Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദശാബ്ദങ്ങൾക്ക് ശേഷം ആ ചോദ്യത്തിനും ഉത്തരമായി; ജനറൽ ടോജോയുടെ ചിതാഭസ്മം ശാന്ത സമുദ്രത്തിൽ വിതറിയതായി രേഖകൾ

ദശാബ്ദങ്ങൾക്ക് ശേഷം ആ ചോദ്യത്തിനും ഉത്തരമായി; ജനറൽ ടോജോയുടെ ചിതാഭസ്മം ശാന്ത സമുദ്രത്തിൽ വിതറിയതായി രേഖകൾ

സ്വന്തം ലേഖകൻ

ടോക്കിയോ:രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്ക തൂക്കിലേറ്റിയ ജപ്പാൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ മൃതദേഹം സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം ശാന്ത സമുദ്രത്തിൽ വിതറിയതായി രേഖകൾ. യുദ്ധക്കുറ്റവാളിയായി പിടിച്ചെടുത്ത ജനറൽ ടോജോ അടക്കം ഏഴ് ജപ്പാൻ നേതാക്കളുടെ മൃതദേഹങ്ങൾ കത്തിച്ചശേഷം ചിതാഭസ്മം യുഎസ് പോർവിമാനത്തിൽ കൊണ്ടുപോയി പസിഫിക് സമുദ്രത്തിൽ വിതറിയെന്നു യുഎസ് സൈനിക രേഖകൾ പറയുന്നു.

യുഎസ് ആർമി ജനറൽ മേജർ ലുഥർ ഫ്രീയർസൺ ആണ് ചിതാഭസ്മം വിതറിയത്. അദ്ദേഹം നൽകിയ രഹസ്യ റിപ്പോർട്ടിൽ നടപടികൾ വിശദമായി വിവരിക്കുന്നുണ്ട്. ജപ്പാനിലെ രണ്ടാമത്തെ വലിയ നഗരമായ യോക്കോഹാമയിൽനിന്ന് 50 കിലോമീറ്റർ അകലെയാണിത്. മൃതദേഹങ്ങൾ വിട്ടുകൊടുത്താൽ സ്മാരകങ്ങൾ ഉയരുന്നതു തടയാനായിരുന്നു രഹസ്യ നടപടി. യുഎസ് സൈനിക രേഖകൾ വർഷങ്ങളോളം വിശകലനം ചെയ്താണു നിഹോൺ സർവകലാശാലയിലെ പ്രഫസർ ഹിരോകി തകാസാവ ഈ വിവരം കണ്ടെത്തിയത്.

പേൾ ഹാർബർ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ടോജോയുടെ മൃതദേഹത്തിന് എന്തു സംഭവിച്ചുവെന്നത് രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായിരുന്നു. ജനറൽ ടോജോയെ ജപ്പാനിലെ യാഥാസ്ഥിതികപക്ഷം വീര ദേശാഭിമാനിയായി വാഴ്‌ത്തുന്നു. എന്നാൽ കീഴടങ്ങാതെ, യുദ്ധം നീട്ടിയതു ടോജോയാണെന്നാണു പാശ്ചാത്യലോകത്തെ വിമർശനം. നേതാജി സുഭാഷ് ചന്ദ്രബോസിനു ജപ്പാനിൽ അഭയം നൽകിയത് അദ്ദേഹമായിരുന്നു.

1946-48 ൽ 28 ജപ്പാൻ നേതാക്കളെയാണു രാജ്യാന്തര സൈനിക ട്രിബ്യൂണൽ വിചാരണ ചെയ്തത്. 1948 ഡിസംബറിൽ ടോജോ അടക്കം 7 പേരെ തൂക്കിലേറ്റി. 15 പേരെ ജീവപര്യന്തം ശിക്ഷിച്ചു.

1948 ഡിസംബർ 23ന്റെ പുലരിയിൽ സംഭവിച്ചത്
യുഎസ് ആർമി മേജർ ലുഥർ ഫ്രീയർസൺ നൽകിയ റിപ്പോർട്ട്: 1948 ഡിസംബർ 23. പുലർച്ചെ 2.10. ടോജോയുടെയും മറ്റ് 6 പേരുടെയും മൃതദേഹങ്ങൾ അടങ്ങിയ പേടകങ്ങൾ ട്രക്കിൽ കയറ്റി ജയിലിൽനിന്നു പുറപ്പെട്ടു. അന്തിമ നടപടികൾക്കായി യോക്കോഹാമയിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക്.

രാവിലെ 7.25 ന് സൈനികകേന്ദ്രത്തിൽനിന്നു പുറപ്പെട്ട ട്രക്ക് യോക്കോഹാമ ശ്മശാനത്തിൽ അരമണിക്കൂറിനകം എത്തുന്നു. മൃതദേഹ പേടകങ്ങൾ സൈനിക കാവലിൽ നേരെ ചൂളയിലേക്ക്. ദഹിപ്പിക്കൽ 10 മിനിറ്റ് നീണ്ടു. ചിതാഭസ്മം വിമാനത്തിൽ കയറ്റി പസിഫിക് സമുദ്രത്തിനു മുകളിലൂടെ യോക്കോഹാമയ്ക്കു കിഴക്ക് 50 കിലോമീറ്റർ പറന്നു. പലയിടത്തായി വിതറി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP