Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ലോക്ഡൗൺ യു കെയിൽ കോവിഡ് തടയാൻ സഹായകമായെന്ന് റിപ്പോർട്ട്; നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായേക്കും; ഏഴു ലക്ഷം പേരെങ്കിലും ദാരിദ്ര്യത്തിലേക്ക്

ലോക്ഡൗൺ യു കെയിൽ കോവിഡ് തടയാൻ സഹായകമായെന്ന് റിപ്പോർട്ട്; നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായേക്കും; ഏഴു ലക്ഷം പേരെങ്കിലും ദാരിദ്ര്യത്തിലേക്ക്

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനം തുടങ്ങിയ നാൾ മുതൽ ശാസ്ത്രലോകം പറയുന്ന ഒരു കാര്യമുണ്ട്, രോഗവ്യാപനം തടയുവാൻ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതുമാത്രമാണ് അറിഞ്ഞതിൽ വച്ച് ഏറ്റവും നല്ല വഴിയെന്ന്. അത്തരത്തിൽ സമ്പർക്കത്തിന്റെ തോത് കുറയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ലോക്ക്ഡൗൺ മാത്രമാണെന്ന് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയുകയും ചെയ്തിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇംഗ്ലണ്ടിലെ വർത്തമാനകാല സാഹചര്യം. രണ്ടാം ദേശീയ ലോക്ക്ഡൗണിന് ശേഷം രോഗവ്യാപന തോത് മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിൽ ഏറ്റവുമധികം രോഗവ്യാപനമുണ്ടായ മേഖലകളിൽ ഇപ്പോൾ രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞുവങ്കിലും, രാജ്യവ്യാപകമായി നോക്കിയാൽ ഇപ്പോഴും രോഗവ്യാപനം തുടരുകയാണ്. ഇനിയും സാധാരണ നിലയിലേക്ക് തിരിച്ചുപോകാനുള്ള ഒരു സാഹചര്യം ഇംഗ്ലണ്ടിൽ ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നത്. ഇംപീരിയൽ കോളേജ് ലണ്ടൻ നവംബർ 13 മുതൽ 24 വരെ 1 ലക്ഷം പേരിൽ നടത്തിയ രോഗപരിശോധനയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് (ആർ നിരക്ക് 0.88 ആയി കുറഞ്ഞു എന്ന് ഈ പഠനത്തിൽ വെളിപ്പെട്ടു. അതായത്, രോഗിയായ ഒരാളിൽ നിന്നും ശരാശരി ഒന്നിൽ താഴെ ആളുകളിലേക്ക് മാത്രമേ ഇപ്പോൾ രോഗ പടരുന്നുള്ളു. അല്ലെങ്കിൽ, 10 രോഗികളിൽ നിന്ന് 8 പേരിലേക്ക് മാത്രമാണ് ഇപ്പോൾ രോഗം പകരുന്നത്. രോഗവ്യാപനനിരക്ക് കുറയുന്നു എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പ്രാവശ്യം പഠനം നടത്തിയതിനും നവംബർ 13-24 കാലാവധിക്കും ഇടയിൽ രോഗവ്യാപനത്തിൽ 30% കുറവുണ്ടായതായി ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനു മുൻപായി, പരിശോധന നടത്തിയ ഒക്ടോബർ അവസാനത്തിൽ, ഓരോ ഒമ്പത് ദിവസങ്ങളിലും രോഗവ്യാപന നിരക്ക് ഇരട്ടിയാകുകയായിരുന്നു എന്നതോർക്കണം. രോഗവ്യാപനം എറ്റവും ശക്തമായിരുന്നു വടക്ക് പടിഞ്ഞാറൻ, വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇപ്പോൾ രോഗവ്യാപനം പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്. നിലവിൽ ഈസ്റ്റ് മിഡ്ലാൻഡ്സിലും വെസ്റ്റ് മിഡ്ലാൻഡ്സിലുമാണ് രോഗവ്യാപനം കൂടുതലുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

കോവിഡ് കേവലം ഒരു ആരോഗ്യ പ്രശ്നമല്ല എന്ന് തെളിയിച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ടുകൂടി ഇതിനിടയിൽ പുറത്തുവന്നു. 1,20,000 കുട്ടികൾ ഉൾപ്പടെ 7 ലക്ഷത്തിലധികം പേർ ഈ പ്രതിസന്ധിയിൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി എന്നാണ് ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡിന്റെ സാമ്പത്തിക രംഗത്തെ പ്രഹരമാണിതെന്ന് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നു. അതേസമയം മറ്റൊരു 7 ലക്ഷം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോകാതെ ചാൻസലറുടെ താത്ക്കാലിക നടപടികൾ സഹായിച്ചു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആവിഷ്‌കരിച്ച, യൂണിവേഴ്സൽ ക്രെഡിറ്റിൽ പ്രതിവാരം 20 പൗണ്ട് അധികം നൽകുന്ന പദ്ധതിയാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്. ഇതോടെ നിലവിൽ ബ്രിട്ടനിൽ 15 ദശലക്ഷം പേരാണ് ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ ആയത്. അതായത് ബ്രിട്ടന്റെ ജനസംഖ്യയുടെ 23 ശതമാനം പേർ ഇപ്പോൾ ദരിദ്രരാനെന്നർത്ഥം. ഈ പഠനം നടത്തിയ ലെഗാറ്റം ഇൻസ്റ്റിറ്റിയുട്ട് ചീഫ് എക്സിക്യുട്ടീവും കൺസർവേറ്റീവ് പാർട്ടി സഹയാത്രികയുമായ ഫിലിപ്പാ സ്ട്രൗഡ് പറയുന്നത് ദാരിദ്ര്യ നിർമ്മാർജനത്തിനായി ഒരു സമഗ്ര പദ്ധതിയാണ് ഈ സാഹചര്യത്തിൽ ആവശ്യമെന്നാണ്.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മുറവിളികൂട്ടുന്ന മറ്റ് അനേകം പേർക്കൊപ്പം ശ്രീമതി സ്ട്രൗഡും ആവശ്യപ്പെടുന്നത് താത്ക്കാലികമായി വർദ്ധിപ്പിച്ച യൂണിവേഴ്സൽ ക്രെഡിറ്റ് അത് അവസാനിക്കുന്ന 2021 ഏപ്രിലിനു ശേഷം വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാണ്. ഇതിനെ കുറിച്ച് ആലോചിച്ച് ജനുവരിയിൽ ഒരു തീരുമാനമെടുക്കുമെന്നാണ് സർക്കാർ പറയുന്നത്. ഹോസ്പിറ്റാലിറ്റി, റീടെയ്ൽ മേഖലകളിൽ, താരതമ്യേന കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന യുവാക്കളായ തൊഴിലാളികളേയാണ് സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിച്ചത്.

പുതിയതായി ദാരിദ്ര്യരേഖയ്ക്ക് കീഴിൽ വന്ന 7 ലക്ഷം പേരിൽ പകുതിയോളം പേർക്ക് ദാരിദ്ര്യ രേഖയിലും 25% താഴെ മാത്രമാണ് വരുമാനമുള്ളത്. 1,60,000 പേർക്ക് 35 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിൽ താഴെയാണ് വരുമാനം. 2,70,000 പേർക്ക് ദാരിദ്ര്യ രേഖയിലും 50% താഴെമാത്രമാണ് വരുമാനമുള്ളത്. അതായത് 2,70,000 പേർ തീവ്ര ദാരിദ്യം അനുഭവിക്കുന്നു എന്ന് ചുരുക്കം. കോവിഡ് പ്രതിസന്ധിക്ക് മുൻപായി ദാരിദ്യരേഖയ്ക്ക് മുകളിൽ ഉണ്ടായിരുന്ന പല കുടുംബങ്ങളും തൊഴിൽ നഷ്ടം മൂലവും വേതനത്തിൽ കുറവു വന്നതിനാലും ദാരിദ്യരേഖയ്ക്ക് താഴെ എത്തിയിട്ടുണ്ട്.

നിലവിൽ, ബ്രിട്ടന്റെ ശരാശരി വരുമാനത്തിന്റെ 60% താഴെയുള്ളവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. അതായത്, മാതാപിതാക്കളിൽ ഒരാളും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് പ്രതിവാരം 325 പൗണ്ടും, മാതാപിതാക്കളും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന് പ്രതിവാരം 439 പൗണ്ടും പ്രായമായ ദമ്പതിമാർക്ക് പ്രതിവാരം 239 പൗണ്ടും ആണ് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തുവാൻ ആവശ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP