Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇന്നലെ മാത്രം 23,000 പുതിയ രോഗികൾ; ക്രിസ്മസ് ആഘോഷിക്കാൻ ഒരുമിച്ചാൽ കൂട്ടത്തോടെ ചത്തൊടുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ: വിന്റർ തുടങ്ങിയതോടെ ബ്രിട്ടണിൽ മരണഭീതിയും

ഇന്നലെ മാത്രം 23,000 പുതിയ രോഗികൾ; ക്രിസ്മസ് ആഘോഷിക്കാൻ ഒരുമിച്ചാൽ കൂട്ടത്തോടെ ചത്തൊടുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ: വിന്റർ തുടങ്ങിയതോടെ ബ്രിട്ടണിൽ മരണഭീതിയും

സ്വന്തം ലേഖകൻ

ക്രിസ്മസ് ആഘോഷത്തിനായി ജനങ്ങൾ ഒത്തുകൂടിയാൽ വൈറസ് പിടിപെട്ടു മരിക്കുമെന്ന പ്രൊഫസർ നീൽ ഫെർഗൂസണിന്റെ മുന്നറിയിപ്പിനു പിന്നാലെ ബ്രിട്ടനിൽ ഇന്നലെ 23,012 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 2482 കേസുകൾ അധികമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച 174 പേരുടെ മരണവും ബ്രിട്ടനിൽ ഉണ്ടായി. സ്‌കോട്ലന്റിലെയും വെയിൽസിലേയും നോർത്തേൺ അയർലന്റിലേയും കണക്കുകൾ കൂടി ചേർത്ത് വെള്ളിയാഴ്ച ഇത് 224 ആയിരുന്നു. ഇംഗ്ലണ്ടിൽ മാത്രം 141 പേരാണ് മരിച്ചത്.

വീടുകളിൽ ഒത്തുചേരുന്നതു സംബന്ധിച്ച് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഫലം കണ്ടില്ലെങ്കിൽ സ്‌കൂളുകളടക്കം അടച്ചു പൂട്ടിയുള്ള മാർച്ച് മാസക്കാലത്തെ ലോക്ക്ഡൗണിലേക്ക് രാജ്യത്തിന് പോവേണ്ടി വരുമെന്നും പ്രൊഫസർ ഫെർഗൂസൺ വ്യക്തമാക്കി. മാത്രമല്ല, ക്രിസ്മസും ന്യൂഇയറും അടക്കമുള്ള ആഘോഷക്കാലം കൂടി വരാനിരിക്കേ ഇത് ഏറെ നിർണായകമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കുന്നതിനുള്ള സന്ദർഭം കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷക്കാലം വരുന്നതിനാൽ തന്നെ, ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ രോഗവ്യാപനം അതിശക്തമാകുമെന്നും നിരവധി പേർ മരണത്തിനു കീഴടങ്ങുമെന്നും ബിബിസി റേഡിയോ 4നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുവാനാണ് സാധ്യത. അങ്ങനെയെങ്കിൽ അതിന്റെ വിലയും മെച്ചവും വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് ആഘോഷത്തിനായി കുടുംബങ്ങൾക്ക് ഒത്തുചേരുവാനുള്ള സാധ്യതയും ആലോചിച്ചിരുന്നു. എന്നാൽ ഇത് സാധാരണപോലെ ആകില്ലെന്ന് ഒരു മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടുകളിലുള്ളവർ കൂടിക്കലരുന്നത് കൃത്യമായി നിയന്ത്രിക്കുവാൻ സാധിക്കണം. എന്നാൽ ഇതുവരേയ്ക്കും അതു കൃത്യമായി പാലിക്കുന്നതു കാണുവാൻ സാധിച്ചിട്ടില്ലെന്ന് പ്രൊഫസർ ഫെർഗൂസൺ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച യുകെയിൽ 20,530 രോഗികളെയും 224 പേരുടെ മരണവുമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യവകുപ്പിൽ നിന്നുള്ള 150 കൊറോണ വൈറസ് ബാധിതർക്കൊപ്പം 16,171 കേസുകൾ കൂടി രേഖപ്പെടുത്തിയിരുന്നു. ലബോറട്ടറികളിലെ ടെസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം കാരണം വാരാന്ത്യത്തിൽ കണക്കുകൾ കുറവായിരിക്കുമെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

അതേസമയം, വിന്റർ സീസണിന്റെ തുടക്കത്തോടെ അടിയന്തിരമായ ചില മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ വേണമെന്ന് സൊസൈറ്റി ഫോർ അക്യൂട്ട് മെഡിസിൻ മുൻ പ്രസിഡന്റ് ഡോ. നിക്ക് സ്‌ക്രിവൻ മുന്നറിയിപ്പു നൽകുന്നു. വിന്റർ സീസണിൽ കാതലായ മാറ്റങ്ങൾ കൊണ്ടു വന്നില്ലെങ്കിൽ നിരവധി പേരെ മരണത്തിലേക്കു തള്ളിവിടാൻ അതു കാരണമായേക്കും. അടിയന്തിരമല്ലാത്ത ആരോഗ്യ പ്രവർത്തനങ്ങളും ചികിത്സകളും മാറ്റിവെക്കുകയാണ് വേണ്ടത്. ചെസ്റ്റർഫീൽഡ്, നോർത്താംപ്ടൺ, ന്യൂകാസിൽ, നോട്ടിങ്ഹാം എന്നിവിടങ്ങളിലെ എൻഎച്ച്എസ് ട്രസ്റ്റുകൾ അടിയന്തിരമല്ലാത്ത ചില പ്രവർത്തനങ്ങളെങ്കിലും നീട്ടിവെക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റോതർഹാം, ലിവർപൂൾ, ബ്രാഡ്‌ഫോർഡ്, പ്ലീമൗത്ത് എന്നിവയും സമാനമായ നടപടികൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

രോഗികൾക്ക് നേരത്തെ നൽകുവാൻ തീരുമാനിച്ചിരുന്ന ചികിത്സകൾ പരിമിതപ്പെടുത്തുകയല്ലാതെ ട്രസ്റ്റുകൾക്ക് മറ്റ് മാർഗമില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ആശുപത്രി കൺസൾട്ടന്റ്സ് കമ്മിറ്റി ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു. വിന്റർ സീസൺ കടന്നു വരുമ്പോൾ, പല ട്രസ്റ്റുകൾക്കും അവരുടെ സേവനങ്ങൾ നിയന്ത്രിക്കുന്നത് തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരിക്കാം, ഇത് സ്റ്റാഫുകൾക്കും രോഗികൾക്കും ആശങ്കയുണ്ടാക്കുവാനും ബാക്ക്‌ലോഗുകൾ വർദ്ധിക്കുവാനും ആരോഗ്യസ്ഥിതി വഷളാക്കുവാനും കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം ദി ഗാർഡിയനോട് പറഞ്ഞു.

കോവിഡ് വ്യാപനവും വിന്റർ സീസണും ഒരുമിച്ച് വരുന്നതിനാൽ തന്നെ ആരോഗ്യ സേവന മേഖലയിലെ മാറ്റങ്ങൾ അനിവാര്യമാണെന്നു കരുതുന്നതായും പ്രവർത്തനങ്ങൾ റദ്ദാക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിച്ച സൊസൈറ്റി ഫോർ അക്യൂട്ട് മെഡിസിൻ മുൻ പ്രസിഡന്റും കൺസൾട്ടന്റ് ഫിസിഷ്യനുമായ ഡോ. നിക്ക് സ്‌ക്രിവൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP