Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്നു മുതൽ സമ്പൂർണ്ണമായി അടച്ചിട്ട് ഫ്രാൻസ്; യൂറോപ്പിലെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ആളുകൾ പ്രതിഷേധവും ഉയർത്തി; കോവിഡ് രണ്ടാം വരവിൽ പിടിച്ചു നിൽക്കാനാവാതെ വെള്ളക്കാരുടെ രാജ്യങ്ങൾ

ഇന്നു മുതൽ സമ്പൂർണ്ണമായി അടച്ചിട്ട് ഫ്രാൻസ്; യൂറോപ്പിലെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ആളുകൾ പ്രതിഷേധവും ഉയർത്തി; കോവിഡ് രണ്ടാം വരവിൽ പിടിച്ചു നിൽക്കാനാവാതെ വെള്ളക്കാരുടെ രാജ്യങ്ങൾ

സ്വന്തം ലേഖകൻ

കൊറോണയുടെ രണ്ടാം വരവിൽ സ്ഥിതിഗതികൾ നിയന്ത്രണാധീനമായതോടെ ഫ്രാൻസിൽ, പ്രാദേശിക സമയം ഇന്ന് രാത്രി 8 മണിമുതൽ രണ്ടാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കും. കോറോണ വ്യാപനം തടയുവാനായി ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ ആണ് ഫ്രഞ്ച സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ന് രാത്രി, പ്രസിഡണ്ട് മാക്രോൺ ടെലിവിഷൻ ചാനലുകളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എന്നാൽ, ഈ സന്ദർഭത്തിൽ അദ്ദേഹം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോ എന്നത് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ, ഇപ്പോൾ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന ദേശീയ ലോക്ക്ഡൗൺ, യാത്രാവിലക്കുകൾ ഉൾപ്പടെയുള്ള കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന മാർച്ചിലെ ലോക്ക്ഡൗണിന്റെ അത്ര കർക്കശമാകില്ലെന്നാണ് ഫ്രാൻസിലെ പ്രധാന ടി വി ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ കോവിഡ് മരണനിരക്ക് അതിവേഗം ഉയരുകയാണ്. ഇന്നലെ വൈകീട്ട് വരെയുള്ള 24 മണിക്കൂർ സമയത്തിനിടെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 523 കോവിഡ് മരണങ്ങളാണ്. ഏപ്രിലിനുശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണിത്. അതിനോടൊപ്പം ഇന്നലെ 33,417 പേർക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് കൂടുതൽ കഠിനമായ തീരുമാനങ്ങൾ പ്രതീക്ഷിക്കണമെന്ന് ഫ്രാൻസ് ഇന്റീരിയർ മിനിസ്റ്റർ ജെരാൾഡ് ഡർമാനിൻ ഇന്നലെ പ്രസ്താവിച്ചത്. രണ്ടാം വരവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തന്നതിനെ കുറിച്ച് ആലോചിക്കാൻ മാക്രോൺ ഡിഫൻസ് കൗൺസിലിന്റെ രണ്ട് അടിയന്തര യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കുക, കർഫ്യൂ ഏർപ്പെടുത്തുക, യാത്രാ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോഴും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും എന്നു തന്നെയാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം രാത്രി ഒമ്പത് മണി കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ള പാരീസ്, സെയിന്റ് എറ്റീനെ, ലിയോൺ തുടങ്ങിയ നഗരങ്ങൾ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. യൂറോപ്പിലെ പല നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്. അതിൽ മിക്കതും അക്രമത്തിൽ കലാശിക്കുകയും ചെയ്തു. ഇറ്റലിയിലെ മിലാൻ, ടൂറിൻ നഗരങ്ങളിലെ പ്രക്ഷോഭം അക്രമത്തിൽ കലാശിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി കടകളും മറ്റു സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ രംഗത്തിറങ്ങിയ തീവ്ര വലതുപക്ഷ പ്രവർത്തകർ റോമിലും പൊലീസുമായി ഏറ്റുമുട്ടി. സ്പെയിനിലും പ്രതിഷേധം കനക്കുകയാണ്. ബാഴ്സിലോണയിൽ പ്രതിഷേധവുമായി പുറത്തിറങ്ങിയവർ, ചവറുകൊട്ടകൾ നിരത്തിൽ കൂട്ടിയിട്ട് തീകൊളുത്തി പ്രതിഷേധിച്ചു. കാനറി ദ്വീപുകൾ ഒഴിച്ചുള്ള പ്രദേശങ്ങളിൽ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിറ്റേന്നായിരുന്നു ഈ പ്രതിഷേധം.

ചുരുക്കത്തിൽ, കൊറോണയുടെ രണ്ടാം വരവ് യൂറോപ്പിൽ ഒരു ആരോഗ്യ പ്രശ്നമെന്നതിൽ കവിഞ്ഞ് ഒരു മാനസിക പ്രശ്നം കൂടി ആയി മാറിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങൾ മനുഷ്യരുടെ മനോനില തെറ്റിക്കുന്നു. ഉള്ളിൽ എരിയുന്ന കോപം സാവധാനം പ്രകടമാകാൻ തുടങ്ങിയിരിക്കുന്നു. അസ്വസ്ഥത അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ഭൂഖണ്ഡത്തിലാകമാനമായി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പല രാജ്യങ്ങളിലും തുറന്ന കലാപങ്ങൾക്ക് വഴിയൊരുക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്.

ഇറ്റലിയിൽ മാത്രം, ചുരുങ്ങിയത് ഒരു ഡസൻ നഗരങ്ങളിലെങ്കിലും അക്രമാസക്തമായ പ്രതിഷേധങ്ങൾ കഴിഞ്ഞയാഴ്‌ച്ച നടന്നു. മിലനിലും ടൂറിനിലുമൊക്കെ പൊതുഗതാഗത സംവിധാനങ്ങൾ വരെ നശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കടകൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. പൊലീസിനു നേരെയും ആക്രമണമുണ്ടായി. ചെക്ക് തലസ്ഥാനമായ പ്രേഗിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധം പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു.

നിയമത്തേയും അധികാരത്തേയും എന്നും ബഹുമാനിക്കുന്നതിൽ പേരുകേട്ട ജർമ്മനിയിൽ പോലും നിയന്ത്രണങ്ങൾക്കെതിരായി ജനം തെരുവിലിറങ്ങാൻ തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യവും, തൊഴിലും ആരോഗ്യവും എങ്ങനെയാണ് നഷ്ടപ്പെടുന്നത് എന്നതിനെകുറിച്ച് സത്യം തുറന്നുപറയുവാൻ ആവശ്യപ്പെട്ടാണ് ജർമ്മനിയിൽ ജനം തെരുവിൽ ഇറങ്ങിയിരിക്കുന്നത്. തൊട്ടടുത്ത് ഫ്രാൻസിലും സ്ഥിതി വിഭിന്നമല്ല. പാരിസ് ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം കത്തിയാളുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP