Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

ബ്രസീൽ സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ സംയോജിച്ച് മറ്റൊരു മാരക വകഭേദം കൂടി; ബ്രിട്ടനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 16 കേസുകൾ; തുടർച്ചയായി മരണവും രോഗവും ഇടിയുമ്പോഴും പുത്തൻ വകഭേദങ്ങൾ ആശങ്ക ഉയർത്തുന്നു

ബ്രസീൽ സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ സംയോജിച്ച് മറ്റൊരു മാരക വകഭേദം കൂടി; ബ്രിട്ടനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 16 കേസുകൾ; തുടർച്ചയായി മരണവും രോഗവും ഇടിയുമ്പോഴും പുത്തൻ വകഭേദങ്ങൾ ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ

പ്രതിവാര ശരാശരിയിൽ 34 ശതമാനത്തിന്റെ കുറവാണ് ഇന്നലെ ബ്രിട്ടനിലെ കോവിഡ് വ്യാപനതോതിൽ ഉണ്ടായിരിക്കുന്നത്. 242 മരണങ്ങളും രേഖപ്പെടുത്തി. പ്രതിദിന മരണനിരക്കിൽ കഴിഞ്ഞ ആഴ്‌ച്ചയെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴോട്ടുതന്നെ പോകുന്നു എന്നതിന്റെ ശക്തമായ ശൂചനയാണിത്. അതേസമയം, വാക്സിൻ പദ്ധതിയും അതിവേഗത്തിൽ പുരോഗമിക്കുന്നു. ഇന്നലെ 2,78,956 പേർക്കാണ് വാക്സിന്റെ ആദ്യഡോസ് നൽകിയത്.ഇതിനൊപ്പം 68,450 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ മൊത്തത്തിൽ 20.9 ദശലക്ഷം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 9,64,000 പേർക്ക് രണ്ടും ഡോസും ലഭിച്ചുകഴിഞ്ഞു.

എൻ എച്ച് എസിന്റെ ടെസ്റ്റ് ആൻഡ് ട്രേസിന്റെ പുതിയ കണക്ക് പ്രകാരം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാർക്കിടയിലും രോഗവ്യാപനം കുറഞ്ഞുവരികയാണ്. 149 ലോക്കൽ അഥോറിറ്റികളിൽ വെറും രണ്ടിടങ്ങളിൽ മാത്രമാണ് കഴിഞ്ഞയാഴ്‌ച്ച രോഗവ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. ഹൾ, വോക്കിങ്ഹാം എന്നിവിടങ്ങളാണത്. ജനുവരി ആദ്യവാരത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിൽ രണ്ട് ഭാഗത്തിന്റെ കുറവാണ് രോഗവ്യാപനത്തിൽ ഉണ്ടായിട്ടുള്ളത് എന്ന കണക്ക് പുറത്തുവരുമ്പോഴും, രോഗവ്യാപനം കുറയുന്നതിന്റെ വേഗത കുറഞ്ഞുവരുന്നതായ മുന്നറിയിപ്പും ഈ റിപ്പോർട്ടിലുണ്ട്.

അതിനിടെ ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും രോഗവ്യാപന തോത് ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ രംഗത്തെത്തി. ഇതോടെ ഇംഗ്ലണ്ടിലെ ജനങ്ങൾ കൂടുതൽ കരുതലെടുക്കണമെന്ന് മാറ്റ് ഹാൻകോക്ക് ആവശ്യപ്പെട്ടു. വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്നും, രോഗവ്യാപനം കുറയുമ്പോഴും സുരക്ഷിതമായ ഒരു നിലയിൽ രാജ്യമെത്തിയിട്ടില്ലെന്നും ഓർമ്മിപ്പിച്ച അദ്ദേഹം ആളുകളോട് കഴിയുന്നതും വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിൽ ഇപ്പോൾ കൊറോണയുടെ ആർ നിരക്ക് 0.86 ആണെന്ന് ഇംപീരിയൽ കോളേജ് ലണ്ടന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നു. രോഗബാധിതനായ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെ സൂചിപ്പിക്കുന്ന ആർ നിരക്ക് 1 എന്ന സംഖ്യയ്ക്ക് താഴെയായത് രോഗവ്യാപനം കുറയുന്നു എന്നതിന്റെ സൂചനതന്നെയാണ്. എന്നിരുന്നാലും, സുരക്ഷിതമായി എന്ന് കരുതാവുന്ന തരത്തിൽ ഒരു കുറവ് രോഗവ്യാപനത്തിൽ ഉണ്ടാകുന്നില്ല. മാത്രമല്ല, കുറയുന്നതിന്റെ വേഗത കുറഞ്ഞുവരുന്നതും ആശങ്കയുണർത്തുന്നുണ്ട്.

ഈ ആശങ്കയ്ക്ക് ശക്തി വർദ്ധിപ്പിച്ചുകൊണ്ടാണ് ബ്രിട്ടനിൽ പുതിയൊരു ഇനം വൈറസിനെ കൂടി കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്. പ്രതിരോധ സംവിധാനത്തെ തോൽപ്പിക്കുവാൻ തക്ക ജനിതകമാറ്റം ഇതിനു സംഭവിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ 16 പേരിൽ കണ്ടെത്തിയ ഈ പുതിയ ഇനം കൊറോണ വൈറസിനെ ബി 1.1.318 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജനിതക സ്വീക്വെൻസിംഗിലൂടെ ഫെബ്രുവരി 15 നാണ് ഈ ഇനത്തെ അദ്യമായി കണ്ടെത്തിയത്. ഫെബ്രുവരി 24 മുതൽക്കാണ് ഈ പുതിയ ഇനത്തിന്റെ വ്യാപനം സസൂക്ഷ്മം നീരീക്ഷിക്കാൻ ആരംഭിച്ചത്.

ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ ദക്ഷിണാഫ്രിക്കൻ ഇനത്തിലും ബ്രസീലിയൻ ഇനത്തിലും കണ്ടെത്തിയ ഇ 484കെ തരത്തിലുള്ള ജനിതകമാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ഈ രണ്ടു ഇനങ്ങളും ഇപ്പോഴും ബ്രിട്ടനിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റത്താൽ, നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾക്ക് ഈ വൈറസിനെ തിരിച്ചറിയാൻ കഴിയാതെ വരും. അങ്ങനെ അതിന് ആന്റിബോഡികളെ കബളിപ്പിച്ച് രക്ഷപ്പെടാനും കഴിയും. എന്നാൽ, പ്രതിരോധ സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ് ആന്റിബോഡികൾ. ശ്വേത രക്താണുക്കളും വൈറസിനെ തകർക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ ജനിതകമാറ്റത്തിന് കാര്യമായി ഒന്നും ചെയ്യാനാകില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

അതായത് നിലവിലുള്ള വാക്സിനുകൾ ഇ 484 കെ മ്യുട്ടേഷൻ സംഭവിച്ച വൈറസ്സുകൾക്ക് നേരെയും ഫലവത്താകും എന്നർത്ഥം. നിലവിലുള്ള പുതിയ ഇനം വൈറസ് മറ്റേതെങ്കിലും രാജ്യത്തുനിന്ന് എത്തിയതാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP