Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202410Wednesday

മൂന്നാഴ്‌ച്ചകൂടി ലോക്ക്ഡൗൺ നീട്ടി; മാർച്ച് എട്ടിനു മുൻപ് സ്‌കൂൾ തുറക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഏപ്രിലിൽ പോലും തുറക്കാനാവില്ലെന്ന് വിദഗ്ദർ; എയർപോർട്ട് ക്വാറന്റൈൻ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രീതിപട്ടേൽ; കോവിഡിന് വിട്ടുവീഴ്‌ച്ചയില്ലാതെ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ

മൂന്നാഴ്‌ച്ചകൂടി ലോക്ക്ഡൗൺ നീട്ടി; മാർച്ച് എട്ടിനു മുൻപ് സ്‌കൂൾ തുറക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഏപ്രിലിൽ പോലും തുറക്കാനാവില്ലെന്ന് വിദഗ്ദർ; എയർപോർട്ട് ക്വാറന്റൈൻ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രീതിപട്ടേൽ; കോവിഡിന് വിട്ടുവീഴ്‌ച്ചയില്ലാതെ നിയന്ത്രണങ്ങളുമായി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾക്ക് കാർക്കശ്യമേറുകയാണ്. സ്‌കൂളുകൾ മാർച്ച് 8 വരെ തുറക്കാനാവില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ലോക്ക്ഡൗൺ മൂന്നാഴ്‌ച്ച കൂടി നീട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യവും പറഞ്ഞത്. അതേസമയം, ലോക്ക്ഡൗൺ പിൻവലിക്കുന്നതു സംബന്ധൈച്ച പരിപാടിയുടെ രൂപരേഖ ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോവിഡിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും അധികം അനുഭവിക്കുന്നത് കുട്ടികൾ തന്നെയാണെന്ന് അടിവരയിടുന്നതായിരുന്നു ബോറിസിന്റെ പ്രഖ്യാപനം. ചിലയിടങ്ങളിൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം വെറും 73 ദിവസത്തെ ക്ലാസ്സുകൾ മാത്രമാണ് നടന്നിട്ടുള്ളത്. ഒരു തലമുറയുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിൽ ആഴ്‌ത്തുന്ന രീതിയിൽ വളർന്നിരിക്കുന്നു കൊറോണയെന്ന ഭയങ്കരൻ. അത്യവശ്യ സേവന മേഖലകളിൽ ജോലിചെയ്യുന്നവരുടെ മക്കൾ ഒഴിച്ച് മറ്റെല്ലാവർക്കും ഇനി വിദൂരവിദ്യാഭ്യാസം മാത്രമായിരിക്കും.

വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ വേഗത കൈവരിക്കുന്നു എന്നാണ് ഇന്നലെ ബോറിസ് ജോൺസൺ സൂചിപ്പിച്ചത്. ഇതുവരെ 6.8 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മൊത്തം പ്രായപൂർത്തിയായവരുടെ 13 ശതമാനം വരും ഇതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വൃദ്ധർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി, അപകടസാധ്യത കൂടിയ വിഭാഗത്തിൽ പെടുന്നവർക്ക് ഫെബ്രിവരി 15 ന് ഉള്ളിലായി വാക്സിൻ നല്കിയിരിക്കും എന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

മാർച്ചിൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ യൂണിയനുകൾ

മാർച്ചിൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ വിവിധ ടീച്ചിങ് യൂണിയനുകൾ രംഗത്തെത്തി. ലോക്ക്ഡൗണിൽ നേരത്തേ ഇളവുകൾ വരുത്തുന്നത് ഒരു നാലാം ലോക്ക്ഡൗണിനെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നാണ് അവർ പറയുന്നത്. കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുന്ന സാഹചര്യത്തിലല്ലാതെ സ്‌കൂളുകൾ തുറക്കുന്നത് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു, നേരത്തേ ഫെബ്രുവരി പകുതിയിൽ ഹാഫ് ടേം ആരംഭിക്കുന്നതോടെ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാം എന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചത്.

കോവിഡ് മരണങ്ങൾ 1 ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമായിരുന്നു എന്ന അഭിപ്രായം പല കോണുകളിൽ നിന്നായി ഉയർന്നു വരുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്‌കൂൾ തുറക്കുന്നത് മാർച്ച് 8 വരെ നീട്ടിയത്. അതേസമയം, ഈ സമയപരിധിക്കുള്ളിൽ, മുഴുവൻ രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും വാക്സിൻ നൽകാൻ കഴിയില്ല. അതായത്, മറ്റൊരു സമൂഹവ്യാപനത്തിന് സ്‌കൂളുകൾ കാരണമായേക്കും എന്നർത്ഥം.

പൂർണ്ണ സുരക്ഷ ഉറപ്പാക്കാതെ സ്‌കൂളുകൾ തുറക്കാനാവില്ലെന്നാണ് നാഷണൽ എഡ്യുക്കേഷൻ യൂണിയന്റെ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. മേരി ബൗസ്റ്റഡ് പറഞ്ഞത്. വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് ആശങ്കപ്പെടുമ്പോഴും, അവരുടെയും കുടുംബങ്ങളുടെയും ജീവനെ കുറിച്ചും പരിഗണിക്കപ്പെടണം. അവർ പറയുന്നു. മുഴുവൻ വിദ്യാർത്ഥികളേയും ക്ലാസ്സുകളിൽ എത്തിക്കണം എന്നുതന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ അസ്സോസിയേഷൻ ഓഫ് സ്‌കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൺ പറഞ്ഞത് എന്നാൽ ഇത് ധൃതിപിടിച്ച് ചെയ്യേണ്ട ഒന്നല്ല എന്നാണ്.

യാത്രാനിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മഹാവ്യാധിയെ ചെറുക്കാൻ ഏതറ്റം വരേയും പോകാമെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ഔദ്യോഗിക ആവശ്യങ്ങൾക്ക് എന്നും മറ്റും പറഞ്ഞ് വിനോദയാത്രകൾക്ക് പോകുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഹോംസെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. അത്തരക്കാരെ വിമാനത്താവളങ്ങളിൽ നിന്നുതന്നെ തിരികെ അയയ്ക്കുമെന്ന് അവർ പറഞ്ഞു. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട അവർ, അത് ഏന്ത് വിലകൊടുത്തും തടയും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദേശയാത്രകൾക്ക് പോകണമെങ്കിൽ ഒരു ലീഗൽ ഡിക്ലറേഷൻ നൽകേണ്ടതുണ്ട്. നിങ്ങൾ പോകുന്നത് അത്യാവശ്യ കാര്യങ്ങൾക്കാണ് എന്ന് അതിൽ പറഞ്ഞിരിക്കണം. ഒഴിവുകാലം ചെലവഴിക്കാൻ വിദേശത്തേക്ക് പോകുന്നത് അത്യാവശ്യകാര്യമായി കണക്കാക്കാൻ കഴിയില്ലെന്നും അവർ ഇന്നലെ എം പി മാർക്കായി നൽകിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഈ തീരുമാനത്തിനെതിരെ എയർലൈൻ മേഖല രൂക്ഷമായി പ്രതികരിച്ചു. ഇത്തരത്തിൽ ലീഗൽ ഡിക്ലറേഷനും മറ്റുമായി യാത്രയുടെ നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത് തങ്ങളുടെ മേഖലയെ വിപരീതിയമായി ബാധിക്കും എന്നവർ പറയുന്നു.

അതോടൊപ്പം കടുത്ത കോവിഡ് വ്യാപനമുള്ള, റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 30 രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ, അവരുടെ ചെലവിൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം എന്ന് പ്രീതി പട്ടേൽ അറിയിച്ചു. ഇത്തരത്തിൽ വരുന്നവരെ വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് ഹോട്ടൽ മുറികളിലേക്കായിരിക്കും എത്തിക്കുക. ഏകദേശം 1,500 പൗണ്ട് അവർ ഇതിനായി ചെലവഴിക്കേണ്ടതായി വരും. വിദേശികൾക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ കർശന വിലക്കുള്ളതിനാൽ, ഇപ്പോൾ ഈ നിയമം ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമായിരിക്കും ബാധകമാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP