Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

ആദ്യഘട്ടത്തിൽ ഫലപ്രദമായി കൊറോണയെ തടഞ്ഞ ജർമ്മനിക്ക് രണ്ടാം വരവിൽ കാലിടറി; ഇന്നലെ മാത്രം ജർമ്മനിയിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 1244 പേർ; ലോകത്തെ ഏറ്റവും ശക്തമായ ലോക്ക്ഡൗണിനൊരുങ്ങി യൂറോപ്യൻ സിംഹങ്ങൾ

ആദ്യഘട്ടത്തിൽ ഫലപ്രദമായി കൊറോണയെ തടഞ്ഞ ജർമ്മനിക്ക് രണ്ടാം വരവിൽ കാലിടറി; ഇന്നലെ മാത്രം ജർമ്മനിയിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 1244 പേർ; ലോകത്തെ ഏറ്റവും ശക്തമായ ലോക്ക്ഡൗണിനൊരുങ്ങി യൂറോപ്യൻ സിംഹങ്ങൾ

സ്വന്തം ലേഖകൻ

കൊറോണയുടെ ആദ്യ വരവിൽ യൂറോപ്പിൽ തലയുയർത്തി നിന്ന രാജ്യമായിരുന്നു ജർമ്മനി. വളരെ വ്യാപകമായ പരിശോധനാ സംവിധാനങ്ങളും, നേരത്തേയുള്ള ചികിത്സയുമെല്ലാം ആയി കൊറോണയെന്ന മഹാരാക്ഷസനെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ അവർക്കായി. മരണനിരക്കും കുറവായിരുന്നു. എന്നാൽ, തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഈ ഭീകരന്റെ രണ്ടാം വരവ്. അതിൽ ജർമ്മൻ ശക്തിക്ക് അടിതെറ്റി. ഇന്നലെ 1244 കോവിഡ് മരണങ്ങളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൂടുതൽ കർശനമായ നിയന്ത്രണങ്ങളോടെയുള്ള മെഗാ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ ചാൻസലർ ഏഞ്ചെല മെർക്കൽ.

ഇനിയും ജർമ്മനിയിൽ വ്യാപകമാകാത്ത ബ്രിട്ടീഷ് ഇനം കൊറോണയെ തടയുവാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് റെക്കോർഡ് മരണനിരക്ക് രേഖപ്പെടുത്തിയത്. ജർമ്മനിയിൽ ഏറെ പ്രചാരത്തിലുള്ള ബിൽഡ് എന്ന വർത്തമാന പത്രമാണ് മെഗാ ലോക്ക്ഡൗൺ ആണ് മെർക്കലിന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ രാജ്യം ഏതാണ്ട് പൂർണ്ണമായും തന്നെ അടച്ചിടേണ്ടിവരുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.

അടുത്തിടെ ജർമ്മനിയിൽ കണ്ടെത്തിയ ബ്രിട്ടീഷ് ഇനം കൊറോണ വൈറസിനെ തടയുവാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മെഗാ ലോക്ക്ഡൗൺ. ഇതിന്റെ ഭാഗമായ ഹ്രസ്വദൂര, ദീർഘദൂര പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും അടച്ചിടും. എന്നാലും, അത്തരത്തിലുള്ള ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ബിൽഡ് പറയുന്നു. ബ്രിട്ടനിലെ കോവിഡ് വ്യാപനം രൂക്ഷമാക്കിയ പുതിയ ഇനം വൈറസിനെ ഭീതിയോടെയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കാണുന്നത്.

ബ്രിട്ടന്റെ അയൽരാജ്യമായ ഫ്രാൻസിൽ പുതിയ നിയന്ത്രണങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതും ബ്രിട്ടീഷ് ഇനം വൈറസിനെ ഭയന്നുള്ള നടപടിയാണ്. എന്നാൽ മറ്റു ചില അയൽരാജ്യങ്ങൾ ചെയ്തതുപോലെ ഫ്രാൻസ് ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കില്ല എന്നും അറിയുന്നു. നിലവിൽ ഫ്രാൻസിലെ രോഗബാധിതരിൽ 1 ശതമാനം പേരിലാണ് യു കെ ഇനം വൈറസിനെ കണ്ടെത്തിയിട്ടുള്ളതെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ തലവൻ ജീൻ ഫ്രാങ്കോയിസ് ഇന്നലെ ഒരു റേഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്‌കൂളുകൾ പോലുള്ള സ്ഥാപനങ്ങൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ജർമ്മനിയിൽ ഈ പുതിയ ഇനം വൈറസ് ഇനിയും വ്യാപകമായിട്ടില്ലെങ്കിലും, നിലവിലുള്ള നിയന്ത്രണങ്ങൾ രോഗവ്യാപനം തടയാൻ പര്യാപ്തമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രത്യേകിച്ചും, പുതിയ ഇനത്തിന്റെ വ്യാപന ശേഷി പഴയതിനേക്കാൾ 70 ശതമാനം വരെ കൂടുതലുള്ളപ്പോൾ. ഇന്നലെ മാത്രം 1244 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ജർമ്മനിയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 43,881 ആയി ഉയർന്നു. ഇന്നലെ 25,164 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജർമ്മനിയിലെ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.

ആദ്യ കൊറോണ തരംഗത്തിൽ കണ്ടതിനേക്കാളേറെ മരണങ്ങൾ രണ്ടാം വരവിൽ ഓരോ ദിവസവും നടക്കുന്നു എന്നത് ജർമ്മനിയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ആദ്യ വരവിന്റെ കാലത്തേക്കാൾ അധികമായി ജർമ്മാൻകർ ഇപ്പോൾ യാത്രകൾ ചെയ്യുന്നു എന്നും അതാണ് രോഗവ്യാപനം വർദ്ധിക്കുവാൻ കാരണമെന്നും ഒരു അഭിപ്രായവും ഉയരുന്നുണ്ട്. രോഗവ്യാപനം അധികമുള്ള പ്രദേശങ്ങളിൽ സാമൂഹ്യാ സമ്പർക്കം വിലക്കുകയും സ്‌കൂളുകൾ അടച്ചിടുകയും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നയം രാജ്യവ്യാപകമായി ഒരുപോലെ നടപ്പാക്കിയിട്ടില്ല.

അതേസമയം, കഴിഞ്ഞ ബുധനാഴ്‌ച്ച ഫ്രാൻസിൽ 23,000 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അന്നേ ദിവസം ഇതിന്റെ ഇരട്ടിപേർക്കായിരുന്നു ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി വൈകിട്ട് 6 മണിക്ക് ശേഷം കർഫ്യൂ ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികൾ ഫ്രാൻസ് പരിഗണിക്കുന്നുണ്ട്. നിലവിൽ ഫ്രാൻസിന്റെ മിക്ക ഭാഗങ്ങളിലും രാത്രി 8 മണിക്ക് ശേഷമാണ് കർഫ്യൂ ഉള്ളത്.

എന്നിരുന്നാലും ഫ്രാൻസിൽ സ്‌കൂളുകൾ അടച്ചിട്ടേക്കില്ല. പകരം സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വ്യാപകമായ രോഗപരിശോധന നടത്തും. പുതിയ ഇനം വൈറസ് കുട്ടികളിൽ അതിവേഗം പടർന്ന് പിടിക്കും എന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ നടപടി. അതേസമയം ജർമ്മനിയിൽ 16 സംസ്ഥാനങ്ങളിൽ പത്തിലും ആശുപത്രി സംവിധാനങ്ങൾക്ക് ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി എന്ന റിപ്പോർട്ടുകളുണ്ട്. ഇന്റൻസീവ് കെയർ യൂണിറ്റുകൾക്കും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP