന്നു. പതിനയ്യായിരത്തോളം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി കിട്ടിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP