Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 24,000 രോഗികളും 274 മരണവും; ആദ്യ ഘട്ടത്തേക്കാൾ സ്ഥിതി വഷളായതോടെ ക്രിസ്ത്മസ്സിനെ രക്ഷിക്കാൻ എങ്കിലും ലോക്ക്ഡൗൺ ആവശ്യപ്പെട്ട് വിദഗ്ദർ; ബ്രിട്ടണിൽ ഇക്കുറി പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 85,000 മരണങ്ങൾ

ഇന്നലെ 24,000 രോഗികളും 274 മരണവും; ആദ്യ ഘട്ടത്തേക്കാൾ സ്ഥിതി വഷളായതോടെ ക്രിസ്ത്മസ്സിനെ രക്ഷിക്കാൻ എങ്കിലും ലോക്ക്ഡൗൺ ആവശ്യപ്പെട്ട് വിദഗ്ദർ; ബ്രിട്ടണിൽ ഇക്കുറി പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 85,000 മരണങ്ങൾ

സ്വന്തം ലേഖകൻ

ന്നലെ ഒരൊറ്റ ദിവസം ബ്രിട്ടനിൽ 24,405 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 274 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ ആദ്യ വരവിന്റെ മൂർദ്ധന്യഘട്ടത്തിലെ അത്ര കഠിനമല്ലെങ്കിലും, രോഗവ്യാപനത്തിന്റെ വേഗത വളരെ കൂടുതലാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇതേരീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ, ശൈത്യകാലാവസാനത്തോടെ 85,000 പേരെങ്കിലും കോവിഡിന് കീഴടങ്ങി മരണം വരിക്കുമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗങ്ങളായ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടർന്ന്, ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് രോഗവ്യാപനം തടയാൻ ഒരേയൊരു മാർഗ്ഗം എന്നാണ് ഇവർ വാദിക്കുന്നത്. നിലവിലുള്ള ത്രീ ടയർ സമ്പ്രദായം ഒരു പരാജയമാണെന്നും ഇവർ പറയുന്നു. എന്നാൽ, ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഫലവത്താണോ എന്നറിയാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും എന്നാണ് ഉന്നതോദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ കോവിഡ് മൂർദ്ധന്യഘട്ടത്തെ മാതൃകയാക്കി ശാസ്ത്രോപദേശക സമിതി അംഗങ്ങൾ, ഒക്ടോബർ മാസത്തോടെ പ്രതിദിനം നൂറ് കോവിഡ് മരണങ്ങളെങ്കിലും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, നിലവിലെ സ്ഥിതി തുടർന്നാൽ, ഇതിലും ഭീകരമായിരിക്കും ശൈത്യകാലത്തെ അവസ്ഥ എന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഇപ്പോൾ തന്നെ പ്രതിദിന മരണ സംഖ്യ പ്രവചിച്ചതിന്റെ ഇരട്ടിയിൽ അധികമായിരിക്കുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, പ്രതീക്ഷിച്ചതിലും വേഗതയിലാണ് വൈറസ് പടരുന്നത് എന്നു കാണിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ടും ശാസ്ത്രോപദേശക സമിതി കഴിഞ്ഞയാഴ്‌ച്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരംപ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 75,000 ത്തിൽ അധികമാകാം. അതേസമയം, എൻ എച്ച് എസ് ആശുപത്രികളെല്ലാം അതിവേഗംരോഗികളെ കൊണ്ട് നിറയുകയാണ്. നവംബർ പകുതിയോടെ മിക്ക ആശുപത്രികളും അവയ്ക്ക് ഉൾക്കൊള്ളാവുന്നതിന്റെ പരമാവധി രോഗികളെ കൊണ്ട് നിറയും എന്നാണ് കണക്കാക്കുന്നത്.

എത്രയും പെട്ടെന്ന് ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുക മാത്രമാണ് ഈ വ്യാപനം തടയുവാനുള്ള ഏക മാർഗ്ഗമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. വ്യത്യസ്ത കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു ചേരാൻ കഴിയുന്ന, പബ്ബുകളും, റെസ്റ്റോറന്റുകളും ഉൾപ്പടെ സകല സ്ഥലങ്ങളും അടച്ചിടണം എന്ന് അവർ ആവശ്യപ്പെടുന്നു. മാതമല്ല, ഫ്രാൻസിൽ നടപ്പിലാക്കിയിരിക്കുന്നതുപോലെ, ജനങ്ങൾക്ക് എക്സർസൈസ് ചെയ്യുവാനോ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനോ ആയി ഒരു മണിക്കൂർ മാത്രം വീടിനു വെളിയിൽ പോകുവാൻ അനുവദിക്കുന്ന തരത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും ഇവർ പറയുന്നു.

അതേസമയം കാർലിസിൽ, ലോംഗ്ടൗൺ, ബ്രാംപ്ടൺ തുടങ്ങിയ ഇടങ്ങളിൽ നാളെ മുതൽ ടയർ 2 നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് ക്യൂമ്പ്രിയ കൗണ്ടി കൗൺസിൽ അറിയിച്ചു. ഈ ഭാഗങ്ങളിൽ രോഗവ്യാപനം വളരെയധികം വർദ്ധിച്ചതിനാലാണ് ഇത്തരമൊരു നടപടി എന്നും അധികൃതർ അറിയിച്ചു. ദേശീയ ശരാശരിയേക്കാൾ അധികമാണ് ഇവിടത്തെ രോഗവ്യാപന നിരക്ക്.

അതേസമയം, രോഗവ്യാപനത്തിന്റെ ശക്തി സൂചിപ്പിക്കുന്ന, വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1.6 ആയി ഉയർന്നു എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ആദ്യത്തെ ലോക്ക്ഡൗൺ പിൻവലിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണത്. ലണ്ടനിൽ ഇത് 2.8 വരെ എത്തിയിട്ടുണ്ടാകാം എന്നും അവർ പറയുന്നു. ആർ നിരക്ക് 1.6 എന്നു പറഞ്ഞാൽ, രോഗബാധയുള്ള 10 പേരിൽ നിന്നും പുതിയതായി 16 പേരിലേക്ക് രോഗം പകരാം എന്ന് സാരം. അതുപോലെ ആർ നിരക്ക് 2.8 എന്ന് പറഞ്ഞാൽ, രോഗബാധിതരായ 10 പേരിൽ നിന്നും 28 പേരിലേക്ക് രോഗം പകരാം എന്നും സാരം.

നിലവിൽ ടയർ 3 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള നോട്ടിങ്ഹാം, ലിവർപൂൾ, ഡോങ്കാസ്റ്റർ എന്നിവിടങ്ങളിൽ രോഗവ്യാപനം കാര്യമായി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, നിയന്ത്രണങ്ങൾ ഫലവത്താണോ എന്നറിയുവാൻ ചുരുങ്ങിയത് മൂന്നാഴ്‌ച്ച എങ്കിലും എടുക്കും എന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഒക്ടോബർ 14 നായിരുന്നു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇതുവരെ രണ്ടാഴ്‌ച്ച മാത്രമാണ് കടന്നുപോയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP