Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വെയിൽസിൽ സാധനങ്ങൾ വിൽക്കുന്നത് റേഷൻ അടിസ്ഥാനത്തിൽ; കർശന ലോക്ക്ഡൗൺ നടപ്പിലാക്കുന്നതോടെ വെയിൽസ് ഒറ്റപ്പെട്ടു; നോട്ടിങ്ഹാം സമ്പൂർണ്ണ നിയന്ത്രണത്തിലാവുമ്പോൾ സ്റ്റോക്കിലും കവൻട്രിയിലും ടയർ-2 നിയന്ത്രണങ്ങൾ; ബ്രിട്ടൺ കൊറോണയെ വീണ്ടും ഭയക്കുമ്പോൾ

വെയിൽസിൽ സാധനങ്ങൾ വിൽക്കുന്നത് റേഷൻ അടിസ്ഥാനത്തിൽ; കർശന ലോക്ക്ഡൗൺ നടപ്പിലാക്കുന്നതോടെ വെയിൽസ് ഒറ്റപ്പെട്ടു; നോട്ടിങ്ഹാം സമ്പൂർണ്ണ നിയന്ത്രണത്തിലാവുമ്പോൾ സ്റ്റോക്കിലും കവൻട്രിയിലും ടയർ-2 നിയന്ത്രണങ്ങൾ; ബ്രിട്ടൺ കൊറോണയെ വീണ്ടും ഭയക്കുമ്പോൾ

സ്വന്തം ലേഖകൻ

മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കരിദിനങ്ങളിലേക്ക് ബ്രിട്ടൻ വീണ്ടും തിരിച്ചു പോകുന്നു എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് പല നഗരങ്ങളിലും പട്ടണങ്ങളിലും കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗൺ ബ്രിട്ടണിൽ നിലവിൽ വന്നിരിക്കുന്നു. ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രതീക്ഷിച്ച് ജനങ്ങൾ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടി കൃത്രിമ ക്ഷാമം വരാതിരിക്കാനുള്ള മുൻകരുതലുകളും പലയിടങ്ങളിലും സർക്കാർ സ്വീകരിക്കുന്നുണ്ട്. വെയിൽസിലെ സൂപ്പർമാർക്കറ്റുകൾക്ക്, രാജ്യത്തിലെ 17 ദിവസത്തെ ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ സാധനങ്ങൾ മാത്രം വിൽക്കാനുള്ള കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

വസ്ത്രങ്ങൾ പോലുള്ള സാധനങ്ങൾ വിൽക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് സ്റ്റോറുകളോട് നിർദ്ദേശിക്കും. അതുപോലെ ആവശ്യകത മനസ്സിലാക്കി മറ്റു സാധനങ്ങളെ ക്രമീകരിക്കണമെന്നും ആവശ്യപ്പെടും. വെള്ളിയാഴ്‌ച്ച വൈകിട്ട് 6 മണിയോടെ ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ മിക്ക ചില്ലറവില്പന ശാലകളും അടച്ചുപൂട്ടേണ്ടതായി വരും. എന്നാൽ, ഓഫ്-ലൈസൻസ്, ഫാർമസികൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. എന്നാൽ, ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ, അത്യാവശ്യ വസ്തുക്കൾ എന്ന വിഭാഗത്തിൽ ഏതെല്ലാം സാധനങ്ങൾ ഉൾപ്പെടും എന്നതിനെ കുറിച്ച് ഒരു വ്യക്തത വരുത്താൻ സർക്കാരിനായിട്ടില്ല.

ഇംഗ്ലണ്ടിൽ പലയിടങ്ങളിലും നിലവിലുള്ള ടയർ-3 നിയന്ത്രണങ്ങളേക്കാൾ കർശനമാണ് വെയിൽസിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ. എക്സർസൈസ് പോലുള്ള ചില ആവശ്യങ്ങൾക്കല്ലാതെ വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മാത്രമല്ല, പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, അത്യവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ പൂർണ്ണമായും അടച്ചിടണം.അതേസമയം, ഇംഗ്ലണ്ടിലെ ടയർ 3 സംവിധാനത്തിൽ, ഭക്ഷണം വിളമ്പുന്ന പബ്ബുകൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്.

സ്‌കോട്ടലാൻഡും കൂടുതൽ കരശനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു എന്നാണ് സൂചനകൾ ലഭിക്കുന്നത്. കൃസ്ത്മസ്സ് കാലത്ത് ദൂരെയുള്ള കുടുംബാംഗങ്ങളെ സൂം മീറ്റിംഗിലൂടെ കാണാൻ തയ്യാറെടുക്കണമെന്ന ഒരു ഉയർന്ന വക്താവിന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. അതേ സമയം ഇംഗ്ലണ്ടിൽ ടയർ 2 നിയന്ത്രണങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്റ്റോക്ക്-ഓൺ-ട്രെന്റ്, കവൻട്രി, സ്ലോ എന്നിവിടങ്ങളിൽ ശനിയാഴ്‌ച്ച മുതൽ ടയർ-2 നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മാറ്റ് ഹോക്ക് ഇന്നലെ അറിയിച്ചു.

ഹെൽത്ത് സെക്രട്ടറി ഇന്നലെ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തോടെ ഇംഗ്ലണ്ടിലെ 7.5 ലക്ഷത്തോളം പേർ കൂടി ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ ബ്രിട്ടനിൽ ആകമാനം നാലര കോടിയോളം പേരാണ് നിലവിൽ നിയന്ത്രണങ്ങൾക്ക് വിധേയരായി ജീവിതം നയിക്കുന്നത്. അതുപോലെ, തുടർച്ചയായി രോഗവ്യാപന നിരക്കിൽ വർദ്ധനവ് ദൃശ്യമാകുന്നതിനാൽ, വാരിങ്ടണിൽ ടയർ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. നോട്ടിങ്ഹാമിലും ടയർ 3 നിയന്ത്രണങ്ങൾ ഉടൻ നിലവിൽ വന്നേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP