Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

500 കടന്ന മരണങ്ങളുമായി ബ്രിട്ടീഷ് കോവിഡ് മുൻപോട്ട്; ദിവസ രോഗികളുടെ എണ്ണം 16,000 ത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം മാത്രം ബാക്കി; വാക്സിനേഷൻ പ്രതീക്ഷയിൽ ബ്രിട്ടീഷുകാർ

500 കടന്ന മരണങ്ങളുമായി ബ്രിട്ടീഷ് കോവിഡ് മുൻപോട്ട്; ദിവസ രോഗികളുടെ എണ്ണം 16,000 ത്തിലേക്ക് താഴ്ന്നതിന്റെ ആശ്വാസം മാത്രം ബാക്കി; വാക്സിനേഷൻ പ്രതീക്ഷയിൽ ബ്രിട്ടീഷുകാർ

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 504 കോവിഡ് മരണങ്ങളാണ്. ഇതുൾപ്പടെയുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് നവംബറിലെ ലോക്ക്ഡൗണിന് ശേഷം കോവിഡിന്റെ രണ്ടാം വരവിന്റെ ശക്തി കുറഞ്ഞു വരുന്നു എന്നുതന്നെയണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതിരുന്ന 15 കാരനായ ഒരു കൗമരക്കാരൻ ഉൾപ്പടെ ഇന്നലെ മരണമടഞ്ഞത് 504 പേരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രേഖപ്പെടുത്തപ്പെട്ട 521 മരണങ്ങൾ എന്നിതിൽ നിന്നും നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം രോഗവ്യാപന ചാപം സ്ഥിരമായി താഴേക്ക് തന്നെയാണ് പോയ്ക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്നലെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 16,298 ആയിരുന്നു. കഴിഞ്ഞയാഴ്‌ച്ചയിൽ ഇത് 16,022 ആയിരുന്നു. ഇക്കാര്യത്തിൽ നേരിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പൊതുവേ കോവിഡിന്റെ ശക്തി ക്ഷയിച്ചു വരുന്നു എന്നതിന്റെ സൂചനകളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിക്കുന്നത്. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി ഇന്നലെ വെളിപ്പെടുത്തിയത് തുടർച്ചയായ നാലാമത്തെ ആഴ്‌ച്ചയും ആർ നിരക്ക് താഴേക്ക് പോയി എന്നാണ്. ഇപ്പോൾ അത് 0.8 നേക്കാൾ കുറവാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപന തോത് കാര്യമായി കുറഞ്ഞു വരുന്നതായും ശാസ്ത്രോപദേശക സമിതി വെളിപ്പെടുത്തി.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ കഴിഞ്ഞ മാസത്തിൽ രോഗവ്യാപനം പകുതിയായി കുറഞ്ഞിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ പ്രതിദിനം47,700 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നപ്പോൾ, അവസാനവാരത്തിലെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 25,700 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നതിന് ഇതും ഒരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നവംബർ 28 ലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ 5,21,300 പേർക്കാണ് കോവിഡ് ബാധയുള്ളത്. രണ്ടാഴ്‌ച്ചകൾക്ക് മുൻപ് ഇത് 6,65,000 ആയിരുന്നു.

കോവിഡ് സിംപ്ടം സ്റ്റഡി പ്രത്യേകം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഒക്ടോബർ അവസാനം പ്രതിദിനം 44,000 പേർക്ക് കോവിഡ് ബാധയുണ്ടായപ്പോൾ നിലവിൽ അത് 15,845 പേർക്ക് മാത്രമാണെന്നാണ്. ഒ എൻ എസ്സിന്റെ കണക്കുമായി ഈ കണക്കിന് പൊരുത്തക്കേടുണ്ടെങ്കിലും, ഇതും കാണിക്കുന്നത് രോഗ്യ വ്യാപന നിരക്ക് കുറഞ്ഞുവരുന്നു എന്നുതന്നെയാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇന്നലെ വെളിപ്പെടുത്തിയത് വടക്കൻ ഇംഗ്ലണ്ടിലെ എല്ലാ ലോക്കൽ അഥോറിറ്റി മേഖലകളിലും രോഗവ്യാപനം കുറഞ്ഞു വരുന്നുണ്ട് എന്നു തന്നെയാണ്. ഈ മേഖലകളിൽ മിക്കയിടങ്ങളിലും ടയർ 3 നിയന്ത്രണങ്ങൾ നിലനിൽക്കുന്നു.

ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറാൻ ഒരുങ്ങുന്നതിനിടയിലാണ് ഇത്രയും ശോഭനമായ വാർത്തകൾ കൂടി എത്തുന്നത്. ഇന്നലെ ബെൽജിയത്തിൽ നിന്നും ടക്കുകളിൽ ബ്രിട്ടനിലേക്കുള്ള ആദ്യ വാക്സിൻ ലോഡ് എത്തിച്ചേർന്നു. അതേസമയം, നവംബർ 5 ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗൺ ഫലം കണ്ടു എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

ആശങ്കയുണർത്തി പ്രൈമർക്കിനു മുന്നിൽ നീളുന്ന ക്യു

ഡിസംബർ 2 ന് ദേശീയ ലോക്ക്ഡൗൺ അവസാനിച്ചതോടെ പ്രവർത്തന സമയം നീട്ടിയ പ്രൈമാർക്കിനു മുന്നിൽ നീളുന്ന ക്യു വീണ്ടും മറ്റൊരു കോവിഡ് ബാധയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയുയരുന്നു. സ്റ്റോറുകൾക്കുള്ളിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സ്റ്റോറുകൾക്ക് പുറത്ത് ക്യു നീളുന്നത്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കൾ കൂടുതൽ സമയം ചെലവഴിക്കും എന്നതിനാലാണ് ഇങ്ങനെ ക്യു നീളുന്നത്. തിരക്ക് കുറയ്ക്കുവാനായാണ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതെങ്കിലും വിപരീത ഫലമാണ് ഈ തീരുമാനം നൽകുന്നത്.

വസ്ത്ര രംഗത്ത് ഏറെ ജനപ്രീതിയാർജ്ജിച്ച പ്രൈമാർക്കിന് ഓൺലൈൻ ഷോപ്പിങ് ഇല്ലാത്തതും ഈ തിരക്കിന് കാരണമാകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുവാദമില്ലാതിരുന്നതിനാൽ, പ്രൈമാർക്ക് ഉപഭോക്താക്കൾക്ക് കഴിഞ്ഞ ഒരു മാസമായി സാധനങ്ങൾ വാങ്ങുവാൻ കഴിഞ്ഞിരുന്നില്ല. പല സ്റ്റോറുകളിലും രണ്ട് മണിക്കൂർ വരെ കാത്തുനിന്നതിനു ശേഷമാണ് ഉള്ളിലേക്ക് കടക്കുവാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP