Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തിയറ്റർ പുതുക്കി പണിയുന്നതിന് മുമ്പ് മണ്ണ് കുഴിച്ച് പരിശോധിച്ച പുരാവസ്തു ഗവേഷകർ ആ കാഴ്ച കണ്ട് ഞെട്ടി; ഒരു പാത്രം നിറയെ സ്വർണ നാണയങ്ങൾ: അപൂർവ്വ നിധി ശേഖരം അഞ്ചാം നൂറ്റാണ്ടിലേതെന്ന് ഗവേഷകർ

തിയറ്റർ പുതുക്കി പണിയുന്നതിന് മുമ്പ് മണ്ണ് കുഴിച്ച് പരിശോധിച്ച പുരാവസ്തു ഗവേഷകർ ആ കാഴ്ച കണ്ട് ഞെട്ടി; ഒരു പാത്രം നിറയെ സ്വർണ നാണയങ്ങൾ: അപൂർവ്വ നിധി ശേഖരം അഞ്ചാം നൂറ്റാണ്ടിലേതെന്ന് ഗവേഷകർ

സ്വന്തം ലേഖകൻ

മിലാൻ: സ്മാരകമായി നിലനിർത്തിയ ഇറ്റാലിയൻ തിയറ്റർ പുതുക്കി പണിയുന്നതിന് മുന്നേ പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിൽ ലഭിച്ചത് വമ്പൻ നിധി ശേഖരം. വടക്കൻ ഇറ്റലിയിൽ സ്വിറ്റ്‌സർലൻഡുമായി അതിർത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്ത് നിന്നാണ് അതുല്യമായ നിധി ശേഖരം ലഭിച്ചത്. 19-ാം നൂറ്റാണ്ടിൽ നൃത്ത സംഗീത പരിപാടികൾ നടത്തുന്നതിന് നിർമ്മിച്ച ക്രസ്‌നി എന്ന തിയറ്ററിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മണ്ണെടുത്തപ്പോഴാണ് പാത്രത്തിൽ കുഴിച്ചിട്ട നിലയിൽ സ്വർണ നാണയങ്ങൾ ലഭിച്ചത്.

ഇറ്റാലിയൻ സാംസ്കാരിക വകുപ്പ സ്മാരകമായി നിലനിർത്തിയ തിയറ്റർ പുതുക്കി പണിയുന്നതിന് മുമ്പ് തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു. അവർ മൊത്തം കുഴിച്ചു മറിച്ചു പരിശോധിക്കുന്നതിനിടെയാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്. നീളത്തിലുള്ള ഒരു തരം മൺപാത്രമാണിത്. ഇരുവശത്തും രണ്ടു പിടികളുമുണ്ടാകും. പഴയ കാലത്ത് റോമിൽ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാൻ ഉപയോഗിച്ചതായിരുന്നു ഇത്.

പാത്രം പുറത്തെടുത്ത് പരിശോധിച്ച പുരാവസ്തു ഗവേഷകർക്കു ആംഫോറയ്ക്കുള്ളിൽ നിന്നും നൂറുകണക്കിനു സ്വർണനാണയങ്ങൾ ലഭിക്കുക ആയിരുന്നു. റോമൻ ഇംപീരീയൽ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്. അതായത് അഞ്ചാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്നവ. പാത്രത്തിലായതിനാൽത്തന്നെ കാലമിത്രയായിട്ടും നാണയങ്ങൾക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല. നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയൻ സാംസ്‌കാരിക വകുപ്പ് പറയുന്നു. ഇവയുടെ മൂല്യവും നിർണയിക്കാനായിട്ടില്ല.

നിധി ലഭിച്ചതോടെ ഈ പ്രദേശം മുഴുവൻ കുഴിച്ച് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പുരാവസ്തു ഗവേഷകർ. ഇതാദ്യമായല്ല ഇറ്റലിയിൽ നിന്ന് അമ്പരപ്പിക്കുന്ന ഇത്തരം വാർത്തകളെത്തുന്നത്. ഏതാനും വർഷം മുൻപ് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. പാറ വീണു മരിച്ച നിലയിലായിരുന്നു അത്. ഇന്നത്തെ നേപ്പിൾസിനു സമീപമുള്ള പുരാതന നഗരം പോംപെയ്യുടെ അവശിഷ്ടങ്ങൾ ഗവേഷകർ പരിശോധിക്കുന്നതിനിടെയായിരുന്നു കണ്ടെത്തൽ.

പോംപെയ്യിൽ നിന്ന് അടുത്തിടെ ഒരു പഴയകാല പടക്കുതിരയുടെ അസ്ഥികൂടവും ഗവേഷകർ കണ്ടെത്തിയിരുന്നു. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഒരു കെട്ടിടവും മണ്ണിനടിയിൽ നേരത്തെ കണ്ടെത്തിയിരുന്നു. റോമിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിനു മണ്ണെടുക്കുന്നതിനിടെയായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP