Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

അമ്മയുടെ മുലപ്പാലിന്റെ വാത്സല്യം നിഷേധിച്ചപ്പോൾ ആ കുഞ്ഞ് പുഷ്പം പൊലിഞ്ഞു; അന്ത്യ ചുംബനും നൽകാനുള്ള അവസരം പോലും പെറ്റമ്മയ്ക്ക് നിഷേധിച്ച് ഭരണ കൂടവും: ഫിലിപ്പൈൻസിൽ ജനിച്ച് മൂന്ന് മാസം കൊണ്ട് ഈ കുരുന്നും പെറ്റമ്മയും അനുഭവിച്ച നീതി നിഷേധം ലോകമനസാക്ഷിയുടെ തല കുനിപ്പിക്കുമ്പോൾ

അമ്മയുടെ മുലപ്പാലിന്റെ വാത്സല്യം നിഷേധിച്ചപ്പോൾ ആ കുഞ്ഞ് പുഷ്പം പൊലിഞ്ഞു; അന്ത്യ ചുംബനും നൽകാനുള്ള അവസരം പോലും പെറ്റമ്മയ്ക്ക് നിഷേധിച്ച് ഭരണ കൂടവും: ഫിലിപ്പൈൻസിൽ ജനിച്ച് മൂന്ന് മാസം കൊണ്ട് ഈ കുരുന്നും പെറ്റമ്മയും അനുഭവിച്ച നീതി നിഷേധം ലോകമനസാക്ഷിയുടെ തല കുനിപ്പിക്കുമ്പോൾ

സ്വന്തം ലേഖകൻ

ലോകത്ത് ഒരമ്മയ്ക്കും കുഞ്ഞിനും ഇത്രയും വലിയ നീതി നിഷേധം ഇനി ഒരിക്കലും ഉണ്ടാവരുതേ എന്നാണ് ഫിലിപ്പൈൻസിലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും ജീവിത കഥയറിഞ്ഞ ഓരോരുത്തരും ഇന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നത്. തൂക്ക കുറവുമായി ജനിച്ച കുഞ്ഞിന് പിറന്ന് ഒരു മാസം പിന്നിട്ടപ്പോൾ ഭരണകൂടം മുലപ്പാലിന്റെയും അമ്മചൂടിന്റെയും വാത്സല്യം നിഷേധിച്ചപ്പോൾ ജനിച്ച് മൂന്നാം മാസം കരുണയില്ലാത്ത ഈ ലോകത്തു നിന്നും അവൾ വിടവാങ്ങി. എന്നാൽ അവിടെയും മനസ്സലിവ് കാണിക്കാത്ത ഭരണകൂടം പെറ്റമ്മയ്ക്ക് അന്ത്യ ചുംബനത്തിനുള്ള അവസരം പോലും നിഷേധിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത കാട്ടി.

റെയ്‌ന മേ നാസിനോ എന്ന ഇരുപത്തിമൂന്നുകാരിയാണ് ലോകത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് ഇരയായത്. ജനിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് അവൾക്ക് സ്വന്തം മകളെ നഷ്ടമായത്. മുലപ്പാൽ എന്ന ആ കുഞ്ഞിന്റെ ജന്മാവകാശം ഭരണകൂടം നിഷേധിച്ചതാണ് അവളുടെ മരണത്തിലേക്ക് നയിച്ചത്. പെറ്റുവീണ കുരുന്നിനെ കൊലയ്ക്ക് കൊടുത്തിട്ടും മതിവരാത്ത സർക്കാർ അവളുടെ സംസ്‌കാര ചടങ്ങിൽ കൈവിലങ്ങുകളോടെയാണ് അമ്മയെ എത്തിച്ചത്. അവൾക്ക് അന്ത്യചുംബനം നൽകാൻ പോലും കൈവിലങ്ങുകൾ അഴിച്ചു നൽകാൻ പോലും അധികൃതർ തയ്യാറായില്ല.

സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് 2019 നവംബറിൽ മനിലയിൽ വച്ച് ഇടതുപക്ഷ പ്രവർത്തകയായ റെയ്‌ന മേ അറസ്റ്റിലാകുന്നത്. കഡമായ് എന്ന പട്ടിണിവിരുദ്ധ സംഘത്തിൽ അംഗമായ റെയ്‌ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കയ്യിൽവച്ചെന്ന് ആരോപിച്ചാണ് അറസ്്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോൾ റെയ്‌ന ഗർഭിണിയായിരുന്നു. തുടർന്ന് ജയിലിൽ വച്ച് റെയ്‌ന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മകൾക്ക് 'റിവർ' എന്ന പേരും നൽകി.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നാസിനോയെയും കുഞ്ഞിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദി നാഷനൽ യൂണിയൻ ഓഫ് പീപിൾസ് ലോയേഴ്‌സ് അപേക്ഷ നൽകി. രോഗം ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് 22 രാഷ്ട്രീയ തടവുകാരെ താൽക്കാലികമായി മോചിപ്പിക്കാനുള്ള പട്ടികയിൽ നാസിനോയും ഉൾപ്പെട്ടിരുന്നു. എന്നാൽ കോടതിയും അധികൃതരും നാസിനോയേയും കുഞ്ഞിനെയും പുറത്തുവിടാൻ തയാറായില്ല. ആശുപത്രിയിലോ മനിലയിലെ ജയിലിലോ കഴിയണമെന്നാണ് കോടതി ഉത്തരവിട്ടത്. നീതി ഉറപ്പാക്കേണ്ട കോടതി കണ്ണടച്ചതോടെ ആ കുഞ്ഞിന് അമ്മയിുൽ നിന്നും വേർ പിരിയേണ്ടി വരിക ആയിരുന്നു.

ജൂലൈ ഒന്നിനാണ് നാസിനോ പെൺകുഞ്ഞിന് ജന്മം നൽകിയത്. ജനിച്ചപ്പോൾ കുഞ്ഞിന് തൂക്കം കുറവായിരുന്നു. എന്നാൽ ജനിച്ച് കുറച്ചു ദിവസത്തിനു ശേഷം തന്നെ നാസിനോയേയും മകളേയും ആശുപത്രിയിൽനിന്ന് ജയിലിലേക്ക് മാറ്റി. ഫിലിപ്പീൻസ് നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങൾ ഒഴികെ ജനിച്ച് ഒരു മാസം മാത്രമേ കുഞ്ഞിന് അമ്മയ്‌ക്കൊപ്പം ജയിലിൽ കഴിയാൻ അനുവാദമുള്ളൂ.

നാസിനോയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല. കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം കഴിയാൻ അനുവദിക്കണമെന്നും ഈ പ്രായത്തിൽ മുലപ്പാൽ കുഞ്ഞിന് അത്യാവശ്യമാണെന്നുമുള്ള ആവശ്യം പ്രതിഷേധക്കാരിൽ നിന്ന് ഉയർന്നിരുന്നു. നാസിനോയുടെ അമ്മ മകളുടെ മോചനം ആവശ്യപ്പെട്ട് നിരന്തരം കുഞ്ഞിന്റെ ഫോട്ടോയും എഴുത്തുകളും അധികാരികൾക്ക് അയച്ചെങ്കിലും യാതൊരു കനിവും അധികാരികളിൽ നിന്ന് ലഭിച്ചില്ല.

ഓഗസ്റ്റ് 13നാണ് കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപെടുത്തി നാസിനോയുടെ അമ്മയുടെ കൈവശം ഏൽപ്പിക്കുന്നത്. തുടർന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും സെപ്റ്റംബർ പകുതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ നില മോശമായിട്ടും അതിനെ ഒന്ന് കാണാൻ പോലും അധികൃതർ നാസിനോയെ അനുവദിച്ചില്ല. തുടർന്ന് രോഗം മൂർച്ഛിച്ച് ന്യുമോണിയ ബാധിച്ച് 'റിവർ' കഴിഞ്ഞാഴ്ച മരിച്ചു.

കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിലേക്ക് നാസിനോയെ എത്തിച്ചതും കൈവിലങ്ങ് അണിയിച്ചാണ്. വിലങ്ങ് ഒന്നഴിക്കാൻ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവർത്തകരും അധകൃതരോട് അപേക്ഷിച്ചു. എന്നാൽ അതൊന്നും അവർ ചെവിക്കൊണ്ടില്ല. കോവിഡ് പ്രതിരോധ വേഷം ധരിച്ചെത്തി ആയുധധാരികളായ പൊലീസുകാർക്ക് നടുവിൽ നിന്ന് നാസിനോ കുഞ്ഞിനെ കണ്ടു മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP