Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കോവിഡ്കാല സേവനങ്ങൾക്ക് ആരോഗ്യപ്രവർത്തകരോട് കൃതജ്ഞത പ്രകാശിപ്പിച്ച് സ്‌കോട്ടലാൻഡ്; സ്‌കോട്ട്ലാൻഡിലെ ആരോഗ്യ പ്രവർത്തകർക്ക് 500 പൗണ്ട് ക്രിസ്ത്മസ്സ് ബോണസ്

കോവിഡ്കാല സേവനങ്ങൾക്ക് ആരോഗ്യപ്രവർത്തകരോട് കൃതജ്ഞത പ്രകാശിപ്പിച്ച് സ്‌കോട്ടലാൻഡ്; സ്‌കോട്ട്ലാൻഡിലെ ആരോഗ്യ പ്രവർത്തകർക്ക് 500 പൗണ്ട് ക്രിസ്ത്മസ്സ് ബോണസ്

സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് അനുഷ്ഠിച്ച നിസ്സീമമായ സേവനങ്ങൾക്ക് അംഗീകാരമായി എല്ലാ എൻ എച്ച് എസ് ജീവനക്കാർക്കും അഡൾട്ട് സോഷ്യൽ കെയർ വർക്കർമാർക്കും 500 പൗണ്ട് വീതം ക്രിസ്ത്മസ്സ് ബോണസ്സായി നൽകാൻ സ്‌കോട്ട്ലാൻഡ് സർക്കാർ തീരുമാനിച്ചു. സ്‌കോട്ട്ലാൻഡ് നാഷണൽ പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൺ നടത്തിയത്. ഈ ബോണസ്സ് നൽകുവാനുള്ള അധികാരം സ്‌കോട്ടിഷ് സർക്കാരിനുണ്ടെങ്കിലും, ഇത് നികുതിവിമുക്തമാക്കുവാനുള്ള അധികാരം സ്‌കോട്ടിഷ് സർക്കാരിനില്ല. അതുകൊണ്ട്തന്നെ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കാൻ ഫസ്റ്റ് മിനിസ്റ്റർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നന്ദി സൂചകമായി സ്‌കോട്ട്ലാൻഡ് സർക്കാർ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഉത്സവകാല ബോണസ്സിലെ ഓരോ പെന്നിയും അവർക്ക് തന്നെ അനുഭവിക്കാൻ കഴിയും വിതം ഈ തുകയ്ക്ക് നികുതി ഒഴിവാക്കണമെന്ന് സ്റ്റർജിയോൺ ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു. കൃതജ്ഞതാ സൂചകമായി നൽകുന്ന ഈ ബോണസ്സ്, പാർട്ട് ടൈം ജീവനക്കാർക്കും അവർ ജോലിചെയ്ത മണിക്കൂറുകളുടെ അനുപാതത്തിൽ ലഭിക്കും. മൊത്തം 3,91,000 ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

ഈ തുക ഈ സാമ്പത്തിക വർഷം തന്നെ നൽകുമെന്നും ഇത് വൈകിപ്പിക്കാൻ ഒരു അവസരവും നൽകില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. അതേസമയം, ഈ തുക നൽകുക വഴിമാത്രം ആരോഗ്യപ്രവർത്തകരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും നമ്മുടെ ജീവന് നമ്മൾ ആരോഗ്യ പ്രവർത്തകരോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയുവാനുള്ള ഒരു ശ്രമം മാത്രമാണിതെന്നും അവർ പറഞ്ഞു. ഏകദേശം 180 മില്ല്യൺ പൗണ്ട് ചെലവു വരുന്നതാണ് ഈ പദ്ധതി എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ ഒരു ധനസഹായം കൊണ്ട് ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിനും സേവനത്തിനും ഉള്ള പ്രതിഫലം നൽകാനാവില്ല എന്ന് സ്‌കോട്ടിഷ് ലേബർ പാർട്ടി നേതാവ് റിച്ചാർഡ് ലിയോനാർഡ് പറഞ്ഞു. വർഷങ്ങളായി അർഹിക്കുന്ന ശമ്പളം ലഭിക്കാത്തതുൾപ്പടെ ഈ മേഖലയിലെ ജീവനക്കാർ നേരിടുന്ന കഷ്ടങ്ങൾക്ക് ഈ തുക പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരത്തിൽ അത്യാവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാവർഷവും ശമ്പള വർദ്ധനവ് ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനു പുറമേ സ്‌കൂൾ വിട്ടുപോയവർക്ക് ഐ.ടി, കെട്ടിട നിർമ്മാണം, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടാൻ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമികൾ നടപ്പിലാക്കുമെന്നും സ്റ്റർജിയോൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. പ്രതിവാരം 100 പൗണ്ട് ഈ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള 1200 പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടുതൽ സ്ഥാപനങ്ങൾ അപ്രന്റീസുമാരെ നിയമിക്കുന്നത് പ്രോത്സഹിപ്പിക്കുന്നതിനായി 15 മില്ല്യൺ പൗണ്ടിന്റെ ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP